ഗാന്ധിനഗര്‍ : ഗുജറാത്തിനെ 2036ല്‍ ഒളിമ്പിക്‌സിന്‍റെ വേദിയാക്കുമെന്നതടക്കമുള്ള വാഗ്‌ദാനങ്ങള്‍ നല്‍കി പ്രകടന പത്രിക പുറത്തിറക്കി ബിജെപി. അധികാരത്തില്‍ വന്നാല്‍ മൗലികവാദ വിരുദ്ധസെല്‍ സ്ഥാപിക്കുമെന്നും ഏകീകൃത സിവില്‍ കോഡ് കമ്മിറ്റിയുടെ ശുപാര്‍ശകള്‍ നടപ്പാക്കുമെന്നും ബിജെപി വാഗ്‌ദാനം ചെയ്യുന്നു.
രാജ്യത്തിന് ഭീഷണി ഉയര്‍ത്തുന്ന തീവ്രവാദികളുടെ സ്ലീപ്പര്‍ സെല്ലുകളേയും ഇന്ത്യാവിരുദ്ധ ശക്തികളേയും കണ്ടെത്തി നശിപ്പിക്കുന്നതിന് വേണ്ടിയാണ് മൗലികവാദ വിരുദ്ധ സെല്‍ സ്ഥാപിക്കുന്നതെന്ന് ഗാന്ധിനഗറിലെ ബിജെപി ആസ്ഥാനത്ത് പ്രകടന പത്രിക പുറത്തിറക്കികൊണ്ട് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നെഡ്ഡ വ്യക്തമാക്കി.
അടുത്ത അഞ്ച് വര്‍ഷം കൊണ്ട് സ്‌ത്രീകള്‍ക്കായി ഒരു ലക്ഷം സര്‍ക്കാര്‍ ജോലികള്‍ സൃഷ്‌ടിക്കും. ഗുജറാത്തിനെ ഒരു ലക്ഷം കോടി യുഎസ് ഡോളര്‍ സമ്പദ്‌വ്യവസ്ഥയായി മാറ്റും. അഞ്ച് ലക്ഷം കോടിയുടെ വിദേശ നിക്ഷേപം ആകര്‍ഷിക്കും.
പ്രതിരോധ സാമഗ്രികളുടേയും ഏവിയേഷന്‍റെയും ഹബ്ബായി ഗുജറാത്തിനെ മാറ്റും. നഴ്‌സറി തലം മുതല്‍ ബിരുദാനന്തര ബിരുദം വരെയുള്ള പഠനം പെണ്‍കുട്ടികള്‍ക്ക് സൗജന്യമാക്കും. കോളജില്‍ പോകുന്ന അര്‍ഹതപ്പെട്ട പെണ്‍കുട്ടികള്‍ക്ക് സൗജന്യമായി ഇരുചക്ര വാഹനവും നല്‍കും.
പ്രായമായ സ്‌ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര. ആദിവാസി മേഖലകളില്‍ സഞ്ചരിക്കുന്ന റേഷന്‍ കടകള്‍. ജില്ല ആസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ആറ് വരി പാതകള്‍ എന്നിവയാണ് ബിജെപി പ്രകടന പത്രികയിലെ മറ്റ് ചില വാഗ്‌ദാനങ്ങള്‍.