കട്ടക്ക്: സുഹൃത്തിന്‍റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് അന്താരാഷ്‌ട്ര ഹോക്കി താരം ബിരേന്ദ്ര ലക്രയ്ക്ക് എതിരെ ക്രൈംബ്രാഞ്ച് അന്വേഷണം. സുഹൃത്ത് ആനന്ദ് ടോപ്പോയുടെ മരണത്തിലാണ് ഒഡിഷ ഹൈക്കോടതി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. ആനന്ദിന്‍റെ മരണത്തിൽ ബിരേന്ദ്രയ്ക്ക് പങ്കുണ്ടെന്ന് കുടുംബാംഗങ്ങൾ ആരോപിച്ചിരുന്നു.
ഭുവനേശ്വറിലെ ഇൻഫോസിറ്റി ഏരിയയിലെ വീട്ടിലായിരുന്നു ആനന്ദ് ടോപ്പോയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആനന്ദിന്‍റെ പിതാവ് സമർപ്പിച്ച ഹർജി പരിഗണിച്ച ഹൈക്കോടതി, പ്രതി ഡിഎസ്‌പി റാങ്കിലുള്ള ഉദ്യോഗസ്ഥനായതിനാൽ ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തിൽ കേസ് അന്വേഷിക്കണമെന്ന് നിർദേശിച്ചു. അന്വേഷണ ഉദ്യോഗസ്ഥൻ കീഴ്‌ക്കോടതിയിൽ യഥാ സമയം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.
അന്വേഷണത്തിന് വേണ്ടി ആനന്ദിന്‍റെ കുടുംബം: സംഭവത്തില്‍ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും നിഷ്‌പക്ഷമായ അന്വേഷണം നടക്കുന്നില്ലെന്നും ആരോപിച്ച് മരിച്ച ആനന്ദ് ടോപ്പോയുടെ പിതാവ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ആനന്ദിനെ കൊലപ്പെടുത്തിയതിൽ ബിരേന്ദ്ര ലക്രയ്ക്കും സുഹൃത്ത് മഞ്ജീത് ടെറ്റെയ്ക്കും പങ്കുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരി 28നാണ് ആനന്ദിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തിന് വെറും പത്തുദിവസം മുമ്പായിരുന്നു ആനന്ദ് വിവാഹിതനായത്. ബിരേന്ദ്രയും മഞ്ജീതും ആനന്ദിന്‍റെ ബാല്യകാല സുഹൃത്തുക്കളായിരുന്നു. രാജ്യാന്തര ഹോക്കി താരമെന്ന നിലയില്‍ ബിരേന്ദ്ര ലക്രയുടെ വളര്‍ച്ച ആരാധനയോടെയാണ് ആനന്ദിന്‍റെ കുടുംബം കണ്ടു വന്നത്.
ക്ലീൻചിറ്റ് വേണ്ട, അന്വേഷണം വേണമെന്ന് ഹൈക്കോടതി: നേരത്തെ കേസിൽ ഭുവനേശ്വര്‍ - കട്ടക്ക് സിറ്റി കമ്മിഷണറേറ്റ് പൊലീസ് ബിരേന്ദ്രയ്ക്ക് ക്ലീൻ ചിറ്റ് നൽകിയിരുന്നു. ലഭ്യമായ തെളിവുകളും മെഡിക്കൽ റിപ്പോർട്ടുകളും വെച്ച് മരണകാരണം ആത്മഹത്യയാണെന്നായിരുന്നു പൊലീസ് ഭാഷ്യം. ആനന്ദിന്‍റേത് തൂങ്ങിമരണമാണെന്നും ദുരൂഹത സംശയിക്കുന്നില്ലെന്നും പൊലീസ് പറഞ്ഞിരുന്നു. മരിച്ച ആനന്ദ് ടോപ്പോയുടെ കഴുത്തിൽ കണ്ടെത്തിയ മുറിവുകൾ മരണാനന്തരം ഉണ്ടായതാകാമെന്നും മരിക്കുന്നതിന് മുമ്പ് ആനന്ദ് മദ്യവും ഉറക്ക ഗുളികകളും കഴിച്ചിരുന്നുവെന്നുമാണ് പൊലീസ് അനുമാനം. അതു കൊണ്ടു തന്നെ ബലാല്‍ക്കാരമായി നിർബന്ധിച്ച് മദ്യവും മയക്കുമരുന്നും നൽകിയെന്ന് സംശയിക്കാന്‍ കഴിയില്ലെന്നും പൊലീസ് പറഞ്ഞിരുന്നു. ഈ കേസിലാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്.
ഇന്ത്യയുടെ മികച്ച പ്രതിരോധ താരം: അര്‍ജുന അവാര്‍ഡ് ജേതാവായ ബിരേന്ദ്ര ലക്ര 2012 മുതല്‍ ഇന്ത്യന്‍ ഹോക്കി ടീമിന്‍റെ ഭാഗമായിരുന്നു. 2022 ലെ ഏഷ്യ കപ്പില്‍ ഇന്ത്യന്‍ ടീമിനെ നയിച്ച ലക്ര അടുത്തിടെയാണ് അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ചത്. അതിനു ശേഷം ഒഡിഷ പൊലീസില്‍ ഡെപ്യൂട്ടി സുപ്രണ്ടായി ജോലിയില്‍ പ്രവേശിച്ചിരുന്നു. ഇന്ത്യയ്ക്കായി ഇരുനൂറിലേറെ മല്‍സരങ്ങള്‍ കളിച്ചിട്ടുള്ള താരം കൂടിയാണ് ലക്ര. ഏഷ്യൻ ഗെയിംസില്‍ സ്വർണം, കോമൺവെല്‍ത്ത് ഗെയിംസില്‍ വെള്ളി, ഒളിമ്പിക്‌സില്‍ വെങ്കലം എന്നിവ നേടിയ ഇന്ത്യൻ ടീമില്‍ അംഗമായിരുന്നു. ഇന്ത്യൻ ഹോക്കി ടീമിന്‍റെ പ്രതിരോധ നിരയിലെ സുപ്രധാന താരമായിരുന്നു ബിരേന്ദ്ര ലക്ര.