ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ 200 ലധികം സീറ്റുകൾ നേടി അടുത്ത സർക്കാർ രൂപീകരിക്കുമെന്ന് ഭാരതീയ ജനതാ പാർട്ടി (ബിജെപി). 2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപി 18 സീറ്റുകൾ നേടുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ എല്ലാവരുടെയും കണക്കുകൂട്ടലുകളും പാർട്ടി തെറ്റിച്ചു. ഈ തെരഞ്ഞെടുപ്പിലും എല്ലാവർക്കും അത് വ്യക്തമാകുമെന്നും അതിനായി മെയ് രണ്ട് വരെ കാത്തിരിക്കാമെന്നും ബിജെപിയുടെ പശ്ചിമ ബംഗാൾ ഐടി സെൽ മേധാവി അമിത് മാൽവിയ പറഞ്ഞു.
അതേസമയം പശ്ചിമ ബംഗാൾ മാറ്റത്തിന്‍റെ അന്തരീക്ഷത്തിലാണെന്ന് ബിജെപി ദേശീയ വക്താവ് ഗോപാൽ കൃഷ്‌ണ അഗർവാൾ അഭിപ്രായപ്പെട്ടു. മമത ബാനർജി കേന്ദ്ര സർക്കാരുമായി ഏറ്റുമുട്ടൽ സൃഷ്‌ടിച്ചതിലൂടെ സംസ്ഥാനത്തെ ജനങ്ങൾക്ക് കേന്ദ്രത്തിൽ നിന്നുള്ള ആനുകൂല്യങ്ങൾ ലഭ്യമാകാത്ത അവസ്ഥയിലാണ്. ഇത്തവണ പശ്ചിമ ബംഗാളിൽ ബിജെപി കേവല ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കാൻ രൂപീകരിക്കുമെന്നും മമത പരാജയപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നിരുന്നാലും ആക്‌സിസ് മൈ ഇന്ത്യ-ഇന്ത്യ ടുഡേ, റിപ്പബ്ലിക്-സിഎൻഎക്‌സ് എക്‌സിറ്റ് പോളുകൾ ചൂണ്ടിക്കാണിക്കുന്നത് 2019ലേത് പോലെ തന്നെ ഇത്തവണയും ബിജെപിക്ക് നേട്ടം കൈവരിക്കാൻ സാധിക്കുമെന്നാണ്.