ബംഗളൂരു: ബി.എസ് യെദ്യൂരപ്പ കർണാടക മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞതോടെ പകരക്കാരനാരനെ കണ്ടെത്താനുള്ള ചര്‍ച്ച സജീവം. രണ്ട് ദിവസത്തിനകം യെദ്യൂരപ്പയുടെ പിന്‍ഗാമിയെ ബിജെപി കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ചേക്കും. ന്യൂഡല്‍ഹിയില്‍ ചേരുന്ന പാര്‍ലമെന്‍ററി ബോര്‍ഡ് യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്നാണ് സൂചന.
പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ, കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിങ്, സംഘടന സെക്രട്ടറി ബി.എല്‍ സന്തോഷ്, കര്‍ണാടകയുടെ ചുമതലയുള്ള അരുണ്‍ സിങ് എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.
കേന്ദ്ര സംഘം ബുധനാഴ്‌ചയെത്തും
സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തുന്നതിനായി കേന്ദ്ര മന്ത്രി പീയുഷ് ഗോയല്‍, മുതിര്‍ന്ന നേതാക്കളായ ധര്‍മേന്ദ്ര പ്രധാന്‍, ഭൂപേന്ദ്ര യാദവ് എന്നിവരുള്‍പ്പെട്ട കേന്ദ്ര സംഘത്തെ നേതൃത്വം കർണാടകയിലെത്തും. ജൂലൈ 28ന് സംസ്ഥാനത്തെ ബിജെപി നേതാക്കളുമായി കേന്ദ്ര സംഘം കൂടിക്കാഴ്‌ച നടത്തും.
എംഎല്‍എമാരില്‍ നിന്നും അഭിപ്രായങ്ങള്‍ കേട്ട ശേഷം 29ന് ചേരുന്ന നിയമസഭ പാര്‍ട്ടി യോഗത്തില്‍ പുതിയ മുഖ്യമന്ത്രിയുടെ പേര് പ്രഖ്യാപിക്കുമെന്നാണ് സൂചന. പാര്‍ലമെന്‍ററി ബോര്‍ഡ് യോഗത്തില്‍ പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീലും കര്‍ണാടകയുടെ ചുമതല വഹിക്കുന്ന അരുണ്‍ സിങും നേരത്തെ വ്യക്തമാക്കിയിരുന്നു.
യെദ്യൂരപ്പയുടെ പടിയിറക്കം
ആഴ്‌ചകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ കഴിഞ്ഞ ദിവസമാണ് ബി.എസ് യെദ്യൂരപ്പ കർണാടക മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. സർക്കാരിന്‍റെ രണ്ടാം വാർഷികാഘോഷ സമ്മേളനത്തിനിടെയാണ് യെദ്യൂരപ്പ രാജി പ്രഖ്യാപനം നടത്തിയത്. അതേസമയം, യെദ്യൂരപ്പയുടെ രാജിയില്‍ ബലേഹോസൂർ മഠത്തിലെ ദിംഗലേശ്വര സ്വാമിയൊഴികെ വീരശൈവ-ലിംഗായത്ത് മതനേതാക്കളാരും പ്രതികരിച്ചിട്ടില്ല.
Also read: യെദ്യൂരപ്പയുടെ രാജി ; ബിജെപിയില്‍ ഇനിയെന്ത്