മുംബൈ: രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പക്ഷിപ്പനി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ മഹാരാഷ്‌ട്രയിൽ 983 പക്ഷികൾ കൂടി ചത്തു. ഇതോടെ സംസ്ഥാനത്തെ പക്ഷികളുടെ മരണ നിരക്ക് 5,151 ആയി ഉയർന്നു.
ലാത്തൂർ എന്ന സ്ഥലത്താണ് ഏറ്റവും കൂടുതൽ പക്ഷികൾ ചത്തൊടുങ്ങിയത്. സാമ്പിളുകൾ ഭോപ്പാലിലെ നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസ്, പൂനെയിലെ ഡി.ഐ.എസ് എന്നിവിടങ്ങളിലേക്ക് അയച്ചു. മുംബൈ, ഗോഡ്‌ബന്ദർ (താനെ ജില്ല), ദപോളി എന്നിവിടങ്ങളിലെ കാക്കകളുടെയും ഹെറോണുകളുടെയും മുറുംബയിൽ നിന്നുള്ള കോഴി ഫാമിലെയും സാമ്പിളുകളുടെ പരിശോധനാ ഫലത്തിൽ എച്ച് 5 എൻ 1 സ്ഥിരീകരിച്ചു. ബീഡ് ജില്ലയിൽ നിന്നുള്ള കാക്കകളുടെ സാമ്പിളുകളിൽ എച്ച് 5 എൻ 8 സ്ഥിരീകരിക്കുകയും ചെയ്‌തു. ഇതോടെ ഈ പ്രദേശത്തെ രോഗബാധിത മേഖല ആയി പ്രഖ്യാപിക്കുകയും പ്രതിരോധ നടപടികൾ നടപ്പിലാക്കാൻ നിർദേശിക്കുകയും ചെയ്‌തു. പക്ഷിപ്പനി വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ജനങ്ങൾക്കായി ബോധവൽക്കരണ ക്ലാസുകൾ നടത്തി.