ബെംഗളൂരു : കസാഖ്‌സ്ഥാനിൽ നിന്നും മിസ്‌ഡ് കോൾ ലഭിച്ചുവെന്ന് കർണാടകയിലെ മുതിർന്ന ബിജെപി നേതാവ് കെഎസ് ഈശ്വരപ്പ. ഇന്നലെ അർധ രാത്രി 12.30 ഓടെയാണ് കസാഖ്‌സ്ഥാൻ നമ്പറായ +7(678)815-46-5 നിന്നും കോൾ വന്നത്. ഇക്കാര്യത്തിൽ കൃത്യമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ശിവമോഗ ജില്ല പൊലീസ് സൂപ്രണ്ടിന് പരാതി നൽകിയിട്ടുണ്ടെന്നും ഈശ്വരപ്പ മാധ്യമങ്ങളോട് പറഞ്ഞു.
മഹാരാഷ്‌ട്രയിൽ നിന്നുള്ള ഷഹീർ ഷെയ്ഖ് എന്ന ജയേഷ് എന്നെ കൊല്ലാൻ പദ്ധതിയിട്ടിരുന്നതായി അടുത്തിടെ എൻഐഎയിൽ നിന്ന് വിവരം ലഭിച്ചിരുന്നു. ഇയാൾ പിഎഫ്‌ഐ പ്രവർത്തകനാണെന്നും എൻഐഎ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. എന്നാൽ ഇന്നലെ രാത്രി മിസ്‌ഡ് കോൾ നൽകിയത് ആരാണെന്നത് എനിക്കറിയില്ലെന്നും ഈശ്വരപ്പ കൂട്ടിച്ചേർത്തു.
ബിജെപി വോട്ടർമാർക്ക് നന്ദിയറിയിച്ച് ഈശ്വരപ്പ ; 'ശിവമോഗ സിറ്റി നിയോജക മണ്ഡലത്തിൽ നിന്നും ബിജെപി സ്ഥാനാർഥി ചന്നബസപ്പയെ വിജയിപ്പിച്ച എല്ലാ വോട്ടർമാർക്കും അഭിനന്ദനങ്ങൾ. ജാതി പരിഗണിക്കാതെ എല്ലാ ബുത്തുകളിലും പ്രവർത്തിച്ച ജനങ്ങളാണ് വിജയത്തിന് കാരണം. എണ്ണത്തിൽ നമുക്ക് എംഎൽഎമാർ കുറവായിരിക്കാം. പക്ഷെ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കൂടുതൽ വോട്ടുകൾ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ 36 ശതമാനം വോട്ടുകളാണ് ലഭിച്ചതെങ്കിൽ ഇത്തവണ വോട്ട് ശതമാനം 36.4 ആയി ഉയർന്നിട്ടുണ്ട്. ദേശീയതയേയും വികസനത്തെയും നേതൃത്വത്തെയും പിന്തുണച്ചതിന് സംസ്ഥാനത്തെ ജനങ്ങൾക്ക് നന്ദി'.
'വരും ദിവസങ്ങളിൽ സംസ്ഥാനത്ത് കാവൽ നായയെ പോലെ മികച്ച പ്രതിപക്ഷമായി ബിജെപി പ്രവർത്തിക്കും. ലോക്‌സഭ തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ വിശ്വാസം നിലനിർത്തും. കൂടുതൽ സീറ്റുകൾ നൽകി പ്രധാനമന്ത്രി മോദിക്ക് കരുത്ത് പകരാൻ പോവുകയാണ് ഞങ്ങൾ' - ഈശ്വരപ്പ പറഞ്ഞു.
തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ ബെലഗാവിയിൽ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചതുമായി ബന്ധപ്പെട്ട് എഫ്ഐആർ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. സംഭവത്തിൽ ടിക്കൽവാഡി പിഎസ്ഐ നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ഇത്തരം രാജ്യദ്രോഹ മുദ്രാവാക്യങ്ങൾ ഉയർത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് നിയോജക മണ്ഡലം എംഎൽഎ ഹസീൻ ഷെയ്ഖ് ആവശ്യപ്പെട്ടിട്ടുണ്ട്. കോൺഗ്രസ് വിജയത്തിന് പിന്നാലെ പാകിസ്ഥാൻ ഏജന്‍റുമാർ വീണ്ടും ഉയർന്നുവരുന്നുണ്ട്. ഇവർക്കെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കണമെന്നും ഈശ്വരപ്പ ആവശ്യപ്പെട്ടു.
ALSO READ: ആരാകും മുഖ്യൻ; തയ്യാറായി ഡികെ ശിവകുമാറും സിദ്ധരാമയ്യയും, ചർച്ചകൾ ഡല്‍ഹിയില്‍
കർണാടക നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന് ഈശ്വരപ്പ പ്രഖ്യാപിച്ചിരുന്നു. ഈശ്വരപ്പ എംഎൽഎ ആയിരുന്ന ശിവമോഗ സിറ്റി മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായി ചന്നബസപ്പയാണ് ഇത്തവണ മത്സരിച്ചിരുന്നത്. എതിർ സ്ഥാനാർഥിയായിരുന്ന കോൺഗ്രസിന്‍റെ എച്ച്‌സി യോഗേഷിനെതിരെ 27,674 വോട്ടുകൾക്കാണ് ചന്നബസപ്പ വിജയിച്ചത്.
ALSO READ: 'അധികം സമയമെടുക്കില്ല...' കർണാടക മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെക്കുറിച്ച് രൺദീപ് സിങ് സുർജേവാല