മുംബൈ(മഹാരാഷ്ട്ര): സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ ക്ഷമാപണം നടത്തി മഹാരാഷ്ട്രയിലെ ബിജെപി നേതാവ് ചന്ദ്രകാന്ത് പാട്ടീല്‍. ഒരു പ്രതിഷേധ പരിപാടിക്കിടെ എന്‍സിപി എംപി സുപ്രിയ സുലേയോട് 'വീട്ടില്‍ പോയി പാചകം ചെയ്യൂ' എന്നു പറഞ്ഞത് ഏറെ ചര്‍ച്ചയായിരുന്നു. ചന്ദ്രകാന്ത് പാട്ടീലിന്‍റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ വിശദീകരണം ചോദിച്ച് സംസ്ഥാന വനിതാ കമ്മിഷൻ പാട്ടീലിന് നോട്ടീസ് അയച്ചിരുന്നു.
പാട്ടീല്‍ പറഞ്ഞ കാര്യത്തില്‍ അദ്ദേഹം മാപ്പു ചോദിച്ചെന്നും അതിനാല്‍ വിഷയം ഇവിടെ അവസാനിപ്പിക്കണമെന്നും സംഭവത്തില്‍ പ്രതികരിച്ച് സുപ്രിയ സുലേ പറഞ്ഞു. പിന്നോക്ക വിഭാഗങ്ങള്‍ക്ക് രാഷ്ട്രീയ സംവരണം ലഭിക്കാത്തതിലുള്ള നിരാശയാണ് അത്തരമൊരു പരാമര്‍ശം നടത്താന്‍ തന്നെ പ്രേരിപ്പിച്ചത് എന്ന് വനിതാകമ്മീഷന്‍ അയച്ച നോട്ടീസിന് മറുപടിയായി പാട്ടീല്‍ പറഞ്ഞതായി വനിതാകമ്മീഷന്‍ അധ്യക്ഷ രുപാലി ചകങ്കാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പിന്നോക്ക സംവരണം സംബന്ധിച്ച് ബിജെപി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിക്കിടെയാണ് പാട്ടീലിന്‍റെ വിവാദപരാമര്‍ശം. നിങ്ങള്‍ എന്തിനാണ് രാഷ്ട്രീയത്തില്‍ നില്‍ക്കുന്നത്, വീട്ടില്‍ പോയി പാചകം ചെയ്യൂ. ഡല്‍ഹിയിലേക്കോ സെമിത്തേരിയിലേക്കോ പോകൂ, എന്നിട്ട് ഞങ്ങള്‍ക്ക് സംവരണം കൊണ്ടുവരൂ. ലോക്‌സഭാംഗമായിട്ടും എങ്ങനെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തണമെന്ന് നിങ്ങൾക്കറിയില്ല. എന്നായിരുന്നു ബിജെപി നേതാവ് എന്‍സിപിയുടെ വനിത എംപിയോട് പറഞ്ഞത്.
ഇന്ത്യൻ രാഷ്ട്രീയത്തിൽ ലിംഗവിവേചനം വ്യാപകമായിക്കൊണ്ടിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് രംഗത്തുവന്നിരുന്നു. സംഭവത്തില്‍ പ്രതികരിച്ച്, പൊതുവേദികളിൽ സ്ത്രീകളെ അപമാനിക്കുന്നതിനെതിരെ ബിൽ കൊണ്ടുവരുമെന്ന് ഡിഎംകെ എംപി കനിമൊഴി പറഞ്ഞു. കോലാപൂർ സ്വദേശിയായ പാട്ടീൽ, 2019 ലെ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ പൂനെയിലെ കൊത്രൂഡ് സീറ്റിൽ നിന്ന് മത്സരിച്ചിരുന്നു. ഒബിസി ക്വാട്ട പ്രശ്നത്തില്‍ മഹാരാഷ്ട്രയിലെ ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് സഖ്യം ഇടപെടുന്നില്ലെന്നാണ് ബിജെപിയുടെ വാദം.