ബെംഗളൂരു : നിയമസഭ തെരഞ്ഞെടുപ്പിനോട് അടുക്കുന്ന സാഹചര്യത്തില്‍ നിരവധി രാഷ്‌ട്രീയ തന്ത്രങ്ങള്‍ക്ക് വേദിയാവുകയാണ് കര്‍ണാടക. നാമനിര്‍ദേശ പത്രിക സമര്‍പ്പണം ഇന്നലെ അവസാനിച്ചതോടെ ശക്തമായ പ്രചാരണ പരിപാടികളുമായി ഗോദയിലേക്ക് ഇറങ്ങിയിരിക്കുകയാണ് രാഷ്‌ട്രീയ നേതാക്കള്‍. ഇതിനിടെ, ഭരണ കക്ഷിയായ ബിജെപി ലിംഗായത്ത് വിരുദ്ധരാണെന്ന കോണ്‍ഗ്രസ് പ്രചാരണത്തിന് അതേ നാണയത്തില്‍ തിരിച്ചടിക്കാനാണ് ബിജെപി ശ്രമം. കര്‍ണാടകയില്‍ 'ലിംഗായത്ത് മുഖ്യമന്ത്രി' എന്ന പ്രചാരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി.
കര്‍ണാടകയില്‍ രാഷ്‌ട്രീയമായി ഏറെ സ്വാധീനമുള്ള വിഭാഗമാണ് ലിംഗായത്തുകള്‍. സംസ്ഥാന ജനസംഖ്യയുടെ 17 ശതമാനമാണ് ഈ സമുദായം. വടക്കന്‍ കര്‍ണാടകയിലാണ് പ്രധാനമായും ലിംഗായത്തുകളുടെ ശക്തി കേന്ദ്രങ്ങള്‍. അതിനാല്‍ തന്നെ വടക്കന്‍ മണ്ഡലങ്ങളില്‍ ഈ വിഭാഗത്തിന്‍റെ വോട്ടുകള്‍ പരമാവധി നേടാനുള്ള തീവ്ര പരിശ്രമത്തിലാണ് ബിജെപി.
ഇതിനിടെ തെരഞ്ഞെടുപ്പില്‍ ടിക്കറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ബിജെപി വിട്ട് കോണ്‍ഗ്രസിലേക്ക് ചേക്കേറിയ മുതിര്‍ന്ന ലിംഗായത്ത് നേതാക്കളായ ജഗദീഷ് ഷെട്ടാറും ലക്ഷ്‌മണ്‍ സവാദിയും ബിജെപിക്ക് പ്രഹരമേല്‍പ്പിക്കാന്‍ സാധിക്കുന്നവരാണ്. ലിംഗായത്തുകളോട് ഭരണ കക്ഷിയായ ബിജെപി അനീതി കാണിക്കുന്നുവെന്നും സര്‍ക്കാര്‍ ലിംഗായത്ത് വിരുദ്ധമാണെന്നും കോണ്‍ഗ്രസ് ആരോപണം ഉന്നയിച്ചതോടെ ബിജെപി തെല്ലൊന്ന് ഉലഞ്ഞിരുന്നു. പിന്നാലെ ബുധനാഴ്‌ച വൈകിട്ട് മുന്‍ മുഖ്യമന്ത്രിയും കര്‍ണാടകയിലെ ശക്തനായ ബിജെപി നേതാവുമായ ബി എസ് യെദ്യൂരപ്പയുടെ വസതിയില്‍ നേതാക്കള്‍ യോഗം ചേര്‍ന്നു. ഈ യോഗത്തിലാണ്, ഇത്തവണ 'ബിജെപി അധികാരത്തില്‍ എത്തിയാല്‍ മുഖ്യമന്ത്രി ലിംഗായത്ത് സമുദായത്തില്‍ നിന്നാകും' എന്ന പ്രചാരണത്തോടെ കോണ്‍ഗ്രസിന്‍റെ വായ മൂടിക്കെട്ടാനുള്ള തന്ത്രം മെനഞ്ഞത്.
കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്ന അടിസ്ഥാന രഹിതമായ വിഷയങ്ങളെ ശക്തമായി നേരിടാന്‍ യോഗം തീരുമാനിച്ചതായി മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പ്രതികരിച്ചു. 'ലിംഗായത്ത് മുഖ്യമന്ത്രി എന്നൊരാശയം ഉയര്‍ന്നിരുന്നു. യോഗത്തില്‍ പങ്കെടുത്ത കര്‍ണാടക തെരഞ്ഞെടുപ്പിന്‍റെ ചാര്‍ജുള്ള കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഞങ്ങളുടെ ആവശ്യം ഹൈക്കമാന്‍ഡിനെ അറിയിക്കാമെന്ന് പറഞ്ഞിട്ടുണ്ട്' - ബൊമ്മൈ പറഞ്ഞു.
അതേസമയം ബിജെപി ലിംഗായത്ത് വിരുദ്ധമാണെന്നുള്ള കോണ്‍ഗ്രസിന്‍റെ ആരോപണത്തെ കുറിച്ച് ചോദിച്ച മാധ്യമ പ്രവര്‍ത്തകനോട് 'നിങ്ങള്‍ക്ക് പ്രശ്‌നം സജീവമായി നിലനിര്‍ത്തണോ' എന്ന മറുചോദ്യമാണ് ബൊമ്മൈ ഉന്നയിച്ചത്. 1967 മുതൽ കഴിഞ്ഞ 50 വർഷമായി വീരേന്ദ്ര പാട്ടീലിന്‍റെ ഒമ്പത് മാസത്തെ ഭരണത്തില്‍ അല്ലാതെ ഒരു ലിംഗായത്തിനെ കോൺഗ്രസ് മുഖ്യമന്ത്രിയാക്കിയിട്ടില്ലെന്നും ബൊമ്മൈ പറഞ്ഞു. ഒപ്പം 'ഈ ചോദ്യം ഇനി ആവര്‍ത്തിക്കരുത്' എന്നുള്ള താക്കീതും നല്‍കി.
മുതിർന്ന ലിംഗായത്ത് നേതാക്കളെ കോൺഗ്രസ് എങ്ങനെ കൈകാര്യം ചെയ്‌തു എന്നതിന് നിരവധി ഉദാഹരണങ്ങളുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ പക്ഷം. വോട്ട് ബാങ്ക് ലക്ഷ്യത്തോടെ ലിംഗായത്ത് വിഭാഗത്തിന് പ്രത്യേക പദവി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ആ സമുദായത്തെ തകര്‍ക്കാന്‍ ശ്രമിച്ചത് ജനങ്ങള്‍ മറക്കില്ലെന്ന് ബൊമ്മൈ പറഞ്ഞു. 'ബിജെപിയിൽ എല്ലാവർക്കും ബഹുമാനവും അവസരവുമുണ്ട്, എന്നാല്‍ കോൺഗ്രസ് ദലിതുകളെയും ലിംഗായത്തുകളെയും പിന്നാക്ക വിഭാഗങ്ങളെയും വഞ്ചിച്ചു' - ബൊമ്മൈ ആരോപിച്ചു.