ന്യൂഡല്‍ഹി: 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ബിജെപിക്ക് ലഭിച്ച വരുമാനം 1,917.12 കോടി രൂപ. ഇതില്‍ 1,033.7 കോടി രൂപ ഇലക്‌ട്രല്‍ ബോണ്ടിലൂടെയാണ് ലഭിച്ചത്. മൊത്തം ലഭിച്ച വരുമാനത്തില്‍ 50 ശതമാനത്തില്‍ ഏറെ വരും ഇത്. 2021-22 സാമ്പത്തികവര്‍ഷം ബിജെപി ചെലവഴിച്ചത് 854.46 കോടി രൂപയാണ്.
വരുമാനത്തിന്‍റെ കാര്യത്തില്‍ ബിജെപി കഴിഞ്ഞാല്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസാണ്. കോണ്‍ഗ്രസിന് 541.27 കോടി രൂപയാണ് 2021-22 സാമ്പത്തിക വര്‍ഷം ലഭിച്ചത്. ഇതില്‍ 400.41 കോടി രൂപ കോണ്‍ഗ്രസ് ചെലവഴിച്ചു.
സിപിഐക്ക് 2021-22 സാമ്പത്തിക വര്‍ഷം ലഭിച്ചത് 2.87 കോടി രൂപയാണ്. ചെലവഴിച്ചത് 1.18 കോടി രൂപയും. തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ വെബ്‌സൈറ്റില്‍ ഈ കണക്കുകള്‍ പ്രസിദ്ധീകരിച്ചു.
ഇലക്‌ട്രല്‍ ബോണ്ടിനെതിരെയുള്ള വിമര്‍ശനം: പേരുവിവരങ്ങള്‍ വെളിപ്പെടുത്താതെ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന ചെയ്യാന്‍ ഇലക്‌ട്രല്‍ ബോണ്ടിലൂടെ സാധിക്കും. ഇതിനെ പലരും വിമര്‍ശിച്ചിട്ടുണ്ട്. വലിയ ബിസിനസ് ഗ്രൂപ്പുകള്‍ക്ക് ഇങ്ങനെ രാഷ്‌ട്രീയത്തില്‍ സ്വാധീനം ചെലുത്താന്‍ സാധിക്കുമെന്നും അതിനാല്‍ ജനാധിപത്യം കൂടുതല്‍ ദുര്‍ബലമാകുമെന്നുമാണ് വാദം.
സിപിഎം, എഡിആര്‍, ചില എന്‍ജിഒകള്‍ എന്നിവ ഇലക്‌ട്രല്‍ ബോണ്ടുകള്‍ക്കെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ആരാണ് ഒരു രാഷ്‌ട്രീയ പാര്‍ട്ടിക്ക് സംഭാവന നല്‍കിയതെന്ന് ജനങ്ങള്‍ക്ക് അറിയാന്‍ സാധിക്കാത്ത സ്ഥിതി വിശേഷമാണ് ഇലക്‌ട്രല്‍ ബോണ്ട് ഉണ്ടാക്കുന്നതെന്നാണ് ഹര്‍ജികളില്‍ വാദിക്കുന്നത്. സ്വതന്ത്രമായ തെരഞ്ഞെടുപ്പുകള്‍ക്ക് വിഘാതം സൃഷ്‌ടിക്കുകയാണ് ഇലക്‌ട്രല്‍ ബോണ്ടുകള്‍ ചെയ്യുന്നതെന്നും വിമര്‍ശകര്‍ പറയുന്നു.
സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനും ഇലക്‌ട്രല്‍ ബോണ്ടില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് സംഭവാന നല്‍കുന്നതിന് വേണ്ടി മാത്രം ഷെല്‍ കമ്പനികള്‍ രൂപീകരിക്കുന്നതിനുള്ള സാധ്യത ഇലക്‌ട്രല്‍ ബോണ്ടുകള്‍ സൃഷ്‌ടിക്കുന്നു എന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ സത്യവാങ്‌മൂലത്തില്‍ പറയുന്നത്. എന്നാല്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കുള്ള സംഭാവന കൂടുതല്‍ സുതാര്യമാക്കുകയാണ് ഇലക്‌ട്രല്‍ ബോണ്ടുകള്‍ ചെയ്യുന്നത് എന്നാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വാദിച്ചത്. ഹര്‍ജികളില്‍ വിധി പറയുന്നത് വരെ ഇലക്‌ട്രല്‍ ബോണ്ടുകള്‍ സ്‌റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി നിരാകരിച്ചിരുന്നു. ഈ മാസം അവസാനത്തോടെ ഹര്‍ജികളില്‍ സുപ്രീംകോടതി വീണ്ടും വാദം കേള്‍ക്കും.