ന്യൂഡൽഹി: ബിൽക്കിസ് ബാനു കൂട്ടബലാത്സംഗ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പ്രതികളെയും മോചിപ്പിച്ചതിൽ ചോദ്യങ്ങളുയർത്തി സുപ്രീം കോടതി അഭിഭാഷകർ. ശിക്ഷയിൽ ഇളവ് ആവശ്യപ്പെട്ട് കുറ്റവാളികളിൽ ഒരാൾ മാത്രം സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചപ്പോൾ എന്തിനാണ് മറ്റ് പ്രതികളെയും ജയിലിൽ നിന്ന് മോചിപ്പിച്ചതെന്ന് സുപ്രീം കോടതി അഭിഭാഷകരായ അപർണ ഭട്ടും മെഹ്മൂദ് പ്രാചയും അഭിപ്രായപ്പെട്ടു. ഇടിവി ഭാരത് പ്രതിനിധിയുമായി നടത്തിയ സംഭാഷണത്തിലാണ് സുപ്രീംകോടതി അഭിഭാഷകർ നിലപാട് വ്യക്തമാക്കിയത്.
' ഒരാൾ മാത്രമാണ് ഹർജി സമർപ്പിച്ചത്. മറ്റുള്ളവരെയെല്ലാം വിട്ടയച്ചത് എന്തടിസ്ഥാനത്തിലാണെന്ന് മനസിലാകുന്നില്ല എന്ന് അഭിഭാഷക അപർണ ഭട്ട് പറയുന്നു. ഭയനാകമായ കുറ്റകൃത്യമാണ് അവർ ചെയ്‌തത്. എന്നിട്ടും മോചനത്തിന് ഇവർ യോഗ്യരാണെന്ന് എങ്ങനെ തീരുമാനിച്ചു. തടവുകാരുടെ പെരുമാറ്റം, സ്വഭാവം, കുറ്റകൃത്യത്തിന്‍റെ തീവ്രത തുടങ്ങിയ ഘടകങ്ങൾ എല്ലാം പരിഗണിച്ചാണ് ഒരാളുടെ മോചനം തീരുമാനിക്കുന്നത്'. എന്നാൽ ഈ ബിൽക്കിസ് ബാനു കേസിൽ അവർ ഇതൊന്നും പരിഗണിച്ചിട്ടില്ലെന്ന് കരുതുന്നുവെന്നും അപർണ ഭട്ട് പറയുന്നു.
വിഷയത്തിൽ തീരുമാനമെടുക്കാൻ സംസ്ഥാനത്തോട് ആവശ്യപ്പെട്ടുള്ള സുപ്രീംകോടതി വിധി മറ്റുള്ളവരെ വിട്ടയക്കാനുള്ള ഒരു കാരണമായി ഉപയോഗിക്കുകയായിരുന്നുവെന്ന് അഭിഭാഷകൻ മെഹ്മൂദ് പ്രാച അഭിപ്രായപ്പെട്ടു. അധികാരികൾ മഹാമനസ്‌കരാകുമ്പോൾ അവർ എന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുന്നു. വാസ്‌തവത്തിൽ സർക്കാർ അവരെ മോചിപ്പിക്കാൻ കാത്തിരിക്കുകയായിരുന്നുവെന്ന് പ്രാച പറഞ്ഞു.
ബിജെപി അംഗങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള കമ്മിറ്റിയും, മോചിപ്പിക്കപ്പെട്ട പ്രതികൾക്ക് ആർഎസ്എസുകാർ നൽകിയ സ്വീകരണവും, ബ്രാഹ്മണർക്ക് നല്ല സംസ്‌കാരമുണ്ട് എന്ന ബിജെപി അംഗത്തിന്‍റെ പ്രസ്‌താവനകളും നരേന്ദ്രമോദിക്കും അമിത്ഷായ്ക്കും ആർഎസ്എസിനും സംഭവത്തിലും വിചാരണയിലും അന്വേഷണത്തിലും നേരിട്ട് പങ്കുണ്ടെന്ന അവകാശവാദം ശക്തിപ്പെടാൻ കാരണമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കുറ്റവാളികളെ വിട്ടയക്കുമ്പോൾ ശിക്ഷാവിധി പുറപ്പെടുവിച്ച ജഡ്‌ജിയുടെ അഭിപ്രായം സ്വീകരിച്ചിരുന്നില്ല. റിലീസിന് ശേഷം പ്രതികളെ മാലയിട്ടാണ് സ്വീകരിച്ചത്. കുറ്റകൃത്യത്തിന് പിന്നിലെ ഉന്നതതല പങ്കും നിയമത്തിലെ എല്ലാ വ്യവസ്ഥകളും ലംഘിച്ചാണ് കുറ്റവാളികളെ വിട്ടയച്ചതെന്നുമാണ് ഇതെല്ലാം വ്യക്തമാക്കുന്നത് എന്ന് പ്രാച പറഞ്ഞു.
'വിട്ടയച്ച നടപടി ചോദ്യം ചെയ്യണം': കുറ്റകൃത്യത്തിന്‍റെ ഭീകരത കണക്കിലെടുക്കുമ്പോൾ വധശിക്ഷയായിരുന്നു കുറ്റവാളികൾക്ക് നൽകേണ്ടിയിരുന്നതെന്നും പ്രാച അഭിപ്രായപ്പെട്ടു. ബിൽക്കിസ് ബാനുവിനോ പൊതുതാത്പര്യ ഹർജി വഴയോ കുറ്റവാളികളെ മോചിപ്പിച്ച പ്രവൃത്തി ചോദ്യം ചെയ്യാമെന്നും അഭിഭാഷകർ പറയുന്നു. ഓഗസ്റ്റ് 15നാണ് ബിൽക്കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്‌തതിന് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പേരെയും ഗുജറാത്ത് സർക്കാർ മോചിപ്പിച്ചത്. ഗുജറാത്ത് സർക്കാർ രൂപീകരിച്ച സമിതി, പ്രതികളുടെ വിടുതല്‍ അപേക്ഷ അംഗീകരിച്ചതിന് പിന്നാലെയാണ് മോചനം.
കലാപത്തിന്‍റെ മറവിലെ ക്രൂരത: 2002ലെ ഗുജറാത്ത് കലാപത്തിനിടെയാണ് രൺധിക്‌പൂർ സ്വദേശിനിയായ ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗത്തിന് ഇരയായത്. ഇവരുടെ കുടുംബത്തിലെ 14 പേര്‍ കലാപത്തില്‍ കൊല്ലപ്പെടുകയും ചെയ്‌തു. കൂട്ടബലാത്സംഗ കേസിലെ 11 പ്രതികള്‍ക്കും 2008 ജനുവരി 21ന് മുംബൈ പ്രത്യേക കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 15 വര്‍ഷം പ്രതികള്‍ ശിക്ഷ അനുഭവിച്ചു.
ശിക്ഷയിൽ ഇളവ് ആവശ്യപ്പെട്ട് പ്രതികളിലൊരാൾ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കേസിന്‍റെ വിചാരണ മഹാരാഷ്‌ട്രയിലാണ് നടന്നത് എന്നതിനാൽ ഗുജറാത്തല്ല, മഹാരാഷ്ട്ര സർക്കാരാണ് ഇതിൽ തീരുമാനമെടുക്കേണ്ടതെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. പിന്നീട് പ്രതികളിലൊരാൾ സുപ്രീംകോടതിയെ സമീപിക്കുകയും വിഷയം പരിശോധിച്ച് തീരുമാനമെടുക്കാൻ സുപ്രീംകോടതി ഗുജറാത്ത് സർക്കാരിനോട് നിർദേശിക്കുകയുമായിരുന്നു. ഇതേ തുടര്‍ന്നാണ് ഗുജറാത്ത് സര്‍ക്കാര്‍, പഞ്ച്മഹൽ കലക്‌ടറുടെ നേതൃത്വത്തില്‍ സമിതി രൂപീകരിച്ചത്. സമിതിയുടെ നിർദേശപ്രകാരം ഓഗസ്റ്റ് 15ന് 11 പ്രതികളെയും മോചിപ്പിച്ചു.
ഗര്‍ഭിണിയായിരുന്ന ബില്‍ക്കിസ് ബാനുവിലെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും തങ്ങളുടെ മൂന്ന് മക്കളെയും ബില്‍ക്കിസിന്‍റെ മുന്നില്‍ വച്ച് കൊലപ്പെടുത്തുകയും ചെയ്‌ത അക്രമികളെ മോചിപ്പിച്ച നടപടി ആശ്ചര്യപ്പെടുത്തുന്നു എന്നായിരുന്നു ബില്‍ക്കിസിന്‍റെ ഭര്‍ത്താവ് യാക്കൂബ് റസൂൽ പ്രതികരിച്ചത്.