ന്യൂഡൽഹി: ഇന്ത്യയിൽ ജനാധിപത്യം സംരക്ഷിക്കാനാണ് സിപിഐ വിട്ട് കോൺഗ്രസിൽ ചേർന്നതെന്ന് കനയ്യ കുമാർ. ഇന്ത്യയിൽ പഴക്കം ചെന്നതും പ്രതിപക്ഷ പാർട്ടിയുമാണ് കോൺഗ്രസ് എന്നും പാർട്ടി എപ്പോഴും ജനാധിപത്യത്തിന് വേണ്ടിയാണ് നിലകൊള്ളുന്നതെന്നും കനയ്യ കുമാർ പ്രതികരിച്ചു. രാജ്യത്തെ പ്രതിപക്ഷ പാർട്ടി എപ്പോഴും ശക്തമായിരിക്കണമെന്നാണ് തന്‍റെ ആഗ്രഹമെന്നും അതിനാലാണ് താൻ കോൺഗ്രസിൽ ചേർന്നതെന്നും കനയ്യ കുമാർ ഇടിവി ഭാരതിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
ബിജെപിക്ക് മറുപടി
തന്നെ ബിജെപി ഭയക്കുന്നുവെന്നും താൻ കോൺഗ്രസ് പാർട്ടിയിൽ പ്രവേശിക്കുന്നതിലൂടെ ബിജെപിയുടെ ശക്തി ക്ഷയിക്കുമെന്നും കനയ്യ പറഞ്ഞു വക്കുന്നു. ടുക്‌ഡെ ടുക്‌ഡെ ഗ്യാങ് കോൺഗ്രസിൽ ലയിക്കുന്നു എന്നായിരുന്നു കനയ്യയുടെ കോൺഗ്രസ് പ്രവേശനത്തെ ബിജെപി പരിഹസിച്ചത്. ഇതിന് മറുപടിയായിരുന്നു കനയ്യയുടെ പ്രതികരണം.
'സിപിഐക്കെതിരെ ഒരു പരാതിയുമില്ല'
ബിഹാറിൽ കോൺഗ്രസിനെ ശക്തമായ പാർട്ടിയാക്കി മാറ്റുമെന്നും സംസ്ഥാനത്തെ അടിസ്ഥാന പ്രശ്‌നങ്ങളിൽ പരിഹാരം കാണുമെന്നും ബിഹാർ സംസ്ഥാന രാഷ്‌ട്രീയത്തെപ്പറ്റി കനയ്യ കുമാർ പറഞ്ഞു. സിപിഐ വിട്ട ശേഷമുള്ള മുതിർന്ന നേതാക്കളുടെ പ്രസ്‌താവനകൾക്കും കനയ്യ മറുപടി നൽകി. അവകാശങ്ങൾക്ക് വേണ്ടി പോരാടാൻ താൻ പഠിച്ചുവെന്നും സിപിഐ ഒരുപാട് കാര്യങ്ങൾ തന്നെ പഠിപ്പിച്ചിട്ടുണ്ടെന്നും അതിനാൽ പാർട്ടിക്കെതിരെ ഒരു പരാതിയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്കെതിരെയുള്ള ആരോപണങ്ങൾ രാഷ്‌ട്രീയത്തിന്‍റെ ഭാഗമാണെന്നും കനയ്യ വ്യക്തമാക്കി.
2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് കനയ്യ കുമാർ സിപിഐയിൽ ചേരുന്നത്. ബിഹാറിൽ നിന്ന് ജനവിധി തേടിയെങ്കിലും കനയ്യ പരാജയപ്പെടുകയായിരുന്നു.
Read more: കനയ്യകുമാറിനെ സ്വീകരിക്കാനൊരുങ്ങി കോൺഗ്രസ്, ലക്ഷ്യം യുപി തെരഞ്ഞെടുപ്പ്: ഒന്നും മിണ്ടാതെ സിപിഐ