റാഞ്ചി : സര്‍ക്കാര്‍ ഭൂമി സര്‍ക്കാരിന് തന്നെ മറിച്ചുവിറ്റ മൂന്ന് പേര്‍ക്കെതിരെ കേസെടുത്ത് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ്. 2011ല്‍ ബിര്‍സ മുണ്ട വിമാനത്താവളത്തിന്‍റെ വിപുലീകരണത്തിനായി സ്ഥലം ഏറ്റെടുക്കുന്നതിനിടെ ഭൂമി തങ്ങളുടേതാണെന്ന വ്യാജ രേഖകള്‍ കാട്ടി സര്‍ക്കാരിന് ഭൂമി വിറ്റുവെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്. സംസ്ഥാനത്തിന്‍റെ തലസ്ഥാന നഗരമായ റാഞ്ചിയില്‍ ഭൂമി തട്ടിപ്പ് കേസ് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇഡി നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന സംഭവം പുറത്തുവരുന്നത്.
2011ല്‍ വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുത്തതിനെ തുടര്‍ന്ന് 30 ലക്ഷം രൂപ സര്‍ക്കാരില്‍ നിന്നും ഇവര്‍ തട്ടിയെടുത്തു. 06/2008-09 എന്ന നമ്പരില്‍ രജിസ്‌റ്റര്‍ ചെയ്‌ത ഭൂമി ഇടപാട് അവലോകനം ചെയ്‌തതില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് ജില്ല ലാന്‍ഡ് അക്വസിഷന്‍ ഓഫിസര്‍ അഞ്ജന ദാസാണ് കോട്വാലി പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. ഭൂമി ഏറ്റെടുപ്പ് ഇടപാടിനെ തുടര്‍ന്ന് സര്‍ക്കാരില്‍ നിന്ന് പണം കൈപ്പറ്റിയവരുടെ പട്ടികയും അഞ്ജന ദാസ് പ്രസിദ്ധീകരിച്ചു.
പ്രതികളെ കണ്ടെത്തി പൊലീസ്: അവലോകന സമയത്ത് ബിര്‍സ മുണ്ട വിമാനത്താവള വികസന പദ്ധതിക്ക് വേണ്ടി അക്കൗണ്ട് നമ്പര്‍ 13, പ്ലോട്ട് നമ്പര്‍ - 168, വിസ്‌തീര്‍ണം - 0.63 ഏക്കര്‍ ഭൂമി വ്യാജ രേഖകള്‍ ചമച്ച് ചിലര്‍ സര്‍ക്കാരിന് വില്‍പ്പന നടത്തി നഷ്‌ടപരിഹാരം സ്വീകരിച്ചതായി കണ്ടെത്തി. റാഞ്ചി സ്വദേശികളായ രാജ്‌കുമാര്‍ ശ്രീവാസ്‌തവ, രവീന്ദ്ര കുമാര്‍, മുകേഷ് കുമാര്‍ സിന്‍ഹ എന്നിവരാണ് പ്രതികളെന്ന് കണ്ടെത്തി. ലാന്‍ഡ് അക്വസിഷന്‍ ഓഫിസറുടെ പരാതിയെ തുടര്‍ന്ന് 2023 ജൂലൈ 15ന് 226/26 പ്രകാരമാണ് എഫ്‌ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്.
ബരിയാതു റോഡിലെ പട്ടാള ഭൂമിയിലും തുടര്‍ന്ന് ചെഷയര്‍ ഹോം റോഡ് ഭൂമിയിലും കൃത്രിമം നടന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇഡി നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തുവന്നത്. ശേഷം, പുഗാഡുവിലുള്ള ഖസ്‌മഹല്‍ പ്രദേശത്തെ ഭൂമി സംബന്ധിച്ചും അന്വേഷണം ആരംഭിച്ചു. സംഭവത്തെ തുടര്‍ന്ന് സമാനമായ തരത്തില്‍ നിരവധി കേസുകളാണ് പുറത്തുവരുന്നത്.
നിര്‍മിത ബുദ്ധി ഉപയോഗിച്ച് പണം തട്ടല്‍ : അതേസമയം, കോഴിക്കോട് നിര്‍മിത ബുദ്ധി ഉപയോഗിച്ച് വ്യാജ വീഡിയോ കോളിലൂടെ പണം തട്ടിയ സംഭവത്തില്‍ പരാതിക്കാരന് നഷ്‌ടപ്പെട്ട 40,000 രൂപ കേരള പൊലീസ് സൈബര്‍ ഓപ്പറേഷന്‍ വിഭാഗം തിരിച്ചുപിടിച്ചു. എഐ സാങ്കേതിക വിദ്യ ദുരുപയോഗം ചെയ്‌ത്, വീഡിയോ കോളിലൂടെ പണം തട്ടിയ കേരളത്തിലെ ആദ്യ കേസാണിത്. ഈ കേസില്‍ ദിവസങ്ങള്‍ക്കുള്ളില്‍ പണം തിരിച്ചുപിടിക്കാന്‍ കഴിഞ്ഞത് സൈബര്‍ ഓപ്പറേഷന്‍ വിഭാഗത്തിന്‍റെ നെറുകയിലെ പൊന്‍തൂവലായി മാറി.
കേഴിക്കോട് സ്വദേശി രാധാകൃഷ്‌ണനെ വാട്‌സ്‌ആപ്പ് വീഡിയോ കോളിലൂടെ സുഹൃത്താണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് അജ്ഞാത സംഘം 40,000 രൂപ തട്ടിയെടുത്തത്. ആന്ധ്രാപ്രദേശില്‍ ഒപ്പം ജോലി ചെയ്‌തിരുന്ന ആളുമായി സാദൃശ്യമുള്ള രൂപമാണ് വീഡിയോ കോളില്‍ രാധാകൃഷ്‌ണന് അനുഭവപ്പെട്ടത്. മാത്രമല്ല, പരിചയമുള്ള ആളുകളുടെ പേരുകള്‍ പറഞ്ഞ് വിശ്വസിപ്പിക്കുകയും ചെയ്‌തിരുന്നു.
താൻ ഇപ്പോൾ ദുബായിലാണെന്നും ബന്ധുവിന്‍റെ ചികിത്സയ്ക്കായി പണം അത്യാവശ്യമാണെന്നും നാട്ടിൽ എത്തിയാലുടൻ തിരിച്ച് നൽകാമെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്. ആദ്യം 40,000 രൂപ ആവശ്യപ്പെടുകയും രാധാകൃഷ്‌ണൻ അത് നൽകുകയും ചെയ്‌തിരുന്നു. എന്നാൽ, വീണ്ടും ഇയാൾ 35,000 രൂപ ആവശ്യപ്പെട്ടതോടെയാണ് രാധാകൃഷ്‌ണന് സംശയം തോന്നിയത്. തുടര്‍ന്ന് സുഹൃത്തിനെ ബന്ധപ്പെട്ടപ്പോഴായിരുന്നു തട്ടിപ്പിന് ഇരയായ കാര്യം മനസിലായത്.