ബെംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ബിജെപി നീക്കമാണ് പുതുച്ചേരിയില്‍ നടന്നതെന്ന് കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ. തെരഞ്ഞെടുപ്പ് നടക്കുമ്പോൾ പുതുച്ചേരിയില്‍ വി നാരായണസാമിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ തുടരാൻ ബിജെപി ആഗ്രഹിച്ചിരുന്നില്ല. നാരായണസാമിയെ മുഖ്യമന്ത്രിപദത്തില്‍ നിന്നും നീക്കം ചെയ്യുകയായിരുന്നു ലക്ഷ്യം. അദ്ദേഹം അധികാരത്തിലിരിക്കുമ്പോള്‍ തെരഞ്ഞെടുപ്പ് നടക്കരുത്. ഇതായിരുന്നു ബിജെപിയുടെ ആഗ്രഹം. ഇത് ജനാധിപത്യ വിരുദ്ധമാണെന്നും സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് സര്‍ക്കാരിനെ ഭരണത്തില്‍ നിന്ന് പുറത്താക്കാനായി ഗൂഡാലോചന നടത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.
തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിന് കനത്ത തിരിച്ചടിയാണ് പുതുച്ചേരിയില്‍ ഉണ്ടായിരിക്കുന്നത്. പുതുച്ചേരിയിലെ വി.നാരായണസാമി സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടതോടെ കോണ്‍ഗ്രസ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടതായി സ്പീക്കർ വി.പി.ശിവകൊളുന്ത് അറിയിക്കുകയും തുടര്‍ന്ന് മുഖ്യമന്ത്രി വി.നാരായണസാമി ലഫ്റ്റനന്‍റ് ഗവർണർ ഡോ. തമിഴിസൈ സൗന്ദർരാജന് രാജി സമർപ്പിക്കുകയും ആയിരുന്നു. ആറ് എംഎൽഎമാരാണ് നാരായണസാമി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചത്. നിയമസഭയിൽ നടന്ന വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി സർക്കാരിനെ അട്ടിമറിക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നതായി വി.നാരായണസാമി ആരോപിച്ചിരുന്നു.