കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ വ്യവസായത്തിനും അന്താരാഷ്ട്ര വാണിജ്യത്തിനും പ്രാധാന്യം നൽകിയുള്ള പ്രകടന പത്രികയാകും ബിജെപി പുറത്തിറക്കുകയെന്ന് സൂചന. മാർച്ച് 21ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കുന്നത്. മൂന്ന് രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനത്തെ റോഡ്- റെയിൽ ശൃംഖലയുടെ വികസനവും പ്രകടന പത്രകയിൽ ഇടം നേടും. ബംഗ്ലാദേശ്, നേപ്പാൾ,ഭൂട്ടാൻ എന്നീ രാജ്യങ്ങളുമായാണ് പശ്ചിമ ബംഗാൾ അതിർത്തി പങ്കിടുന്നത്.
മൂന്ന് രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്നതിന്‍റെ നേട്ടങ്ങൾ ഇതുവരെ സംസ്ഥാനത്തിന് ലഭിച്ചിട്ടില്ല. ഒരു അന്താരാഷ്ട്ര വാണിജ്യ ഹബ്ബായി മാറാനുള്ള എല്ലാവിധ സാഹചര്യങ്ങളും സംസ്ഥാനത്ത് ഉണ്ടെന്ന് പ്രകടന പത്രകയെക്കുറിച്ച് സൂചന നൽകിക്കൊണ്ട് ഒരു മുതിർന്ന ബിജെപി നേതാവ് പറഞ്ഞു. കമ്മ്യൂണിസ്റ്റ് ഭരണത്തിലും അതിന് ശേഷം തൃണമൂൽ അധികാരത്തിലെത്തിയപ്പോഴും സംസ്ഥാനത്ത് വ്യവസായിക പുരോഗതി ഉണ്ടായില്ലെന്നും അദ്ദേഹം ആരോപിച്ചു. മാർച്ച് 27 മുതൽ എട്ട് ഘട്ടങ്ങളിലായാണ് പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ്. 294 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ മെയ് രണ്ടിനാണ്.