കൊല്‍ക്കത്ത : പൗരത്വഭേദഗതി ബില്‍ നടപ്പാക്കുമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ പരാമര്‍ശത്തില്‍ പ്രതികരണവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. 2024ലെ തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തിലെത്തില്ലെന്നും സിഎഎ നടപ്പിലാക്കില്ലെന്നും മമത പറഞ്ഞു. ബംഗാള്‍ സന്ദര്‍ശനവേളയില്‍ പൗരത്വഭേദഗതിയെക്കുറിച്ച് ബംഗാള്‍ സര്‍ക്കാര്‍ കിംവദന്തികള്‍ പ്രചരിപ്പിക്കുന്നുവെന്ന് അമിത് ഷാ ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് മമതയുടെ പ്രതികരണം.
രാജ്യത്തെ കൊവിഡ് പ്രതിസന്ധി അവസാനിച്ചുകഴിഞ്ഞാല്‍ സിഎഎ നിയമം നടപ്പിലാക്കുമെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നതെന്നും ബംഗാള്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അമിത് ഷായുടെ ബംഗാള്‍ സന്ദര്‍ശനം സംസ്ഥാനരാഷ്‌ട്രീയത്തില്‍ അതിര്‍ത്തിരക്ഷാ സേനയെ നുഴഞ്ഞുകയറാന്‍ സഹായിക്കുന്നതിന് വേണ്ടിയാണ്. ബിഎസ്എഫിനെ താൻ ബഹുമാനിക്കുന്നുവെന്നും എന്നാൽ അമിത് ഷായുടെ കെണിയിൽ ബിഎസ്എഫ് വീഴരുതെന്നും മമത ബാനര്‍ജി മാധ്യമങ്ങളോട് പറഞ്ഞു.
കേന്ദ്ര ആഭ്യന്തരമന്ത്രി എന്ന നിലയില്‍ അമിത് ഷാ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുക മാത്രമാണ് ചെയ്‌തത്. ബിജെപിയുടെ കണ്ണിയാണ് സിപിഎമ്മെന്നും മമത ആരോപിച്ചു. ഇരു സംഘടനകളും സമുദായങ്ങളെ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും ബംഗാള്‍ മഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതിപക്ഷ ഐക്യത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കും മമത മറുപടി നല്‍കി. കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിപക്ഷ കക്ഷികള്‍ ശക്തമായും ധീരമായും തന്നെ പോരാടും. ബംഗാളിലെ ക്രമസമാധാന നില മികച്ചതാണെന്നും ഉത്തര്‍പ്രദേശിനെ താരതമ്യപ്പെടുത്തി ബംഗാള്‍ മുഖ്യമന്ത്രി പറഞ്ഞു.