കൊൽക്കത്ത: മെയ് രണ്ടിന് പശ്ചിമബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന് ശേഷം തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ബിജെപി പ്രകടനം നടത്തും. അടുത്ത ആഴ്‌ച പ്രതിഷേധ പ്രകടനം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
ജൂൺ 23ന് കൊൽക്കത്തയിലും ജൂൺ 25ന് മറ്റ് ജില്ലകളിലും പ്രകടനം നടത്തും. സംസ്ഥാന ബിജെപി നേതാക്കളായ ശിവ പ്രകാശ്, അരവിന്ദ് മേനോൻ, അമിത് മാൽവിയ, സംസ്ഥാന യൂണിറ്റ് മേധാവി ദിലീപ് ഘോഷ് എന്നിവർ പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം.
നിരവധി പ്രവർത്തകർക്ക് ഇപ്പോഴും വീട്ടിൽ ചെല്ലാൻ സാധിക്കുന്നില്ലെന്നും മഴക്കാലമായതോടെ അവർ വളരെയധികം ബുദ്ധിമുട്ടുകൾ നേരിടുന്നതായും ദിലീപ് ഘോഷ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. പാർട്ടിയിലെ എംപിമാരോടും എംഎൽഎമാരോടും തങ്ങളുടെ നിയോജകമണ്ഡലങ്ങളിൽ തുടരാനും പലായനം ചെയ്‌ത ബിജെപി അംഗങ്ങളെയും അനുയായികളെയും നാട്ടിലേക്ക് കൊണ്ടു വരാൻ ആവശ്യപ്പെടുകയും ചെയ്‌തു.
ജൂൺ 21ന് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംസ്ഥാന-ജില്ലാ തലത്തിൽ അന്താരാഷ്‌ട്ര യോഗ ദിനം ആചരിക്കാനും പരിപാടികളിൽ വിവിധ മേഖലകളിൽ നിന്നുള്ളവരെ ഉൾപ്പെടുത്താനും യോഗത്തിൽ തീരുമാനമായി. പാർട്ടി തെരഞ്ഞടുപ്പ് മാറ്റിയതിന്‍റെ കാരണങ്ങളും യോഗത്തിൽ ചർച്ച ചെയ്‌തു.
Also Read: നന്ദിഗ്രാമിലെ തോല്‍വി; മമതയുടെ ഹര്‍ജി ഹൈക്കോടതിയില്‍