കൊല്‍ക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് നേരെ നന്ദിഗ്രാമിലുണ്ടായ 'ആക്രമണം' സിബിഐ അന്വേഷിക്കണമെന്ന് ബിജെപി. സംഭവം വോട്ട് നേടുന്നതിനായി 'നന്നായി തിരക്കഥയൊരുക്കിയ നാടകമാണോ' എന്ന് കണ്ടെത്തേണ്ടതുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് പറഞ്ഞു. ഇത്തരം നാടകങ്ങൾ സംസ്ഥാനത്തെ ജനങ്ങള്‍ നേരത്തെയും കണ്ടിട്ടുണ്ടെന്നും ദിലീപ് ഘോഷ് മാധ്യമങ്ങളോട് പ്രതികരിച്ചു.
എന്താണ് സംഭവിച്ചതെന്ന് ശരിയായി അന്വേഷിക്കേണ്ടതുണ്ട്. ഇസഡ്-പ്ലസ് സുരക്ഷയുള്ള ഒരു വ്യക്തി എങ്ങനെ ആക്രമിക്കപ്പെട്ടുവെന്നത് പരിശോധിക്കേണ്ട കാര്യമാണ്. സത്യം പുറത്തു കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിടണമെന്നും ദിലീപ് ഘോഷ് ആവശ്യപ്പെട്ടു. അതേസമയം ആക്രമണത്തിന് പിന്നില്‍ ബിജെപിയാണെന്ന് തൃണമൂല്‍ നേതാക്കള്‍ ആരോപിച്ചതിനെ തുടര്‍ന്ന് നിരവധി ബിജെപി പ്രവർത്തകർ നന്ദിഗ്രാമിൽ പ്രതിഷേധ പ്രകടനം നടത്തി.
കഴിഞ്ഞ ദിവസമാണ് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് നേരെ ആക്രമണമുണ്ടായത്. നന്ദിഗ്രാമിലെ പ്രചരണ പരിപാടിക്കിടെ കാറിന് സമീപം നില്‍ക്കുകയായിരുന്ന തന്നെ ചിലർ തള്ളുകയായിരുന്നുവെന്നാണ് സംഭവത്തെക്കുറിച്ച് മമത ബാനർജി പ്രതികരിച്ചത്. കാലിനും മറ്റും പരിക്കേറ്റ മമതയെ നന്ദിഗ്രാമിലെ എസ്‌എസ്‌കെഎം ആശുപത്രിയിലേയ്ക്ക് മാറ്റിയിരിന്നു.