ന്യൂഡൽഹി: ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി (സിഇസി) യോഗം ഡൽഹിയിൽ തുടങ്ങി (BJP CEC Meet Underway- PM Modi Also Attending). പ്രധാനമന്ത്രി നരേദ്ര മോദി അടക്കമുള്ള സുപ്രധാന നേതാക്കളെല്ലാം പാര്‍ട്ടി ആസ്ഥാനത്ത് നടക്കുന്ന യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ഈ വർഷം അവസാനത്തോടെ മധ്യപ്രദേശും രാജസ്ഥാനും ഛത്തീസ്‌ഗഡും അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനെക്കുറിച്ച് ചർച്ച ചെയ്യാനാണ് യോഗമെന്നാണ് റിപ്പോര്‍ട്ട്. യോഗത്തില്‍ രാജസ്ഥാനിലെയും ഛത്തീസ്‌ഗഡിലെയും സ്ഥാനാർഥി പട്ടികയിൽ അന്തിമ തീരുമാനമെടുത്തേക്കും.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിന് മുന്നോടിയായി ബിജെപിയുടെ ഉന്നത നേതാക്കൾ ഇന്ന് പാർട്ടി മേധാവി ജെപി നദ്ദയുടെ വസതിയിൽ യോഗം ചേർന്നിരുന്നു. രാജസ്ഥാനിലും ഛത്തീസ്‌ഗഡിലും നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനുള്ള പദ്ധതികൾ ചർച്ച ചെയ്യാനായിരുന്നു യോഗം. നദ്ദയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കേന്ദ്രമന്ത്രിയും ബിജെപിയുടെ രാജസ്ഥാന്‍റെ തെരഞ്ഞെടുപ്പ് ചുമതലക്കാരനുമായ പ്രഹ്ളാദ് ജോഷി, രാജസ്ഥാൻ തെരഞ്ഞെടുപ്പിന്‍റെ സഹ ചുമതലയുള്ള കുൽദീപ് ബിഷ്‌ണോയി, മുൻ രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെ, രാജസ്ഥാൻ ബിജെപി അധ്യക്ഷൻ സിപി ജോഷി എന്നിവരും പങ്കെടുത്തു.
ഈ യോഗത്തിൽ പാർട്ടിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ തയ്യാറാക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്ന കോർ ഗ്രൂപ്പ് നേതാക്കളും പങ്കെടുത്തു. തെരഞ്ഞെടുപ്പില്‍ പരിഗണിക്കാവുന്ന സ്ഥാനാർഥികളെപ്പറ്റിയും ഉയർത്താവുന്ന വിഷയങ്ങളെപ്പറ്റിയും കോർ ഗ്രൂപ്പ് നേതാക്കൾ യോഗത്തിൽ വിശദീകരിച്ചതായാണ് വിവരം.