ലഖ്‌നൗ: 2022 നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ആരുടെ നേതൃത്വത്തില്‍ പോരാട്ടത്തിനിറങ്ങുമെന്ന് കേന്ദ്ര നേതൃത്വം തീരുമാനിക്കുമെന്ന് ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ. ആരാണ് പ്രചാരണങ്ങള്‍ക്ക് നേതൃത്വം കൊടുക്കുക എന്നതോ, ആരായാരിക്കും അടുത്ത നേതാവെന്നതോ പ്രസക്‌തിയുള്ള കാര്യമല്ല. ലോകത്തിലെ തന്നെ ഏറ്റവും വലിയ പാർട്ടിയാണ് ബിജെപി. കോണ്‍ഗ്രസ്, എസ്.പി, ബിഎസ്‌പി എന്നിവയെപ്പോലെ ഇതൊരു പ്രൈവറ്റ് കമ്പനിയില്ലെന്നും മൗര്യ പറഞ്ഞു.
യോഗിക്ക് പകരം മറ്റൊരാള്‍ ഇത്തവണ പാർട്ടി മുഖമായേക്കുമെന്ന റിപ്പോർട്ടുകള്‍ മൗര്യ നിഷേധിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ നിർദേശങ്ങള്‍ അനുസരിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും. യാതൊരു പ്രശ്‌നങ്ങളും സര്‍ക്കാരിലില്ലെന്നും പറഞ്ഞ മൗര്യ 300ല്‍ അധികം സീറ്റ് നേടി ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്നും പറഞ്ഞു.
also read: കൊവിഡ് പ്രതിരോധത്തിലെ വീഴ്ച ഉത്തര്‍പ്രദേശിലെ മുഖ്യ തെരഞ്ഞെടുപ്പ് വിഷയമാകും : പ്രമോദ് തിവാരി
2017ല്‍ ആകെയുള്ള 403 സീറ്റില്‍ 312ഉം പിടിച്ചെടുത്താണ് യോഗി സര്‍ക്കാര്‍ അധികാരത്തിലേറിയത്. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ എളുപ്പമാകില്ല. കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിലെ പോരായ്‌മ സംസ്ഥാനത്ത് ഏറെ ചര്‍ച്ചയായിട്ടുണ്ട്. ഏപ്രില്‍ മാസത്തില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ മോദിയുടെ ലോക്‌സഭാ മണ്ഡലമായ വാരാണസിയിലും, അയോധ്യ, മധുര, ലഖ്‌നൗ എന്നിവടങ്ങളിലും ബിജെപി അപ്രതീക്ഷിത തോല്‍വിയാണ് നേരിട്ടത്. ഇത് ബിജെപി ക്യാമ്പില്‍ ആശങ്ക സൃഷ്‌ടിച്ചിട്ടുണ്ട്.