കൊല്‍ക്കത്ത : പുരുഷന്മാരുടെ ലൈംഗിക ശേഷി നശിപ്പിക്കാന്‍ ഇടയാക്കുമെന്ന വിചിത്രവാദവുമായി പശ്ചിമബംഗാളിലെ ബിരിയാണി കട അടപ്പിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍. ബിരിയാണിയിൽ ഉപയോഗിക്കുന്ന മസാലകള്‍ പുരുഷ ലൈംഗിക ശേഷിയെ പ്രതികൂലമായി ബാധിക്കും. ഇതേക്കുറിച്ച് നിരവധി ആരോപണം ഉയര്‍ന്നതോടെയാണ് തങ്ങള്‍ കട അടപ്പിച്ചതെന്നും കൂച്ച്‌ബെഹാർ മുനിസിപ്പാലിറ്റി ചെയർമാനും ടിഎംസി നേതാവുമായ രവീന്ദ്രനാഥ് ഘോഷ് പറഞ്ഞു.
കൂച്ച്‌ബെഹാറിലെ 'കൊല്‍ക്കത്ത ബിരിയാണി' എന്ന കടയ്‌ക്കെതിരെയാണ് ഞായറാഴ്‌ച ടിഎംസി നേതാക്കളുടെ വിചിത്ര നടപടി. ഇക്കാര്യത്തില്‍ ശാസ്‌ത്രീയമായ ഒരു തെളിവുകളും ഇല്ലെന്നിരിക്കെയാണ് കട അടപ്പിച്ചത്. '' ഈ കടയില്‍ ബിരിയാണി ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ചേരുവകളും മസാലകളും പുരുഷ ലൈംഗിക ശേഷി കുറയ്‌ക്കും. ഒരുപാട് ആളുകള്‍ ഇതേക്കുറിച്ച് പറയുന്നുണ്ട്'' - മമത ബാനർജി മന്ത്രിസഭയിലെ മുൻ നോർത്ത് ബംഗാൾ വികസന വകുപ്പ് മന്ത്രി കൂടിയായ ഘോഷ് ആരോപിച്ചു.
'കൂടുതല്‍ കടകള്‍ക്കെതിരെ നടപടി ഉടന്‍' : കൂച്ച്ബെഹാർ മുനിസിപ്പൽ മേഖലയിൽ അനധികൃതമായി പ്രവർത്തിക്കുന്ന നിരവധി കടകൾക്കെതിരെ ഇത്തരത്തില്‍ ആരോപണങ്ങളുണ്ടെന്ന് മുനിസിപ്പാലിറ്റി വൃത്തങ്ങൾ അറിയിച്ചു. പുരുഷന്മാരുടെ ലൈംഗികാസക്തിയെ ഇല്ലാതാക്കുന്ന പ്രത്യേകം ചില ചേരുവകള്‍ ഇവര്‍ പാചകത്തിന് ഉപയോഗിക്കുന്നുണ്ട്. ഇക്കാരണത്താലാണ് തങ്ങള്‍ നടപടിയെടുത്തത്.
ഇതിനുപുറമെ, ബിഹാറില്‍ നിന്നും ഉത്തർപ്രദേശില്‍ നിന്നും ആളുകള്‍ വന്ന് റോഡരികില്‍ ഭക്ഷണം വില്‍ക്കുന്നുണ്ട്. പുലര്‍ച്ചവരെ തുറന്നിരിക്കുന്ന ഈ കടകളില്‍ എല്ലാത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. ഇവര്‍ക്കെതിരെ ഉടന്‍ നടപടി ഉണ്ടാവുമെന്നും മുനിസിപ്പാലിറ്റി വൃത്തങ്ങള്‍ അറിയിച്ചു.