ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സര്‍ക്കാരിനെയും വീണ്ടും കടന്നാക്രമിച്ച് ജമ്മു കശ്‌മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് (BJP and Pulwama attack satyapal malik allegation). പുല്‍വാമയില്‍ ആക്രമണം നടത്തിയത് സര്‍ക്കാരാണെന്ന് താന്‍ പറയില്ലെന്നും എന്നാല്‍ അവരത് രാഷ്‌ട്രീയ ലാഭത്തിനായി ഉപയോഗിച്ചുവെന്ന് സത്യപാല്‍ മാലിക് പറഞ്ഞു. കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധിയുമായുള്ള പ്രത്യേക അഭിമുഖത്തിലാണ് പുല്‍വാമ ഭീകരാക്രമണത്തിന്‍റെ സമയത്ത് ഗവര്‍ണറായിരുന്ന അദ്ദേഹം വെളിപ്പെടുത്തലുകള്‍ നടത്തിയത്.
പുല്‍വാമയില്‍ വിമര്‍ശനം ആവര്‍ത്തിച്ച്: 2019 ലെ പുല്‍വാമ ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. സര്‍ക്കാരാണ് അത് ചെയ്‌തതെന്ന് ഞാന്‍ പറയില്ല. പക്ഷെ അവര്‍ അത് രാഷ്‌ട്രീയ ലാഭത്തിനായി ഉപയോഗിച്ചു. ആക്രമണത്തിന് ശേഷം പുല്‍വാമയിലെ രക്തസാക്ഷികള്‍ക്കായി വോട്ട് ചെയ്യണമെന്ന് ബിജെപി നേതാക്കള്‍ ആവശ്യപ്പെടുന്ന വീഡിയോകള്‍ പുറത്തുവന്നിരുന്നുവെന്നും സത്യപാല്‍ മാലിക് തന്‍റെ മുന്‍ ആരോപണങ്ങളെ ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചു.
കൊല്ലപ്പെട്ട സൈനികർക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ പ്രധാനമന്ത്രി ശ്രീനഗറിലേക്ക് പോവേണ്ടതായിരുന്നു. എന്നാല്‍ പ്രധാനമന്ത്രി ജിം കോർബറ്റ് പാർക്കിൽ ഷൂട്ടിങിന്‍റെ തിരക്കിലായിരുന്നു. വൈകുന്നേരം ആറ് മണിക്ക് അദ്ദേഹം എന്നെ വിളിച്ചു. സംഭവത്തെക്കുറിച്ചും നമ്മുടെ അശ്രദ്ധ മൂലമാണ് സൈനികർ മരിച്ചതെന്നും ഞാൻ അദ്ദേഹത്തോട് പറഞ്ഞു. എന്നാല്‍ അദ്ദേഹം ഈ വിഷയത്തില്‍ മിണ്ടാതിരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് സത്യപാല്‍ മാലിക് കുറ്റപ്പെടുത്തി.
പിന്നീട് ദേശീയ സുരക്ഷ ഉപദേഷ്‌ടാവ് ഡോവല്‍ എന്നെ വിളിച്ചുവെന്നും അദ്ദേഹവും തന്നോട് മിണ്ടാതിരിക്കാന്‍ ആവശ്യപ്പെട്ടുവെന്നും സത്യപാല്‍ മാലിക് പറഞ്ഞു. അവർ അന്വേഷണം നടത്തുമെന്ന് താൻ കരുതിയെന്നും എന്നാല്‍ ഒന്നും സംഭവിച്ചില്ലെന്നും അദ്ദേഹം അറിയിച്ചു.
സിആർപിഎഫ് ഉദ്യോഗസ്ഥർക്കായി അഞ്ച് വിമാനങ്ങൾ ആവശ്യപ്പെട്ടിരുന്നുവെങ്കിലും കേന്ദ്രത്തിലെ ബിജെപി സർക്കാർ അത് നിഷേധിച്ചു. നാലു മാസത്തോളം ആ അപേക്ഷ ആഭ്യന്തര മന്ത്രാലയത്തിൽ കുടുങ്ങിക്കിടന്നു. അത് സിആർപിഎഫും ആഭ്യന്തര മന്ത്രാലയവും തമ്മിലായതിനാൽ തനിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെന്നും സത്യപാല്‍ മാലിക് പറഞ്ഞു. ആക്രമണത്തിന് സാധ്യതയുള്ളതായി സൂചനയുണ്ടായിട്ടും ഹൈവേയും ലിങ്ക് റോഡുകളും സുരക്ഷിതമാക്കിയില്ലെന്നും അദ്ദേഹം വിമര്‍ശനമുന്നയിച്ചു. മാത്രമല്ല ബിജെപിയുടെ കശ്‌മീര്‍ നയത്തെയും അദ്ദേഹം കുറ്റപ്പെടുത്തി.
കശ്‌മീരിനെ സമീപിക്കേണ്ടത് ഇങ്ങനെയല്ല: നിങ്ങള്‍ക്ക് ജമ്മു കശ്‌മീരിനെ ബലപ്രയോഗത്തിലൂടെയോ സൈനികമായോ ശരിയാക്കാനാവില്ല. ജനങ്ങളുടെ വിശ്വാസം നേടിയാൽ എന്തും നടപ്പിലാക്കാനാവും. അവിടെയുള്ള ആളുകൾ വളരെ അടുപ്പം സൂക്ഷിക്കുന്നവരാണ്. അതുകൊണ്ടാണ് സംസ്ഥാന പദവി തട്ടിയെടുക്കുന്നതുപോലെയുള്ള ആർട്ടിക്കിൾ 370 റദ്ദാക്കിയതിൽ അവര്‍ പ്രകോപിതരാകാതിരുന്നതെന്നും സത്യപാല്‍ മാലിക് പറഞ്ഞു. സംഭവത്തില്‍ ജമ്മു കശ്‌മീർ പൊലീസ് കലാപമുണ്ടാക്കുമെന്ന് അവർ കരുതിയിരുന്നുവെന്നും, എന്നാല്‍ ഇന്ത്യന്‍ സര്‍ക്കാരിനോട് വിശ്വാസ്യത പുലര്‍ത്തുന്നതിനാല്‍ അവര്‍ അവധിയെടുക്കാതെ ജോലിയില്‍ തുടരുകയായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കർഷക പ്രതിഷേധം, മണിപ്പൂർ കലാപം, അദാനി തുടങ്ങിയ വിഷയങ്ങളിലും സത്യപാല്‍ മാലിക് കേന്ദ്ര സര്‍ക്കാരിനെയും പ്രധാനമന്ത്രി മോദിയെയും വിമര്‍ശിച്ചു. കേന്ദ്രത്തിൽ ബിജെപിയെ താഴെയിറക്കിയില്ലെങ്കിൽ കർഷകർക്ക് പകരം കോർപ്പറേറ്റുകളെ കർഷകരാക്കി മാറ്റി കൃഷി അവര്‍ തകര്‍ക്കുമെന്നും അഗ്നിവീർ പദ്ധതിയിലൂടെ അവർ ഇതിനോടകം സൈന്യത്തില്‍ ഇത് പൂർത്തിയാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.