ന്യൂഡൽഹി : തെരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ നിയമനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി ഉത്തരവിനെ മറികടന്ന് കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന ബില്ലിനെ എതിർക്കാൻ കോൺഗ്രസ്. പുതിയ ബില്ലിനെ എതിർക്കാൻ എല്ലാ ജനാധിപത്യ പാർട്ടികളും ഒന്നിച്ച് നിൽക്കണമെന്ന് കോൺഗ്രസ് പ്രതിപക്ഷത്തോട് ആഭ്യർഥിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറുടെയും മറ്റ് തെരഞ്ഞെടുപ്പ് കമ്മിഷണർമാരുടെയും നിയമനം, സേവന വ്യവസ്ഥകൾ, കാലാവധി എന്നിവ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ടതാണ് പുതിയ ബില്ല്.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ബില്ല് കൊണ്ടുവരുന്നതിലൂടെ തെരഞ്ഞെടുപ്പ് കമ്മിഷനെ നിയന്ത്രിക്കാൻ കേന്ദ്രം ശ്രമിക്കുകയാണെന്ന് കോൺഗ്രസ് എം പിയും ലോക്‌സഭ വിപ്പുമായ മണിക്കം ടാഗോർ ആരോപിച്ചിരുന്നു. ബില്ല് പ്രാബല്യത്തിൽ കൊണ്ടുവരുന്നത് എതിർക്കുന്നതിൽ ബിജെഡിയും വൈഎസ്ആർസിപിയും കൂടെ നിൽക്കുമോ എന്നും ടാഗോർ ട്വീറ്റിലൂടെ ചോദിച്ചു. നിലവിൽ ബില്ല് രാജ്യസഭയിൽ അവതരിപ്പിക്കുന്നതിനായി സർക്കാർ പട്ടികപ്പെടുത്തിയിട്ടുണ്ട്.
ബില്ല് പ്രകാരം ഭാവിയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറുൾപ്പടെയുള്ള ഉദ്യോഗസ്ഥരെ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവും ക്യാബിനറ്റ് മന്ത്രിയും അടങ്ങുന്ന മൂന്നംഗ സമിതി തെരഞ്ഞെടുക്കും. ഇതിന് മുൻപ് പ്രധാനമന്ത്രി, ലോക്‌സഭ പ്രതിപക്ഷ നേതാവ്, ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് എന്നിവരെ ഉൾപ്പെടുത്തിയ പാനലാണ് തെരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ നിയമനമുൾപ്പടെയുള്ള വിഷയങ്ങൾ പരിഗണിക്കുകയെന്ന് സുപ്രീം കോടതി വിധിച്ചിരുന്നു. ഇക്കഴിഞ്ഞ മാർച്ചിലാണ് സുപ്രീം കോടതി ഉത്തരവ്.
ഈ ഉത്തരവ് തിരുത്തണമെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് പകരം ക്യാബിനറ്റ് മന്ത്രിയെ ഉൾപ്പെടുത്തണമെന്നുമാണ് നിലവിലെ കേന്ദ്രത്തിന്‍റെ ആവശ്യം. അടുത്ത ഫെബ്രുവരി 14 ന് തെരഞ്ഞെടുപ്പ് കമ്മിഷണർ അനുപ് ചന്ദ്ര പാണ്ഡെ (65) സർവീസിൽ നിന്ന് വിരമിക്കും. ഈ ഒഴിവിലേക്ക് പ്രധാനമന്ത്രി, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ്, ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന സമിതിയുടെ ഉപദേശപ്രകാരം രാഷ്‌ട്രപതിയാണ് നിയമനം നടത്തുകയെന്ന് കോടതി ഉത്തരവിടുകയും വിഷയത്തിൽ പാർലമെന്‍റിൽ നിയമനിർമാണം നടക്കുന്നത് വരെ ഇതേ മാനദണ്ഡം തുടരുമെന്ന് ജസ്റ്റിസ് കെ എം ജോസഫ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് ഐക്യകണ്‌ഠേന വ്യക്തമാക്കുകയും ചെയ്‌തിരുന്നു.
ഡൽഹി സർവീസസ് ബിൽ പാസാക്കി രാജ്യസഭ : ഡൽഹി ഭരണ നിയന്ത്രണവുമായി ബന്ധപ്പെട്ട ഡൽഹി സർവീസസ് ബിൽ (Delhi Services Bill) ഓഗസ്‌റ്റ് ഏഴിന് രാജ്യസഭയിൽ പാസാക്കിയിരുന്നു. ഡൽഹി സർക്കാരിന് കീഴിലുള്ള ഉന്നത ഉദ്യോഗസ്ഥരുടെ നിയമനം, ട്രാൻസ്‌ഫർ എന്നിവയുമായി ബന്ധപ്പെട്ടതാണ് സർവീസസ് ബിൽ. ഇതിനെതിരെ ഡൽഹി സർക്കാരും ആം ആദ്‌മി പാർട്ടിയും ശക്തമായി പ്രതിഷേധിച്ചിരുന്നു. ഈ എതിർപ്പുകൾക്കിടെയാണ് ഡൽഹി സർക്കാരിന്‍റെ അധികാരം വെട്ടിക്കുറക്കുന്ന ബില്ല് 131 അംഗങ്ങളുടെ പിന്തുണയോടെ രാജ്യസഭ പാസാക്കിയത്.
Read More : Delhi Services Bill| ഡല്‍ഹി ഭരണ നിയന്ത്രണ ബില്‍ രാജ്യസഭയിലും പാസായി; 131 പേര്‍ ബില്ലിനെ അനുകൂലിച്ചു