ന്യൂഡല്‍ഹി: ഔദ്യോഗിക ഭാഷകളെക്കുറിച്ചുള്ള പാർലമെന്‍റിന്‍റെ 11-ാം റിപ്പോർട്ട് മറ്റ് ഭാഷകളെ ഒഴിവാക്കി ഹിന്ദിക്ക് അനാവശ്യമായ പ്രാധാന്യം നൽകുന്നുവെന്നാരോപിച്ച് സിപിഐ എംപി ബിനോയ് വിശ്വം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. റിപ്പോര്‍ട്ട് വിഭജനവും അപകടകരവുമാണെന്നും ഇന്ത്യയുടെ ആശയങ്ങളെ ഹാനീകരിക്കുന്ന തരത്തിലാണെന്നും അദ്ദേഹം കത്തില്‍ ചൂണ്ടികാട്ടി.
'ഔദ്യോഗിക ഭാഷകളെ കുറിച്ചുള്ള പാര്‍ലമെന്‍റ് കമ്മിറ്റിയുടെ 11-ാം റിപ്പോര്‍ട്ടില്‍ ഹിന്ദി ഭാഷയ്‌ക്ക് അമിതമായ പ്രാധാന്യം നല്‍കുകയും രാജ്യത്തിന്‍റെ പ്രബലമായ ഭാഷ എന്ന തരത്തില്‍ മുന്‍തൂക്കം നല്‍കുകയും ചെയ്യുന്നു. വൈവിധ്യമായ ഭാഷകളുടെ രാജ്യം എന്ന നിലയില്‍ ഹിന്ദിക്ക് പ്രാധാന്യം നല്‍കുന്നത് ഭരണഘടനയുടെ എട്ടാം ഷെഡ്യൂള്‍ പ്രകാരം മറ്റ് 21 ഔദ്യോഗിക ഭാഷയ്‌ക്ക് നല്‍കുന്ന പ്രാധാന്യം കുറയ്‌ക്കുകയും ചെയ്യുന്നു. 'ഹിന്ദുസ്ഥാന് വേണ്ടി ഹിന്ദി' എന്ന കേന്ദ്ര തത്വം ഇന്ത്യയുടെ വൈവിധ്യത്തെ പൂർണ്ണമായും നിരാകരിക്കുകയും വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുതൽ പൊതു ഓഫിസുകൾ വരെയുള്ള എല്ലാ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഹിന്ദി അടിച്ചേല്‍പ്പിക്കുവാനുള്ള ശ്രമമാണ് നടക്കുന്നതെന്നും' ബിനോയ് വിശ്വം പറഞ്ഞു.
'ഇത്തരത്തിലുള്ള നീക്കം ഐഐടികൾ അല്ലെങ്കിൽ ഐഐഎമ്മുകൾ പോലുള്ള സ്ഥാപനങ്ങളിൽ വിദ്യാഭ്യാസത്തിനായി എത്തുന്ന ഹിന്ദി അറിയാത്ത വിദ്യാര്‍ഥികളെ ബാധിക്കും. കൂടാതെ, ഹിന്ദി ഉപയോഗിക്കാത്ത പൊതുപ്രവർത്തകർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന ശുപാർശ മറ്റൊരു ഉദാഹരണമാണ്. ഇത്തരത്തിലൊരു നടപടി രാജ്യത്തെ പ്രക്ഷോഭത്തിലേക്കാണ് നയിക്കുന്നത്'- സിപിഐ എം പി വ്യക്തമാക്കി
ഇന്ത്യൻ ജനതയെ മുഴുവനായും പ്രതിനിധീകരിക്കാൻ ഒരു ഭാഷ മാത്രം അടിച്ചേല്‍പ്പിക്കുന്നത് സ്വാതന്ത്ര്യം ലഭിച്ച കാലം മുതല്‍ വന്‍ എതിര്‍പ്പിന് കാരണമായ ഒരു വിഷയമാണ്. മാത്രമല്ല, അത് അപകടകരമാണ്. മേല്‍പറഞ്ഞ കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ നയപരമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിന് മുമ്പ് റിപ്പോര്‍ട്ട് പിന്‍വലിക്കുവാനും ചര്‍ച്ച ചെയ്യുവാനും നിങ്ങളോട് അഭ്യര്‍ഥിക്കുന്നു. വൈവിധ്യമാര്‍ന്ന ഈ മണ്ണില്‍ മാതൃഭാഷയാണ് ഒരുവന്‍റെ വ്യക്തിത്വം. മാതൃഭാഷക്കെതിരായി മറ്റ് ഭാഷകള്‍ അടിച്ചേല്‍പ്പിക്കുന്നത് വ്യാപകമായ പ്രതിഷേധത്തിന് കാരണമാകുകയും ഇന്ത്യയുടെ ഐക്യത്തെ തകര്‍ക്കുകയും ചെയ്യും, ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു.