ഹൈദരാബാദ്: അടുത്ത 40 വർഷം ബിജെപിയുടെ കാലമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ബിജെപിയുടെ നേതൃത്വത്തിൽ ഇന്ത്യ ലോകത്തിന് മുന്നിൽ വിശ്വ ഗുരു ആകുമെന്നും അമിത് ഷാ. ഹൈദരാബാദിൽ നടന്ന ബിജെപി നിർവാഹക യോഗത്തിൽ രാഷ്‌ട്രീയ പ്രമേയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വംശീയ രാഷ്‌ട്രീയം, ജാതീയത, പ്രീണന രാഷ്‌ട്രീയം എന്നിവ ഏറ്റവും വലിയ പാപങ്ങളാെണെന്നും രാജ്യം വർഷങ്ങളായി അനുഭവിക്കുന്ന ദുരിതങ്ങൾക്ക് കാരണം ഇവയാണെന്നും അമിത് ഷാ പറഞ്ഞു. വികസനം, പ്രകടനം എന്നിവയിലുള്ള പാർട്ടിയുടെ കാഴ്‌ചപ്പാടിന് അടിവരയിടുന്നതാണ് അടുത്തിടെ നടന്ന തെരഞ്ഞെടുപ്പുകളിലെ പാർട്ടിയുടെ വിജയം. കുടുംബവാഴ്ചയുടെയും ജാതീയതയുടെയും പ്രീണനത്തിന്റെയും രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും അമിത് ഷാ ആഹ്വാനം ചെയ്‌തു.
തെലങ്കാന, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലെ കുടുംബഭരണം ബിജെപി അവസാനിപ്പിക്കുമെന്നും ആന്ധ്രാപ്രദേശ്, ഒഡിഷ, തമിഴ്‌നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ സർക്കാർ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ അടുത്തഘട്ട വളർച്ച ദക്ഷിണേന്ത്യയിൽ നിന്നായിരിക്കുമെന്നത് യോഗത്തിൽ കൂട്ടായി അംഗീകരിച്ചുവെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ മാധ്യമങ്ങളോട് പറഞ്ഞു.
'സുപ്രീം കോടതി വിധി ചരിത്രപരം': 2002ലെ ഗുജറാത്ത് കലാപത്തിലെ സുപ്രീംകോടതി വിധി ചരിത്രപരമെന്ന് ബിജെപി നിർവാഹക സമിതി യോഗത്തിൽ അമിത് ഷാ പറഞ്ഞു. മോദിക്കെതിരെ ഉയർന്ന ആരോപണങ്ങൾ അടിസ്ഥാനരഹിവും രാഷ്ട്രീയ പ്രേരിതവും എന്ന് കോടതി കണ്ടെത്തിയരിക്കുന്നു. കലാപത്തിൽ മോദിക്കുള്ള പങ്കിനെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുമ്പോൾ ഭരണഘടനയിൽ വിശ്വാസമർപ്പിച്ച് അദ്ദേഹം മൗനം പാലിക്കുകയായിരുന്നുവെന്നും അമിത് ഷാ പറഞ്ഞു.
ഒരു കുടുംബത്തിന്‍റെ മാത്രം പാർട്ടിയായി കോൺഗ്രസ് മാറിക്കഴിഞ്ഞു. പാർട്ടിയിലെ പലരും ജനാധിപത്യത്തിനായി പരസ്‌പരം പോരടിക്കുകയാണ്. പാർട്ടിയുടെ നിയന്ത്രണം നഷ്‌ടപ്പെടുമെന്ന് ഭയന്നാണ് ഗാന്ധി കുടുംബം കോൺഗ്രസിൽ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കാത്തത്. രാജ്യത്തിനായി എടുക്കുന്ന എല്ലാ തീരുമാനങ്ങളെയും കോൺഗ്രസ് എതിർക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Also Read: ഫ്ലക്‌സും പതാകയും എല്ലാം പ്രശ്‌നം: ഹൈദരാബാദിൽ പരസ്‌പരം പോരടിച്ച് രാഷ്‌ട്രീയ പാർട്ടികള്‍