കൊൽക്കത്ത: കാർഷിക നിയമങ്ങളുടെ പേരിൽ കർഷകരെ കൊളളയടിക്കുന്ന നിലപാടാണ് ബിജെപിക്കും കേന്ദ്രസർക്കാരിനുമുളളതെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. നിയമം വഴി ബിജെപി കർഷകന്‍റെ വിളകളും വസ്‌തുകളും കൊളളയടിക്കുമെന്ന് മമത പറഞ്ഞു. പശ്ചിമബംഗാളിലെ പൂർബ ബർദ്ധമാന്‍റെ കൽനയിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു മമത ബാനർജി. പശ്ചിമബംഗാൾ സർക്കാർ കർഷകരിൽ നിന്ന് നേരിട്ട് ധാന്യങ്ങൾ വാങ്ങി അവരെ സഹായിക്കുന്നു. എന്നാൽ കേന്ദ്രസർക്കാർ അവരെ ഭീക്ഷണിപെടുത്താനും കൊളളയടിക്കാനുമാണ് ശ്രമിക്കുന്നുവെന്ന് മമത ബാനർജി പറഞ്ഞു.
സെപ്റ്റംബറിൽ പാർലമെന്‍റ് പാസാക്കിയ കാർഷിക നിയമങ്ങൾ സർക്കാർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് കർഷകർ രണ്ടുമാസത്തിലേറെയായി പ്രതിഷേധത്തിലാണ്. കൃഷിക്കാരുടെ സമരം ഭൂമി തട്ടിയെടുക്കുമെന്ന തെറ്റായ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണെന്ന് സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. കർഷകരും കേന്ദ്രസർക്കാർ പ്രതിനിധികളും തമ്മിൽ ഇതുവരെ 11 വട്ടം ചർച്ചകൾ നടത്തിയെങ്കിലും ഇതുവരെയും തീരുമാനങ്ങൾ ഒന്നും ആയിട്ടില്ല. പുതുതായി നടപ്പാക്കിയ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ കഴിഞ്ഞ വർഷം നവംബർ 26 മുതലാണ് ദേശീയ തലസ്ഥാനമായ ഡൽഹിയുടെ വിവിധ അതിർത്തികളിൽ കർഷകർ പ്രതിഷേധിക്കുന്നത്.