ഹുബ്ബള്ളി (കര്‍ണാടക): നിയമസഭ തെരഞ്ഞെടുപ്പ് പടിവാതിലെത്തിയിരിക്കുമ്പോഴും കര്‍ണാടകയില്‍ കൂടുവിട്ട് കൂടുമാറ്റം സജീവം. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ടിക്കറ്റ് നല്‍കാത്തതിനാല്‍ കർണാടക മുൻ മുഖ്യമന്ത്രിയും ആറ് തവണ ബിജെപി എംഎൽഎയുമായ ജഗദീഷ് ഷെട്ടാറാണ് നിലവില്‍ പോര് മുഴക്കിയിരിക്കുന്നത്. ശനിയാഴ്‌ച വൈകുന്നേരത്തിനുള്ളില്‍ തന്‍റെ കാര്യത്തില്‍ ബിജെപി നീക്കുപോക്കുകള്‍ക്ക് തയ്യാറായില്ലെങ്കില്‍ തുടര്‍നടപടികളിലേക്ക് നീങ്ങുമെന്നാണ് ഷെട്ടാറിന്‍റെ അന്ത്യശാസനം.
അന്ത്യശാസനം നല്‍കി ഷെട്ടാര്‍: ഹൂബ്ലി ധാർവാഡ് സെൻട്രൽ സെഗ്‌മെന്റിൽ നിന്ന് പാര്‍ട്ടി തന്നെ പരിഗണിക്കുമെന്ന് ജഗദീഷ് ഷെട്ടാര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ നിലവിലെ ഭരണകക്ഷി കൂടിയായ ബിജെപിയുടെ ആദ്യ രണ്ട് സ്ഥാനാര്‍ഥി പട്ടികയിലും ജഗദീഷ് ഷെട്ടാറിന് സ്ഥാനം ലഭിച്ചിരുന്നില്ല. എന്നാല്‍ മണ്ഡലത്തില്‍ നിന്ന് എംഎൽഎയായി പുതിയ പദം തേടേണ്ടതില്ലെന്ന് ബിജെപി അദ്ദേഹത്തെ ഉപദേശിച്ചതായും റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇതോടെയാണ് അദ്ദേഹം പരസ്യപ്രതികരണങ്ങളിലേക്ക് നീങ്ങിയത്. ഇതിന്‍റെ ഭാഗമായി കേന്ദ്ര പാര്‍ലമെന്‍ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷമായിരുന്നു ഷെട്ടാറിന്‍റെ അന്ത്യശാസനം.
പ്രതീക്ഷ കൈവിടാതെ: താൻ ഇപ്പോഴും ടിക്കറ്റ് (ഹൂബ്ലി-ധാർവാഡ് സെൻട്രൽ സെഗ്‌മെന്റിൽ നിന്ന്) ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതിനാല്‍ നിലവില്‍ മറ്റൊരു പാർട്ടിയുമായും ചർച്ചകൾ നടക്കുന്നില്ല. പാര്‍ട്ടി നേതൃത്വത്തില്‍ വിശ്വസിക്കുന്നുവെന്നും അവരിൽ നിന്ന് അനുകൂലമായ സൂചന ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം ജഗദീഷ് ഷെട്ടാര്‍ പറഞ്ഞു. എന്നാല്‍ അദ്ദേഹവുമായി ആരോഗ്യകരമായ ചർച്ചയാണ് നടത്തിയതെന്നും കഴിഞ്ഞ 30 വർഷമായി അദ്ദേഹം തങ്ങളെ എംഎൽഎയായി സേവിച്ചുവെന്നും വരും ദിവസങ്ങളിൽ അദ്ദേഹത്തിന്‍റെ സേവനം പാർട്ടിക്ക് ആവശ്യമാണെന്നും പ്രഹ്ലാദ് ജോഷിയും പ്രതികരിച്ചു. പാർട്ടി വിടുന്നതിനെക്കുറിച്ച് അദ്ദേഹം തന്നോട് ഒന്നും പറഞ്ഞില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊഴിഞ്ഞുപോക്ക് തുടരുന്നു: അതേസമയം തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി കർണാടക ബിജെപിയില്‍ കൊഴിഞ്ഞുപോക്ക് തുടരുകയാണ്. സംസ്ഥാന മുന്‍ മന്ത്രിയും ആറ് തവണ പാർട്ടി എംഎൽഎയുമായ അംഗാര എസ്, മുൻ എംഎൽഎ ദൊഡ്ഡപ്പഗൗഡ പാട്ടീൽ നരിബോള, മുഡിഗെരെയിലെ നിലവിലെ എംഎല്‍എ എംപി കുമാരസ്വാമി എന്നിവര്‍ കഴിഞ്ഞദിവസം രാജിവച്ചിരുന്നു. നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം നിഷേധിക്കപ്പെട്ട സാഹചര്യത്തിലാണ് പാര്‍ട്ടിയില്‍ നിന്ന് ഈ നേതാക്കള്‍ രാജിവച്ചത്.
ഇക്കഴിഞ്ഞ ബുധനാഴ്‌ചയാണ് അംഗാരയും ദൊഡ്ഡപ്പഗൗഡയും പാര്‍ട്ടി വിട്ടതായി പ്രഖ്യാപിച്ചത്. പിന്നാലെ എംപി കുമാരസ്വാമിയും ബിജെപിയില്‍ നിന്ന് രാജിവച്ചതായി അറിയിച്ചു. 2008ൽ ജെവർഗി മണ്ഡലത്തിൽ നിന്നും മുൻ മുഖ്യമന്ത്രി എൻ ധർമസിങ്ങിനെ പരാജയപ്പെടുത്തി വിജയിച്ചുകയറിയ നേതാവാണ് ദൊഡ്ഡപ്പഗൗഡ പാട്ടീൽ. പാർട്ടിക്ക് വേണ്ടി പ്രചാരണത്തിനില്ലെന്നും താന്‍ രാഷ്‌ട്രീയ പ്രവർത്തനം തന്നെ വേണ്ടെന്നുവയ്‌ക്കുകയാണെന്നുമാണ് അംഗാരയുടെ നിലപാട്. മാത്രമല്ല അതിവൈകാരികമായാണ് അദ്ദേഹം ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചതും. എന്നാല്‍ സുള്ള്യ സീറ്റ് നൽകാത്തതാണ് മുൻ മന്ത്രിയുടെ രാജിക്ക് കാരണം. കലബുറഗി റൂറൽ ബിജെപി ജില്ല പ്രസിഡന്‍റ് ശിവരാജ് പാട്ടീൽ രാദ്‌വേദഗിയെയാണ് ബിജെപി ജെവർഗിയിൽ നിന്ന് മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ താൻ മറ്റൊരു പാർട്ടിയിൽ ചേരുമെന്നും അല്ലെങ്കിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്നും പാട്ടീൽ വ്യക്തമാക്കിയിരുന്നു.