ഗാന്ധിനഗര്‍: ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗ കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പ്രതികളെയും ഗോധ്ര ജയിലിൽ നിന്ന് മോചിപ്പിച്ചു. ഗുജറാത്തിലെ സംസ്ഥാന സർക്കാർ രൂപീകരിച്ച സമിതി, പ്രതികളുടെ വിടുതല്‍ അപേക്ഷ അംഗീകരിച്ചതിന് പിന്നാലെയാണ് മോചനം. ജയില്‍ മോചിതരായ പ്രതികളെ പഞ്ച്മഹൽ കലക്‌ടര്‍ മധുരം നല്‍കി സ്വീകരിച്ചു.
2002ലെ ഗുജറാത്ത് കലാപത്തിനിടെയാണ് രൺധിക്‌പൂർ സ്വദേശിനിയായ ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗത്തിന് ഇരയായത്. ഇവരുടെ കുടുംബത്തിലെ 14 പേര്‍ കലാപത്തില്‍ കൊല്ലപ്പെടുകയും ചെയ്‌തു. കൂട്ടബലാത്സംഗ കേസിലെ 11 പ്രതികള്‍ക്കും 2008 ജനുവരി 21ന് മുംബൈ പ്രത്യേക കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.
15 വര്‍ഷം പ്രതികള്‍ ശിക്ഷ അനുഭവിച്ചു. എന്നാല്‍ പ്രതികളില്‍ ഒരാള്‍ മോചനം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചതിനെ തുടര്‍ന്ന് വിഷയം പരിഗണിക്കാന്‍ ഗുജറാത്ത് സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശം നല്‍കി. ഇതേ തുടര്‍ന്നാണ് ഗുജറാത്ത് സര്‍ക്കാര്‍, പഞ്ച്മഹൽ കലക്‌ടറുടെ നേതൃത്വത്തില്‍ സമിതി രൂപീകരിച്ചത്.
'കുറച്ച് മാസങ്ങൾക്ക് മുമ്പ് ഒരു കമ്മിറ്റി രൂപീകരിച്ചു, അവരെ വിട്ടയക്കാൻ തീരുമാനിക്കുകയും ആ തീരുമാനം സർക്കാരിനെ അറിയിക്കുകയും ചെയ്‌തു.' പ്രതികളുടെ മോചനത്തെ കുറിച്ച് പഞ്ച്മഹൽ കലക്‌ടര്‍ സുജൽ മൈത്ര പ്രതികരിച്ചത് ഇങ്ങനെ. എന്നാല്‍ ഗര്‍ഭിണിയായിരുന്ന ബില്‍ക്കിസ് ബാനുവിലെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും തങ്ങളുടെ മൂന്ന് മക്കളെയും ബില്‍ക്കിസിന്‍റെ മുന്നില്‍ വച്ച് കൊലപ്പെടുത്തുകയും ചെയ്‌ത അക്രമികളെ മോചിപ്പിച്ച നടപടി ആശ്ചര്യപ്പെടുത്തുന്നു എന്ന് ബില്‍ക്കിസിന്‍റെ ഭര്‍ത്താവ് യാക്കൂബ് റസൂൽ പറഞ്ഞു.
2002ലെ സംഭവത്തിന് ശേഷം പൊലീസ് ബില്‍ക്കിസിനെ ഭീഷണിപ്പെടുത്തുകയും തെളിവ് നശിപ്പിക്കുകയും ചെയ്‌തു. ഇവര്‍ പീഡനത്തിന് ഇരയായിട്ടില്ലെന്ന് പരിശോധിച്ച ഡോക്‌ടറും റിപ്പോര്‍ട്ട് നല്‍കി. കൊല്ലപ്പെട്ട കുടുംബാംഗങ്ങളുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാതെ സംസ്‌കരിച്ചു.
പക്ഷേ ബില്‍ക്കിസ് ബാനുവിന്‍റെ പോരാട്ടം പ്രതികള്‍ക്ക് ശിക്ഷ ലഭിക്കുന്നത് വരെ തുടര്‍ന്നു. 2004ലാണ് ആദ്യ അറസ്റ്റ് നടന്നത്. സുപ്രീം കോടതി കേസ് സിബിഐക്ക് വിട്ടു. ദേശീയ മനുഷ്യാവകാശ കമ്മിഷന്‍റെ സഹായത്തോടെ ബിൽക്കിസ് ബാനുവിന്‍റെ കേസ് മഹാരാഷ്ട്രയിലേക്ക് മാറ്റുകയും കുറ്റവാളികൾ ശിക്ഷിക്കപ്പെടുകയും ചെയ്‌തു.
Also Read ബില്‍ക്കിസ് ബാനുവിന് രണ്ടാഴ്‌ചക്കകം നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി