ഭോപ്പാൽ: മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പിൽ ബിജെപി വോട്ടിങ് മെഷീനുകൾ ദുരുപയോഗം ചെയ്‌തതാണെന്ന് കോൺഗ്രസ് നേതാവ് സഞ്ജൻ സിങ് വർമ. ആദ്യമായാണ് മധ്യപ്രദേശിലും ബിഹാറിലും ബിജെപി തിരിമറി നടത്തിയതായി തോന്നുന്നത്. മധ്യപ്രദേശിലെ ജനങ്ങൾ കോൺഗ്രസിനൊപ്പവും ബിഹാറിൽ തേജസ്വി യാദവിനോടൊപ്പവുമായിരുന്നു. തെരഞ്ഞെടുപ്പ്, ബാലറ്റ് പേപ്പറുകൾ മാത്രം വഴി നടത്തണമെന്നാണ് തന്‍റെ ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വികസിത രാജ്യങ്ങളായ അമേരിക്ക, ജർമനി, ഫ്രാൻസ് എന്നിവിടങ്ങളിൽ ഇവിമെഷീനുകൾ നിർത്തലാക്കി. ഇന്ത്യയിലും ഇത് നിർത്തലാക്കണമെന്ന് പല രാഷ്‌ട്രീയ പാർട്ടികളും നേതാക്കളും ആവശ്യപ്പെടുന്നുണ്ട്. ബാലറ്റ് പേപ്പറുകൾ വന്നാൽ ബിജെപിയുടെ സ്ഥാനം മനസിലാക്കാൻ സാധിക്കും. ഇവിഎമ്മിലെ ചില മാന്ത്രികർ തെരഞ്ഞെടുപ്പ് സമയത്ത് ഞങ്ങളെ സമീപിച്ചിരുന്നു. എല്ലാ സീറ്റുകളിലും ഞങ്ങൾക്ക് വിജയം നൽകാമെന്ന് അവർ വാഗ്‌ദാനം ചെയ്‌തു. പക്ഷേ ഞങ്ങൾ ആളുകളെ കബളിപ്പിച്ചോ ബലപ്രയോഗത്തിലൂടെയോ അധികാരം പിടിച്ചെടുക്കാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ ബിജെപി ഇവരെ ഉപയോഗിച്ചതായി തോന്നുന്നെന്നും അദ്ദേഹം പറഞ്ഞു.
ഒമ്പത് കോൺഗ്രസ് സ്ഥാനാർഥികൾ എങ്ങനെയാണ് വിജയിച്ചതെന്ന് ആളുകൾ ചോദിക്കുന്നു. ഇമര്‍തി ദേവി, ഐദൽ സിങ് കൻസാന എന്നിവരെപ്പോലുള്ളവരെ പരാജയപ്പെടുത്താനായിരുന്നു ബിജെപിയുടെ ലക്ഷ്യം. വിജയിക്കുമെന്നതിന്‍റെ തെളിവായിരുന്നു ആർജെഡി നേതാവ് തേജസ്വി യാദവിന്‍റെ റാലികളിലെ ജനത്തിരക്ക്. എന്നാൽ ബിജെപി തിരിമറി നടത്തിയതാണെന്നാണ് സംശയമെന്നും അദ്ദേഹം പറഞ്ഞു.