ന്യൂഡല്‍ഹി: കൊവിഡ് പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഒരു ലക്ഷം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കുമെന്ന് ബിജെപി. ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പാര്‍ട്ടി അധ്യക്ഷന് സമര്‍പ്പിച്ചതായും ബിജെപി ജനറല്‍ സെക്രട്ടറി ഭുപേന്ദര്‍ യാദവ് അറിയിച്ചു. നാല് മണിക്കൂര്‍ നീണ്ട് നിന്ന അവലോകന ചര്‍ച്ചയില്‍ പാര്‍ട്ടിയുടെ എട്ട് ജനറല്‍ സെക്രട്ടറിമാരും പോഷക സംഘടനാ നേതാക്കളും പങ്കെടുത്തു.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ബിജെപി സേവ ഹി സംഗതന്‍ എന്ന ക്യാമ്പയിനും ആരംഭിച്ചതായി ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗ് അറിയിച്ചു. 1.71 ലക്ഷം ഗ്രാമങ്ങളിലും 60,000 നഗര പ്രദേശങ്ങളിലുമാണ് പാര്‍ട്ടി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. നാല് ലക്ഷത്തോളം വയോധികര്‍ക്കും പാവപ്പെട്ടവര്‍ക്കും മരുന്നുകള്‍ എത്തിച്ചു നല്‍കുന്നു. 1.26 കോടി മാസ്‌കുകളും 31 ലക്ഷം ഭക്ഷണ കിറ്റും 19 ലക്ഷം റേഷന്‍ കിറ്റും ഇതിനോടകം വിതരണം ചെയ്‌തതായും അദ്ദേഹം പറഞ്ഞു.
Read more: കൊവിഡ് രണ്ടാം തരംഗം: സാധ്യമായതെല്ലാം ചെയ്യുമെന്ന് മോദി
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പും പശ്ചിമ ബംഗാളിലെ അക്രമ സംഭവങ്ങളും യോഗം വിലയിരുത്തി. പശ്ചിമ ബംഗാളിലും തമിഴ്‌നാട്ടിലും പാര്‍ട്ടിയുടെ നില മെച്ചപ്പെടുത്താന്‍ സാധിച്ചതായി ഭുപേന്ദര്‍ യാദവ് പറഞ്ഞു. തമിഴ്‌നാട്ടില്‍ ബിജെപിക്ക് നാല് സീറ്റ് ലഭിച്ചു. ബംഗാളില്‍ രാഷ്ട്രീയ അക്രമങ്ങള്‍ തുടര്‍ക്കഥയായവുകയാണ്. ബംഗാളിലെ ജനങ്ങള്‍ക്കൊപ്പമാണ് പാര്‍ട്ടിയെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് പശ്ചാത്തലത്തില്‍ മോദി സര്‍ക്കാര്‍ ഏഴാം വാര്‍ഷിക ആഘോഷങ്ങള്‍ മാറ്റി വെച്ചിരുന്നു.