റാഞ്ചി : ക്ഷേത്രങ്ങള്‍ക്ക് സമീപം താടിയും തൊപ്പിയുമുള്ള ആരെ കണ്ടാലും ആക്രമിക്കുമെന്ന ജാര്‍ഖണ്ഡിലെ ബിജെപി എംഎല്‍എയുടെ പരാമര്‍ശങ്ങള്‍ക്കെതിെര സംസ്ഥാന ന്യൂനപക്ഷ കമ്മിഷനും പൊലീസും. സംഭവത്തില്‍ സ്വമേധയ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രചരിച്ച പ്രസംഗത്തിന്‍റെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നതെന്ന് പൊലീസ് അറിയിച്ചു (BJP MLA Shasi Bhushan Mehta).
പങ്കി അസംബ്ലിയില്‍ നിന്നുള്ള ബിജെപി എംഎല്‍എ ശശിഭൂഷണ്‍ മേത്തയാണ് മതവിദ്വേഷ പരാമര്‍ശം നടത്തിയത്. ക്ഷേത്രത്തിന് സമീപം താടിയും തൊപ്പിയുമുള്ള ആരെ കണ്ടാലും ആക്രമിക്കുമെന്നും ഗോമാംസം ഭക്ഷിക്കുന്ന ഒരാളും ക്ഷേത്രത്തിലോ ക്ഷേത്ര പരിസരത്തോ പ്രവേശിക്കേണ്ടതില്ലെന്നും എംഎല്‍എ പറഞ്ഞു. ഇത്തരക്കാര്‍ ക്ഷേത്ര പരിസരത്ത് വന്നാല്‍ അതിന്‍റെ ഭവിഷത്ത് അനുഭവിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു (Controversial Remarks Of BJP MLA).
തങ്ങള്‍ക്കെതിരെ എന്ത് നടപടിയുണ്ടായാലും അത്തരക്കാരെ ആക്രമിക്കുക തന്നെ ചെയ്യും. ദുര്‍ഗാപൂജയോട് അനുബന്ധിച്ച് പങ്കി നിയമസഭ മണ്ഡലത്തില്‍ ഒരു കല്ല്യാണ മണ്ഡപത്തിന്‍റെ തറക്കല്ലിടല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു എംഎല്‍എ. താടിയും തൊപ്പിയും ധരിച്ചവര്‍ ഹിന്ദുക്കളുടെ മതപരമായ പരിപാടികളില്‍ പങ്കെടുത്ത് തടസമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും എംഎല്‍എ കുറ്റപ്പെടുത്തി. ഹൈന്ദവ വികാരങ്ങളെ വ്രണപ്പെടുത്തുന്ന ഇത്തരം സമീപനങ്ങള്‍ വച്ചു പൊറുപ്പിക്കില്ലെന്നും ഒക്‌ടോബര്‍ മൂന്നിന് വിശ്വഹിന്ദു പരിഷത്തും ബജ്‌റംഗ്‌ദളും നടത്തിയ ജാഗരണ്‍ രഥ് തടസപ്പെടുത്താന്‍ മുസ്‌ലിങ്ങള്‍ ശ്രമിച്ചെന്നും എംഎല്‍എ ആരോപിച്ചു.
പരാമര്‍ശത്തില്‍ അപലപിച്ച് രാഷ്‌ട്രീയ പാര്‍ട്ടികള്‍: ബിജെപി എംഎല്‍എ ശശിഭൂഷണ്‍ മേത്തയുടെ മതവിദ്വേഷ പരാമര്‍ശത്തില്‍ കോണ്‍ഗ്രസും മുക്തി മോര്‍ച്ചയും അപലപിച്ചു. എംഎല്‍എയുടേത് സാമുദായിക സൗഹാര്‍ദം തകര്‍ക്കുന്ന പരാമര്‍ശങ്ങളാണെന്ന് കോണ്‍ഗ്രസ് പറഞ്ഞു. വിഷയത്തില്‍ സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍റെ ഭാഗത്ത് നിന്നും ഉടനടി നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കോണ്‍ഗ്രസ്.
പ്രതികരണവുമായി പൊലീസ്: സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന എംഎല്‍എയുടെ വീഡിയോ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അതിലെ പരാമര്‍ശങ്ങളെ കുറിച്ച് അന്വേഷണം നടത്തുകയാണെന്നും പാലമു പൊലീസ് സൂപ്രണ്ട് റീഷ്‌മ രമേശന്‍ പറഞ്ഞു. സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ സംബന്ധിച്ച് തങ്ങള്‍ക്ക് ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും സംഭവത്തില്‍ സ്വമേധയ അന്വേഷണം നടത്തുകയാണെന്നും സൂപ്രണ്ട് വ്യക്തമാക്കി.
2019ല്‍ സ്‌കൂള്‍ അധ്യാപികയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ എംഎല്‍എയെ പിന്നീട് വെറുതെ വിട്ടിരുന്നു. 2008 ല്‍ റാഞ്ചിയിലെ മേത്തയുടെ ഓക്‌സ്‌ഫേര്‍ഡ് പബ്ലിക് സ്‌കൂളില്‍ ഹിന്ദി അധ്യാപികയായി ജോലിയില്‍ പ്രവേശിച്ച സുചിത്രമിശ്രയാണ് കൊല്ലപ്പെട്ടത്. നാല് വര്‍ഷം സ്‌കൂളില്‍ ജോലി ചെയ്‌തതിന് പിന്നാലെയാണ് അധ്യാപികയുടെ മരണം. കേസില്‍ മേത്തയ്‌ക്കൊപ്പം മറ്റ് അഞ്ച് പേര്‍ കൂടി അറസ്റ്റിലായിരുന്നു.