ന്യൂഡൽഹി: ഇന്ത്യയിൽ 2014ൽ ബിജെപി സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം കേന്ദ്ര സർക്കാരിനെതിരെ നിരവധി എതിർപ്പുകളും ആരോപണങ്ങളും ഉയർന്നു വന്നിട്ടുണ്ടെങ്കിലും പ്രധാനമന്ത്രി മോദിക്കെതിരെ ഇത്രയും ശക്തമായ എതിർപ്പുകൾ ആദ്യമായാണ് ഉയരുന്നത്. രാജ്യത്തെ കൊവിഡ് സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ പ്രധാനമന്ത്രിക്കെതിരെ സമൂഹമാധ്യമങ്ങളിലും അന്താരാഷ്ട്ര മാധ്യമങ്ങളിലും കടുത്ത വിമർശനമാണ് ഉയരുന്നത്. ഈ വലിയ എതിർപ്പുകളെ നേരിടാൻ ഭരണകക്ഷിയായ ബിജെപി നിരന്തരം ശ്രമിക്കുകയാണ്.
Also read: രോഗമുക്തി കൂടുന്നു : ഇന്ത്യയ്ക്ക് നേരിയ ആശ്വാസം
അതേസമയം നരേന്ദ്രമോദിയെ വിമർശിക്കുന്നവർ അദ്ദേഹം നിസ്വാർത്ഥ കർമ്മയോഗിയെപ്പോലെയാണ് പ്രവത്തിക്കുന്നതെന്ന് അറിയണമെന്ന് ബിജെപി ദേശീയ വക്താവ് സുദേഷ് വർമ്മ പറയുന്നു. ഇതൊരു വലിയ മഹാമാരായാണെന്നും ജനങ്ങളെ അതിൽ നിന്നും കരകയറ്റാൻ പ്രധാനമന്ത്രി എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് രണ്ടാം തരംഗം ഇത്രവേഗം വരുമെന്ന് ആർക്കും അറിയില്ലായിരുന്നു. ഇത്തരം ഭീകരതകളെക്കുറിച്ച് ആരും ചിന്തിച്ചിട്ടില്ല. എന്നാൽ കൊവിഡിനെ നേരിടുന്നതിൽ സംസ്ഥാനങ്ങളുടെ പരാജയങ്ങളെക്കുറിച്ച് ആരും ചർച്ച ചെയ്യുന്നില്ല. പ്രധാനമന്ത്രിയെ വിമർശിക്കുന്ന സാഹചര്യങ്ങൾക്കെതിരെ രാജ്യം മുന്നോട്ട് പോകേണ്ടത് പ്രധാനമാണെന്നും പ്രധാനമന്ത്രിയെ വിമർശിക്കുന്നത് ഇപ്പോൾ യുക്തിസഹമല്ലെന്നും ബിജെപി ദേശീയ വക്താവ് കൂട്ടിച്ചേർത്തു.
രാജ്യത്തെ കൊവിഡ് സാഹചര്യം നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞടുപ്പുകൾക്ക് ശേഷമാണ് മോശമായതെന്ന് ജനങ്ങൾ ഒന്നടങ്കം പറയുന്നു. തീവ്ര ദേശീയതയും മതപരമായ നിരോധനങ്ങളും രാജ്യത്തെ കൊവിഡ് സാഹചര്യം വഷളാക്കിയെന്ന് പല അന്താരാഷ്ട്ര മാധ്യമങ്ങളും ഇതിനോടകം പ്രതികരിച്ചിട്ടുണ്ട്. കൂടാതെ പ്രതിപക്ഷ പാർട്ടികളും പ്രധാനമന്ത്രിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ട്.