ചണ്ഡിഗഡ് : സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാവ് തേജീന്ദർ ബഗ്ഗയുടെ അറസ്റ്റ് സംബന്ധിച്ച കേസ് കോടതി ശനിയാഴ്‌ച പരിഗണിക്കും. പഞ്ചാബ് പൊലീസ് നൽകിയ ഹർജി വെള്ളിയാഴ്ച പഞ്ചാബ്-ഹരിയാന ഹൈക്കോടതി പരിഗണിച്ചിരുന്നു. വാദത്തിനിടെ ഡൽഹി, ഹരിയാന, പഞ്ചാബ് പൊലീസ് സേനകളില്‍ നിന്ന് വിവരങ്ങളും തേടി.
പഞ്ചാബ് പൊലീസ് ഡല്‍ഹിയില്‍വച്ച് തേജീന്ദറിനെ അറസ്റ്റ് ചെയ്ത് മടങ്ങുമ്പോള്‍ ഹരിയാന പൊലീസ് കുരുക്ഷേത്രയില്‍ വച്ച് സംഘത്തെ തടഞ്ഞിരുന്നു. ബഗ്ഗയുടെ പിതാവ് മകനെ തട്ടിക്കൊണ്ടുപോയെന്ന് പറഞ്ഞ് പരാതി നല്‍കിയതിനാല്‍ ഡല്‍ഹി പൊലീസ് പഞ്ചാബ് പൊലീസിനെതിരെ കേസെടുത്തു. തുടര്‍ന്ന് ഹരിയാനയില്‍ മൂന്ന് സേനകളും തമ്മില്‍ സംഘര്‍ഷമുണ്ടായി.
ഇതേ തുടര്‍ന്ന് പഞ്ചാബ് പൊലീസില്‍ നിന്നും ബഗ്ഗയെ മോചിപ്പിച്ച ഹരിയാന പൊലീസ് ഡല്‍ഹി പൊലീസിന് കൈമാറി. ബഗ്ഗയെ ഹരിയാനയില്‍ സൂക്ഷിക്കണമെന്നാവശ്യപ്പെട്ട് പഞ്ചാബ് പൊലീസ് നല്‍കിയ ഹര്‍ജിയില്‍ അടിയന്തര ഉത്തരവിന് പഞ്ചാബ് ഹരിയാന ഹൈക്കോടതി വിസമ്മതിച്ചു. തുടര്‍ന്ന് ബഗ്ഗയുമായി ഡല്‍ഹി പൊലീസ് തലസ്ഥാനത്തേക്ക് തിരിച്ചെത്തി.
സംഭവത്തില്‍ കോടതി ഇന്ന് വാദം കേള്‍ക്കും. ഹരിയാന പൊലീസിന്‍റെ നടപടി നിയമ വിരുദ്ധമാണെന്ന് പഞ്ചാബ് പൊലീസ് കുറ്റപ്പെടുത്തി. എന്നാല്‍ ഒരാളെ ഡല്‍ഹിയിലെത്തി അറസ്റ്റ് ചെയ്യുമ്പോള്‍ അറിയിക്കണമെന്ന നടപടിക്രമം പഞ്ചാബ് പൊലീസ് പാലിച്ചില്ലെന്ന് ഡല്‍ഹി പൊലീസ് ആരോപിച്ചു.
അതേ സമയം മകനെ തട്ടിക്കൊണ്ടുപോയെന്ന പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് പഞ്ചാബ് പൊലീസ് സംഘത്തെ തങ്ങള്‍ തടഞ്ഞതെന്ന് ഹരിയാന പൊലീസ് വിശദീകരിച്ചു. തുടര്‍ന്ന് ബഗ്ഗയുമായി പൊലീസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മൂന്ന് കക്ഷികളും വെള്ളിയാഴ്‌ച ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.
സോഷ്യല്‍ മീഡിയയിലൂടെ മതസ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഭീഷണിപ്പെടുത്തിയെന്നുമാരോപിച്ചാണ് ബഗ്ഗയെ വെള്ളിയാഴ്ച തിലക്നഗറിലെ സ്വന്തം വസതിയിലെത്തി പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം പൊലീസിന് മുന്നില്‍ ഹാജരാവണമെന്നാവശ്യപ്പെട്ട് അഞ്ച് തവണ നോട്ടിസ് നല്‍കിയിട്ടും ബഗ്ഗ എത്തിയിരുന്നില്ല. ഇതേ തുടര്‍ന്നാണ് പഞ്ചാബ് പൊലീസ് ബഗ്ഗയെ വീട്ടിലെത്തി അറസ്റ്റ് ചെയ്തത്.