ന്യൂഡല്‍ഹി : ഗുജറാത്ത് കലാപത്തിനിടെ ബിൽകിസ് ബാനുവിനെ കൂട്ടബലാത്സംഗത്തിനിരയാക്കുകയും കുടുംബത്തെയൊന്നാകെ കൊലപ്പെടുത്തുകയും ചെയ്‌ത കേസിൽ ശിക്ഷിക്കപ്പെട്ട 11 പേരെ മോചിപ്പിച്ച നടപടിക്കെതിരെ സുപ്രീം കോടതിയിൽ ഹർജി. സി.പി.എം നേതാവ് സുഭാഷിണി അലി, മാധ്യമപ്രവർത്തക രേവതി ലാൽ, സാമൂഹിക പ്രവർത്തകയും പ്രൊഫസറുമായ രൂപ് രേഖ വർമ എന്നിവരാണ് ഹർജി സമർപ്പിച്ചത്. ബുധനാഴ്‌ച(24.08.2022) ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷക അപർണ ഭട്ട് വിഷയം ഉന്നയിക്കുകയുണ്ടായി. ഇതോടെ, പരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ് എൻ.വി രമണ പറഞ്ഞു.
'നീതിപൂര്‍വമല്ലാത്ത തീരുമാനം': 11 പ്രതികൾക്ക് ഇളവ് അനുവദിച്ചുകൊണ്ടുള്ള ഗുജറാത്ത് സര്‍ക്കാരിന്‍റെ ഉത്തരവ് റദ്ദാക്കണമെന്നും അവരെ ഉടൻ തന്നെ വീണ്ടും അറസ്റ്റ് ചെയ്യാൻ നിർദേശിക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം. ''പ്രതികളെ മോചിപ്പിക്കുന്നത് സംബന്ധിച്ച് നിയമകാര്യങ്ങള്‍ പരിശോധിക്കാന്‍ ഗുജറാത്ത് സർക്കാര്‍ നിയോഗിച്ച സമിതിയില്‍ ഒരു പ്രത്യേക രാഷ്‌ട്രീയ പാർട്ടിയോട് കൂറ് പുലര്‍ത്തുന്നവരായിരുന്നു ഉണ്ടായിരുന്നത്. അക്കൂട്ടത്തില്‍ എം.എല്‍.എമാരുമുണ്ടായിരുന്നു. അതിനാൽ തന്നെയാണ് നീതിപൂര്‍വവും സ്വതന്ത്രവുമല്ലാത്ത തീരുമാനം വന്നത്'', ഹർജിയിൽ പറയുന്നു.
സ്വാതന്ത്ര്യദിനം പ്രമാണിച്ച് ഓഗസ്റ്റ് 15 നാണ് ബിൽകിസ് ബാനു കേസിൽ, ശിക്ഷിക്കപ്പെട്ട 11 പേരെ ഗുജറാത്ത് സർക്കാർ മോചിപ്പിച്ചത്. ബിൽകിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്‌തതും കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തിയതും ഉള്‍പ്പടെയുള്ള കേസുകളിലെ പ്രതികളെയാണ് വിട്ടയച്ചത്. 2002 ലെ ഗോധ്ര കലാപത്തിനിടെയാണ് കേസിനാസ്‌പദമായ സംഭവം. ഇതേ വര്‍ഷം മാർച്ച് മൂന്നിനായിരുന്നു ബാനുവിനെതിരെ കലാപകാരികളുടെ ആക്രമണമുണ്ടായത്.
അഞ്ച് മാസം ഗർഭിണിയായിരുന്ന ഇവരെ അക്രമികൾ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. പ്രതികള്‍ക്കെതിരായ ബിൽകിസ് ബാനുവിന്‍റെ നിയമപോരാട്ടത്തെ തുടർന്ന് അവർക്ക് 50 ലക്ഷം രൂപ നഷ്‌ടപരിഹാരവും സർക്കാർ ജോലിയും വീടും നൽകാൻ സുപ്രീംകോടതി ഗുജറാത്ത് സർക്കാറിനോട് നിർദേശിച്ചിരുന്നു.
വിട്ടയച്ചത് '15 വര്‍ഷം' കാണിച്ച് : 2008ൽ മുംബൈ സി.ബി.ഐ കോടതിയാണ് പ്രതികളായ 11 പേർക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. 15 വർഷം തടവ് പൂർത്തിയാക്കിയെന്നും വിട്ടയയ്ക്കണമെന്നും ആവശ്യപ്പെട്ട് പ്രതികളിലൊരാൾ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന്, വിഷയത്തിൽ തീരുമാനമെടുക്കാൻ കോടതി ഗുജറാത്ത് സർക്കാരിന് നിർദേശം നൽകി. തുടർന്നാണ്, സർക്കാർ ഇവരെ വിട്ടയക്കാനുള്ള തീരുമാനത്തിലെത്തിയത്.
സമിതിയില്‍ ബി.ജെ.പിക്കാരുണ്ടെന്ന് റിപ്പോര്‍ട്ട് : ബിൽകിസ് ബാനു കൂട്ടബലാത്സംഗക്കേസില്‍ പ്രതികളെ വെറുതെ വിടാന്‍ ഉത്തരവിട്ട സര്‍ക്കാര്‍ സമിതിയിലെ പകുതി പേരും ബി.ജെ.പി അനുഭാവികളാണെന്ന റിപ്പോര്‍ട്ട് നേരത്തേ പുറത്തുവന്നിരുന്നു. പത്ത് പേരുള്ള കമ്മിറ്റിയിലെ അഞ്ചും ബി.ജെ.പിക്കാരാണെന്ന് ദേശീയ മാധ്യമമായ എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. അഡ്വൈസറി കമ്മിറ്റിയില്‍ ഉള്‍പ്പെട്ടവരില്‍ ബി.ജെ.പി എം.എല്‍.എമാരും, ബി.ജെ.പി സ്റ്റേറ്റ് എക്‌സിക്യുട്ടീവ് അംഗവും പാര്‍ട്ടിയുമായി ബന്ധമുള്ള മറ്റ് രണ്ടുപേരുമുണ്ടെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
സാമൂഹ്യ പ്രവര്‍ത്തകര്‍ എന്നതടക്കം വ്യാജമായി കാണിച്ചാണ് ഇവരെ സമിതിയില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍, ഇവരുടെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകളില്‍ നിന്ന് ബി.ജെ.പിയുമായുള്ള ബന്ധം വ്യക്തമാണെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.