ന്യൂഡല്‍ഹി: അന്താരാഷ്‌ട്ര മാധ്യമമായ ബിബിസിയുടെ ന്യൂഡല്‍ഹി, മുംബൈ ഓഫിസുകളില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്‌ഡിനെ ന്യായീകരിച്ച് ബിജെപി. ബിബിസി അഴിമതി കോര്‍പ്പറേഷനാണ്. പ്രത്യേക ഉദ്ദേശത്തോടെ കോണ്‍ഗ്രസിന്‍റെ പിന്തുണയോടെയാണ് ബിബിസി പ്രവര്‍ത്തിക്കുന്നതെന്നും ബിജെപി ദേശീയ വക്താവ് ഗൗരവ് ഭാട്ടിയ ഡല്‍ഹിയില്‍ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ALSO READ| ബിബിസി ഓഫിസ് റെയ്‌ഡ്: ജീവനക്കാരുടെ മൊബൈലും, കമ്പ്യൂട്ടറുകളും പിടിച്ചെടുത്തു
ബിബിസി ഇന്ത്യയ്‌ക്കെതിരായി 'വിഷമുള്ള' റിപ്പോർട്ടുകളാണ് നല്‍കുന്നത്. ലോകത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ സ്ഥാപനമാണ് ബിബിസി. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ ആ മാധ്യമ സ്ഥാപനത്തെ നിരോധിച്ചിരുന്നു എന്നത് കോൺഗ്രസ് ഓർക്കണം. ഇന്ത്യയ്‌ക്കെതിരെ ദുരുദ്ദേശത്തോടെ പ്രവർത്തിച്ചതിന്‍റെ കളങ്കവും കറുത്തതുമായ ചരിത്രമുള്ള സ്ഥാപനമാണിത്.
'ഇന്ത്യയെ പരിഗണിക്കാത്ത മാധ്യമം': ഒരു ഭീകരനെ 'വ്യക്തിപ്രഭാവമുള്ള യുവ തീവ്രവാദി' എന്ന് വിശേഷിപ്പിച്ചു, ഹോളിയെ 'വൃത്തികെട്ട' ഉത്സവമെന്ന് പറയുകയും ചെയ്‌ത മാധ്യമമാണിത്. ഈ സ്ഥാപനം ഇന്ത്യയിൽ പ്രവർത്തിക്കുന്ന സാഹചര്യത്തില്‍ പോലും രാജ്യത്തിന്‍റെ ഭരണഘടനയെ പരിഗണിക്കുന്നില്ലെന്നും ബിജെപി നേതാവ് ഗൗരവ് ഭാട്ടിയ ആരോപിച്ചു. ബിബിസി ഓഫിസുകളില്‍ ഇന്ന് രാവിലെ 11.30നാണ് റെയ്‌ഡ് തുടങ്ങിയത്. പരിശോധിക്കാന്‍ കാരണം, നികുതി ക്രമക്കേടുകളെന്നാണ് ആദായ നികുതി വകുപ്പിന്‍റെ വിശദീകരണം.
ഗുജറാത്ത് വംശഹത്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കുള്ള പങ്ക് വ്യക്തമാക്കുന്ന 'മോദി ദ ഇന്ത്യ ക്വസ്റ്റ്യന്‍' എന്ന ഡോക്യുമെന്‍ററി രണ്ട് എപ്പിസോഡുകളിലായി ബിബിസി സംപ്രേഷണം ചെയ്‌തിരുന്നു. പിന്നാലെ, ഇന്ത്യയിലെ സമൂഹ മാധ്യമങ്ങളില്‍ നിന്ന് ഈ ഡോക്യുമെന്‍ററി കേന്ദ്രം നീക്കിയത് വന്‍ വിവാദമായി.