പട്‌ന: മന്ത്രിസഭാ വിപുലീകരണത്തോടെ ബിജെപിയുടെ ആത്മനിഭർ ബിഹാർ വാഗ്ദാനങ്ങൾ നിറവേറ്റാൻ സമയമായെന്ന് ബിജെപി. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർ ആത്മനിഭർ ഭാരതത്തിന് സ്വാശ്രയ ബിഹാർ അനിവാര്യമാണെന്ന് പറഞ്ഞിരുന്നു. ലക്ഷ്യം കൈവരിക്കുന്നതിനായി പഴയ നേതാക്കൾക്ക് പകരം യുവമുഖങ്ങളെ പാർട്ടി നേതൃത്വത്തിൽ ഉൾപ്പെടുത്താൻ ബിജെപി തീരുമാനിച്ചു.
കാബിനറ്റ് മന്ത്രിയായി ഷഹ്‌നവാസ് ഹുസൈൻ, നിതിൻ നവീൻ, നീരജ് കുമാർ ബാബ്‌ലൂ, ജനക് റാം തുടങ്ങിയവർ ഉയർന്നു വന്നപ്പോൾ നന്ദ കിഷോർ യാദവ്, വിനോദ് നാരായൻ ഷാ, പ്രേം കുമാർ എന്നിവരെ ബിജെപി പൂർണമായും മാറ്റി നിർത്തി. വ്യവസായ വകുപ്പിന്‍റെ ചുമതല ഏറ്റെടുക്കുമ്പോൾ ഹുസൈൻ വ്യവസായികളോടും യുവ സംരംഭകരോടും ബിഹാറിൽ നിക്ഷേപം നടത്താൻ അഭ്യർഥിക്കുമെന്നും അതുവഴി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും പറഞ്ഞു. ബിഹാർ വോട്ടെടുപ്പിൽ 19 ലക്ഷം പേർക്ക് തൊഴിൽ നൽകുമെന്നും ബിജെപി വാഗ്ദാനം ചെയ്തിരുന്നു.
ബിഹാറിലെ ജനങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ നൽകി സംസ്ഥാനത്ത് സമഗ്രമായ വളർച്ച കൈവരിക്കണമെന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം യുവ മന്ത്രിമാർക്ക് നൽകിയിട്ടുണ്ട്. ബിജെപിയുടെ 16 മന്ത്രിമാരിൽ 14 പേർ പുതിയ മുഖങ്ങളും 50 വയസ്സിന് താഴെയുള്ളവരുമാണ്.
തനിക്ക് നൽകിയിട്ടുള്ള ചുമതല പഞ്ചായത്ത് സ്വയം പര്യാപ്തമാക്കാനാണ്. അതുപോലെ തന്നെ മറ്റ് മേഖലകളും സ്വയം പര്യാപ്തമാക്കുമെന്ന് പഞ്ചായത്തിരാജ് വകുപ്പ് മന്ത്രി സാമ്രാത് ചൗധരി പറഞ്ഞു.
മന്ത്രിസഭ വിപുലീകരണത്തെ തുടർന്ന് പഴയ സെക്രട്ടേറിയറ്റിൽ മന്ത്രിസഭാ യോഗം ചേർന്നിട്ടുണ്ടെന്നും അതിൽ തൊഴിലില്ലാത്തവർക്ക് എങ്ങനെ ജോലി നൽകാമെന്നതാണ് പ്രധാന അജണ്ടയെന്നും ഖനന-ജിയോളജി വകുപ്പ് മന്ത്രി ജാനക് റാം വ്യക്തമാക്കി. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ബിഹാർ സ്വയം പര്യാപ്തമായി മാറുമെന്ന് കലാസാംസ്കാരിക-യുവജനകാര്യ വകുപ്പ് മന്ത്രി പറഞ്ഞു.