അഹമ്മദാബാദ്: ഗുജറാത്തിലെ ഭീതിയിലാക്കി നാശം വിതച്ച് കടന്നുപോയ ബിപർജോയ് ചുഴലിക്കാറ്റ് ഗുജറാത്തിലെ ചില കുടുംബങ്ങൾക്ക് സമ്മാനിച്ചത് നല്ല വാർത്തകൾ. ചുഴലിക്കാറ്റ് ഭീതി കണക്കിലെടുത്ത് ഗുജറാത്തിലെ തീരപ്രദേശങ്ങളില്‍ ബുധൻ, വ്യാഴം, വെള്ളി (ജൂൺ 14, 15,16) ദിവസങ്ങളില്‍ കനത്ത ജാഗ്രതയാണ് ഒരുക്കിയിരുന്നത്. മുന്നൊരുക്കങ്ങളുടെ ഭാഗമായി ചുഴലിക്കാറ്റ് നാശം വിതയ്ക്കാൻ സാധ്യതയുള്ള എട്ട് ജില്ലകളില്‍ നിന്നുള്ള 1171 ഗർഭിണികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു. അതില്‍ 707 ഗർഭിണികൾ പ്രസവിച്ചു.
കുട്ടികളും അമ്മമാരും സുരക്ഷിതരായിരിക്കുന്നു എന്ന വാർത്തയാണ് ഗുജറാത്തിലെ എട്ട് ജില്ലകളില്‍ നിന്ന് വരുന്നത്. ജൂൺ 14 മുതല്‍ 18 വരെയുള്ള ദിവസങ്ങളില്‍ പ്രസവത്തിനുള്ള തീയതി നിശ്‌ചയിച്ചിരുന്ന ഗർഭിണികളെയാണ് ഗുജറാത്ത് ആരോഗ്യവകുപ്പ് മുൻകരുതലിന്‍റെ ഭാഗമായി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നത്. ഈ കേന്ദ്രങ്ങളില്‍ അടിയന്തര ആംബുലൻസ് സൗകര്യവും ചികിത്സ സൗകര്യങ്ങളും ഏർപ്പെടുത്തിയിരുന്നു.
നല്ല വാർത്തയുടെ കണക്ക് ഇങ്ങനെ: കച്ച് ജില്ലയില്‍ നിന്ന് 348 ഗർഭിണികൾ, രാജ്കോട്ട് ജില്ലയില്‍ നിന്ന് 100 പേർ, ദേവ്‌ഭൂമി ദ്വാരകയില്‍ നിന്ന് 93, ഗിർ സോമനാഥില്‍ നിന്ന് 69, പോർബന്തറില്‍ നിന്ന് 30, ജുനഗഡില്‍ നിന്ന് 25, ജാംനഗറില്‍ നിന്ന് 17, രാജ്‌കോട്ട് മുനിസിപ്പല്‍ ഏരിയയില്‍ നിന്ന് 12, മോർബി ജില്ലയില്‍ നിന്ന് ഒന്ന് എന്നിങ്ങനെയാണ് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയ ഗർഭിണികളുടെ കണക്ക്.
അതേസമയം മാഡ്‌വിയില്‍ നിന്നുള്ള ഗർഭിണിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നതായും പ്രസവ ശേഷം അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായും ആശുപത്രി അധികൃതർ അറിയിച്ചു. ആശുപത്രിയില്‍ നിന്ന് 35 കിലോമീറ്റർ അകലെയായിരുന്ന ഗർണിഭിണിയെ പ്രതികൂല കാലാവസ്ഥയില്‍ മൂന്ന് മണിക്കൂറോളം യാത്ര ചെയ്‌താണ് ചികിത്സയ്ക്കായി എത്തിക്കാൻ കഴിഞ്ഞത്.
ഗുജറാത്ത് ആശ്വാസ തീരത്തേക്ക്: തീരം തൊട്ട ബിപർജോയ് ചുഴലിക്കാറ്റ് ദുർബലമായതോടെ ഗുജറാത്തിലെ എട്ട് തീരദേശ ജില്ലകൾക്ക് ആശ്വാസം. കഴിഞ്ഞ മൂന്ന് ദിവസമായി കനത്ത ജാഗ്രതയിലും മുന്നൊരുക്കത്തിലുമായിരുന്നു ഗുജറാത്ത് തീരം. കച്ച്, സൗരാഷ്ട്ര മേഖലകളില്‍ രക്ഷപ്രവർത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാൻ സംസ്ഥാന സർക്കാർ ദുരന്ത നിവാരണ സേനയ്ക്ക് നിർദേശം നല്‍കിയിട്ടുണ്ട്.
ഒരു ലക്ഷത്തിലധികം പേരെ മാറ്റിപ്പാർപ്പിച്ചും കനത്ത മുന്നൊരുക്കങ്ങൾ നടത്തിയുമാണ് ഗുജറാത്ത് സർക്കാർ ബിപർജോയ് ചുഴലിക്കാറ്റിനെ നേരിട്ടത്. അതിനാല്‍ വലിയ അനിഷ്‌ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്ന് ഗുജറാത്ത് സർക്കാർ അവകാശപ്പെട്ടു. ദുരന്ത ബാധിതർക്ക് ആവശ്യമായ സഹായം ഉടൻ വിതരണം ചെയ്യാനും സർക്കാർ നിർദേശം നല്‍കിയിട്ടുണ്ട്. വൈദ്യുതി, റോഡ്, കുടിവെള്ളം എന്നിവയിലുണ്ടായിട്ടുള്ള ബുദ്ധിമുട്ടുകൾ കൃത്യ സമയത്ത് പരിഹരിക്കാനും സർക്കാർ നിർദ്ദേശമുണ്ട്. ചുഴലിക്കാറ്റ് ഗുജറാത്ത് തീരം വിട്ടെങ്കിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
രാജസ്ഥാനില്‍ മഴ: ഗുജറാത്ത് തീരം വിട്ട ബിപർജോയ് ചുഴലിക്കാറ്റ് രാജസ്ഥാൻ ലക്ഷ്യമാക്കി നീങ്ങുകയാണെന്നാണ് റിപ്പോർട്ട്. 70 കിലോമീറ്ററാണ് ശരാശരി വേഗത. ബാർമർ, ജയ്‌സാല്‍മീർ അടക്കം രാജസ്ഥാന്‍റെ തെക്കുപടിഞ്ഞാറൻ ജില്ലകളില്‍ കനത്ത മഴയാണ് ലഭിക്കുന്നത്. നാളെയും മഴ തുടരുമെന്നാണ് റിപ്പോർട്ട്.