രേവ(മധ്യപ്രദേശ്) : ജലസംരക്ഷണത്തിനായി മദ്യപിക്കുകയെന്ന വിചിത്ര ആഹ്വാനവുമായി രേവ എംപിയും ബിജെപി നേതാവുമായ ജനാര്‍ദ്ദന്‍ മിശ്ര. ജലസംരക്ഷണത്തെക്കുറിച്ച് രേവ കൃഷ്‌ണരാജ് കപൂര്‍ ഓഡിറ്റോറിയത്തില്‍ ഞായറാഴ്‌ച(6.11.2022) നടന്ന പരിശീലന ക്ലാസിലായിരുന്നു വിവാദ പരാമര്‍ശം.
ഭൂമിയില്‍ ജലത്തിന്‍റെ അളവ് കുറഞ്ഞുവരികയാണ്. വെള്ളം സംരക്ഷിക്കപ്പെടേണ്ടതുണ്ട്. അതിനാല്‍ മദ്യപിക്കുക, അല്ലെങ്കില്‍ പുക വലിക്കുക, ടിന്നര്‍ മണക്കുക, അല്ലെങ്കില്‍ അയോഡക്‌സ് കഴിക്കുക. അങ്ങനെയെങ്കില്‍ ജലത്തിന്‍റെ പ്രധാന്യം മനസിലാകും'- എംപി പരാമര്‍ശിച്ചു.
എംപിയുടെ വിവാദ പ്രസംഗത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. 'ഏതെങ്കിലും സര്‍ക്കാര്‍ ജലനികുതി ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ചാല്‍ ഞങ്ങള്‍ അടച്ചുകൊള്ളാമെന്നും വൈദ്യുതി ബില്ലുകള്‍ ഉള്‍പ്പടെയുള്ളവ നിങ്ങള്‍ നല്‍കണമെന്നും അവരോട് പറയുക' - മിശ്ര കൂട്ടിച്ചേര്‍ത്തു.
ഇതാദ്യമായല്ല ജനാര്‍ദ്ദന്‍ മിശ്ര വിവാദങ്ങളില്‍പ്പെടുന്നത്. വിചിത്രമായ പ്രസ്താവനകളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും ഇദ്ദേഹം ഇടയ്ക്കിടെ വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്. വെറും കൈകള്‍ ഉപയോഗിച്ച് ടോയ്‌ലറ്റ് വൃത്തിയാക്കുന്ന മിശ്രയുടെ വീഡിയോ മുന്‍പ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.