കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന്‍റെ തകർപ്പന്‍ വിജയത്തിനുശേഷം അസൻസോളിലെ ഭാരതീയ ജനതാ പാർട്ടി ഓഫിസ് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ നശിപ്പിച്ചതായി ആരോപണം. മുഖ്യമന്ത്രി മമത ബാനർജിയുടെ 15-20 പാർട്ടി പ്രവര്‍ത്തകര്‍ പശ്ചിമ ബംഗാളിലെ കൊൽക്കത്ത ഓഫിസ് ആക്രമിക്കുകയും പ്രവർത്തകരുമായി വാക്കേറ്റം നടത്തുകയും സംസ്ഥാന ഓഫിസ് നശിപ്പിക്കുകയും ചെയ്തുവെന്നാണ് ആരോപണം.
നന്ദിഗ്രാമിൽ മമത ബാനർജിയുടെ പരാജയം ടിഎംസി പ്രവർത്തകരിൽ കടുത്ത നീരസമുണ്ടാക്കിയിട്ടുണ്ടെന്നും അത്തരം 'രാജ്യദ്രോഹികളെ' ബംഗാളിൽ കൂടുതൽ കാലം താമസിക്കാൻ അനുവദിക്കില്ലെന്നും എബിവിപി പറഞ്ഞു. സംസ്ഥാനത്ത് പാർട്ടി പ്രവർത്തകർക്കെതിരായ അതിക്രമത്തിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാൻ ബിജെപി പ്രസിഡന്‍റ് ജഗത് പ്രകാശ് നദ്ദ ആഹ്വാനം ചെയ്തിട്ടുണ്ട്.
"തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് 24 മണിക്കൂറിനുള്ളിൽ നിരവധി ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ടു. നിരവധി തൊഴിലാളികൾക്ക് ഗുരുതരമായി പരിക്കേറ്റു. നിരവധി പാർട്ടി പ്രവർത്തകരുടെ വീടും കടകളും കത്തിനശിച്ചു. മമത ബാനർജിയുടെ പരാജയത്തിനും തൃണമൂൽ കോൺഗ്രസിന്‍റെ വിജയത്തിനും ശേഷം പാർട്ടി ഗുണ്ടകൾ അക്രമവും രക്തവും കൊണ്ട് ആഘോഷിക്കാൻ തുടങ്ങി". ബിജെപി ഔദ്യോഗിക വാർത്ത കുറിപ്പിൽ പറഞ്ഞു.
അതേസമയം പാർട്ടിയുടെ എല്ലാ സംഘടനാ മണ്ഡലങ്ങളിലും കൊവിഡ് മാനദണ്ഡങ്ങൾ പിന്തുടർന്ന് മെയ് 5ന് രാജ്യവ്യാപകമായി ധർണ നടത്തുമെന്ന് ബിജെപി സമൂഹമാധ്യമമായ ട്വിറ്ററിൽ കുറിച്ചു. പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് 213 സീറ്റുകൾ നേടുകയും ബിജെപി 77 സീറ്റുകൾ നേടുകയും ചെയ്തു.