ഡെറാഡൂൺ : ക്ഷേത്രങ്ങളിൽ പോയി പ്രാർഥിക്കുന്നതിന്‍റെ ഗുണം രാഹുൽ ഗാന്ധിയെ പഠിപ്പിച്ചത് ബിജെപിയാണെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി നദ്ദ. കഴിഞ്ഞ ദിവസം ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുൽ ഗാന്ധി ഹരിദ്വാറിലെ ഹർ കി പൈരിയിൽ ദർശനം നടത്തുകയും പ്രാർഥിക്കുകയും ചെയ്‌തതിനെ പരിഹസിച്ചാണ് പ്രസ്‌താവന.
അടുത്തകാലത്തായി കോൺഗ്രസ് നേതാക്കൾ ക്ഷേത്രങ്ങളിൽ പോയി പ്രാർഥിക്കുന്നുണ്ട്. ഇതേ കപട വിശ്വാസികൾ തന്നെയാണ് രാമക്ഷേത്ര നിർമാണത്തിന് തടസം നിൽക്കുന്നത്. എന്നാൽ ഇവരെല്ലാം അവസാനം ക്ഷേത്രങ്ങളിൽ പോകാൻ പഠിച്ചത് ഞങ്ങളിൽ നിന്നാണ് എന്നതാണ് ഇതിന്‍റെ നല്ല വശം. ഇന്ത്യൻ സംസ്‌കാരത്തെ ഓർക്കുകയും ക്ഷേത്രങ്ങളിൽ പോകാൻ പഠിക്കുകയും ചെയ്‌തതിൽ സന്തോഷമുണ്ടെന്ന് ഉത്തരകാശിയിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്‌ത് നദ്ദ പറഞ്ഞു.
Also Read: പഞ്ചാബില്‍ 'മുഖ്യമന്ത്രി മുഖം' ചന്നി, പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി ; ആലിംഗനം ചെയ്‌ത് സിദ്ദു
ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും ഒരു കുടുംബത്തെ പോലും ഒഴിവാക്കാതെ ബിജെപി ഒറ്റയ്ക്ക് വികസനം കൊണ്ടുവരും. മറ്റ് പാർട്ടികൾ മോഹന വാഗ്‌ദാനങ്ങൾ നൽകി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച ശേഷം അവരുടെ ഖജനാവ് നിറക്കുകയും അവരവരുടെ കുടുംബത്തെ സേവിക്കുകയും ചെയ്യും. പക്ഷേ വികസനത്തെ കുറിച്ച് മാത്രം സംസാരിക്കില്ല.
ഗംഗോത്രിയോ യമുനോത്രിയോ ഉത്തർപ്രദേശോ ഉത്തരാഖണ്ഡോ ആകട്ടെ, വികസനം ബിജെപി സ്ഥാനാർഥികളാൽ മാത്രമേ സാധ്യമാകൂവെന്ന് ആത്മവിശ്വാസത്തോടെ ഉറപ്പുനൽകാമെന്നും നദ്ദ കൂട്ടിച്ചേര്‍ത്തു.