ബെംഗളൂരു: ജെഡിഎസുമായുള്ള സഹകരണം തള്ളിക്കളയാനാകില്ലെന്ന് ബിജെപി എംപി രേണുകാചാര്യ. ജെഡിഎസുമായി ഇതുവരെ ആഭ്യന്തര കരാറുകളൊന്നും ഉണ്ടാക്കിയിട്ടില്ലെങ്കിലും സംസ്ഥാനത്തെ നിയമസഭ തെരഞ്ഞെടുപ്പ് ഫലം അനിശ്ചിതത്വത്തിലായാല്‍ ധാരണയുണ്ടാകുമെന്നും രേണുകാചാര്യ പറഞ്ഞു. വ്യാഴാഴ്‌ച ഹൊന്നാലിയിലെ സ്വവസതിയില്‍ കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് എക്‌സിറ്റ് പോളിനെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഞങ്ങള്‍ക്ക് ജനങ്ങളുടെയും നേതാക്കളുടെ പള്‍സ് അറിയാം. മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ പരിഗണിക്കാതെ ജനങ്ങള്‍ ബിജെപിക്ക് വോട്ട് ചെയ്യും' -എംപി രേണുകാചാര്യ വ്യക്തമാക്കി. 'മാധ്യമങ്ങള്‍ എന്ത് റിപ്പോര്‍ട്ട് ചെയ്‌താലും ബിജെപി അതിനെ കുറ്റപ്പെടുത്തുന്നില്ല. എന്ത് തന്നെയായാലും ബിജെപി അധികാരത്തില്‍ വരും. സംസ്ഥാനത്തെ ഗ്രാമങ്ങളില്‍ നിന്ന് ഭൂരിപക്ഷം ജനങ്ങളും ബിജെപിയിലേക്ക് വരും' -എന്നും അദ്ദേഹം പറഞ്ഞു.
ജെഡിഎസുമായി ഇതുവരെയും ആഭ്യന്തര കരാര്‍ ഉണ്ടായിട്ടില്ല. എന്നാല്‍ അത്തരമൊരു ബന്ധം വേണമോയെന്നത് കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് ശേഷം ദേശീയ നേതാക്കള്‍ തീരുമാനിക്കും. ജെഡിഎസുമായി പരോക്ഷമായി കൈകോര്‍ക്കാനുള്ള ആഗ്രഹവും അദ്ദേഹം പ്രകടിപ്പിച്ചു.
കോണ്‍ഗ്രസ് പ്രചാരണത്തെ കുറ്റപ്പെടുത്തി എംപി: മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പേര് പറഞ്ഞാണ് കോണ്‍ഗ്രസ് ജനങ്ങളോട് വോട്ട് ചോദിച്ചതെന്നും തങ്ങളെ കുറിച്ച് നിരവധി അപവാദങ്ങള്‍ പ്രചരിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
പിന്നാക്ക വിഭാഗവും ബഞ്ചാര സമുദായവും തങ്ങള്‍ക്കൊപ്പം: സംസ്ഥാനത്തെ പിന്നാക്ക വിഭാഗത്തില്‍ ഉള്‍പ്പെട്ട വീരശൈവ ലിംഗായത്ത്, എസ്‌സി, എസ്‌ടി എന്നിവരടങ്ങുന്ന മുഴുവന്‍ സമൂഹവും തങ്ങള്‍ക്കൊപ്പമുണ്ടെന്നും എംപി രേണുകാചാര്യ പറഞ്ഞു. ഇതിനെല്ലാം പുറമെ ബഞ്ചാര സമൂഹവും തങ്ങള്‍ക്കൊപ്പമാണ്. കൊവിഡ് സമയത്ത് നേരിട്ട് പ്രതിസന്ധിക്ക് ബഞ്ചാര സമുദായത്തിന് കൈതാങ്ങായത് ബിജെപിയായിരുന്നു. മാത്രമല്ല മഴക്കാല ദുരിതത്തില്‍ നിരവധി ഗ്രാന്‍റുകളും നല്‍കിയിട്ടുണ്ട്.
ബഞ്ചാര സമുദായത്തിന് നല്‍കിയ സേവനത്തിനും അംഗീകാരത്തിനും പകരമായി അവര്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കും. തെരഞ്ഞെടുപ്പില്‍ പരാജയം ഭയന്നാണ് മുന്‍ എംഎല്‍എ തനിക്കെതിരെ അപവാദ പ്രചാരണം നടത്തിയതെന്നും എംപി രേണുകാചാര്യ കൂട്ടിച്ചേര്‍ത്തു.