ജയ്‌പൂര്‍ : ഭാവിയിൽ സച്ചിൻ പൈലറ്റ് ബിജെപിയില്‍ ചേരുമെന്ന് പാർട്ടി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്‌ദുള്ളക്കുട്ടി. ''സച്ചിൻ പൈലറ്റ് നല്ല നേതാവാണ്, ഭാവിയിൽ അദ്ദേഹം ബി.ജെ.പിയിൽ ചേരുമെന്ന് ഞാൻ കരുതുന്നു" എന്ന് അബ്‌ദുള്ളക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
ബി.ജെ.പി മുസ്ലിങ്ങൾക്ക് എതിരാണെന്ന് ചിലർ തെറ്റായ പ്രചരണം നടത്തുകയാണ്. ഇത് നുണയാണ്. മുസ്ലിങ്ങളും ഹിന്ദുക്കളും ഒന്നാണെന്നും അവരുടെ ഡി.എൻ.എ ഒന്നാണെന്നും ആർ.എസ്.എസ് മേധാവി പറഞ്ഞിട്ടുണ്ട്. എല്ലാവരെയും കൂടെ കൊണ്ടുപോകുന്ന പാർട്ടിയാണ് ബി.ജെ.പിയെന്നും ഇതാണ് തത്വമെന്നും അദ്ദേഹം പറഞ്ഞു.
സച്ചിന്‍ ബി.ജെ.പിയില്‍ ചേരുമെന്ന അഭ്യൂഹം നിരവധി തവണ
സച്ചിന്‍ പൈലറ്റ് ബി.ജെ.പിയില്‍ ചേരാന്‍ പോകുന്നതായി നേരത്തേ നിരവധി തവണ അഭ്യൂഹങ്ങളുയര്‍ന്നിരുന്നു. 2020 ല്‍ അശോക് ഗെഹ്ലോട്ടുമായി കൊമ്പുകോര്‍ത്ത സച്ചിന്‍, പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേരുമെന്നാണ് ആദ്യ പ്രചരണം.
പിന്നാലെ, 2021 ജൂണില്‍ സച്ചിന്‍ ബി.ജെ.പിയില്‍ ചേരാന്‍ പോകുന്നതായുള്ള അവകാശവാദവുമായി ബി.ജെ.പി നേതാവ് റീത്ത ബഹുഗുണ ജോഷി രംഗത്തെത്തി.
താന്‍ സച്ചിനുമായി സംസാരിച്ചിരുന്നെന്നും അദ്ദേഹം ഉടന്‍ ബി.ജെ.പിയില്‍ ചേരുമെന്നുമായിരുന്നു റീത്തയുടെ പരാമര്‍ശം. ഇതിനെ തള്ളി സച്ചിന്‍ രംഗത്തെത്തി. തന്നോട് സംസാരിക്കാനുള്ള ധൈര്യം റീത്തയ്ക്കില്ലെന്നും സച്ചിന്‍ ടെന്‍ഡുല്‍ക്കറോടായിരിക്കും അദ്ദേഹം സംസാരിച്ചതെന്നും സച്ചിന്‍ പൈലറ്റ് പരിഹസിക്കുകയും ചെയ്തു.
ALSO READ: 'നുണകളുടെയും അഴിമതിയുടെയും തമോഗർത്തം' ; പിഎം കെയർ ഫണ്ടിനെ പരിഹസിച്ച് കോൺഗ്രസ്