ബെംഗളൂരു: മെട്രോ റെയില്‍ പാത നിര്‍മാണ ജോലികള്‍ നടക്കുന്നതിന് സമീപം റോഡില്‍ രൂപപ്പെട്ട വലിയ കുഴിയില്‍ വീണ് ബൈക്ക് യാത്രികന് പരിക്ക്. ബെംഗളൂരു നഗരത്തിലെ അശോക് നഗറിലാണ് സംഭവം. രണ്ട് ദിവസം മുന്‍പ് നഗരത്തില്‍ നിര്‍മാണത്തിലിരുന്ന മെട്രോ പില്ലര്‍ തകര്‍ന്ന് വീണ് അമ്മയും കുഞ്ഞും മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റോഡില്‍ രൂപപ്പെട്ട കുഴിയില്‍ വീണ് ഇരുചക്രവാഹന യാത്രികന് പരിക്കേല്‍ക്കുന്നത്.
റോഡിന് നടുവിലായാണ് വലിയ ഗര്‍ത്തം രൂപപ്പെട്ടിട്ടുള്ളത്. അതേസമയം, തുടര്‍ച്ചയായുണ്ടാകുന്ന അപകടങ്ങള്‍ മെട്രോയുടെ സുരക്ഷയെ പറ്റി ജനങ്ങള്‍ക്കിടയില്‍ വലിയ ആശങ്ക തന്നെ ഇതിനോടകം സൃഷ്‌ടിച്ചിട്ടുണ്ട്. ബെംഗളൂരുവിലെ നാഗവര ഏരിയയില്‍ രണ്ട് ദിവസം മുന്‍പാണ് നിര്‍മാണത്തിലിരുന്ന മെട്രോ പില്ലര്‍ തകര്‍ന്ന് വീണ് അമ്മയും കുഞ്ഞും മരിച്ചത്.
സ്‌കൂട്ടര്‍ യാത്രക്കാരായ കുടുംബത്തിന്‍റെ മുകളിലേക്ക് തൂണ്‍ തകര്‍ന്ന് വീഴുകയായിരുന്നു. ഹൊറമാവ് സ്വദേശി തേജസ്വനി, രണ്ടര വയസുള്ള മകൻ വിഹാൻ എന്നിവരാണ് അപകടത്തില്‍ മരിച്ചത്.
തേജസ്വനിയുടെ ഭർത്താവിനും മകൾക്കും അപകടത്തില്‍ പരിക്കേറ്റിരുന്നു. ഇവരുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. അപകടത്തിന് പിന്നാലെ അമ്മയേയും മകനെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല.
Also Read: മെട്രോ തൂൺ തകർന്ന് വീണു; അമ്മയ്ക്കും മകനും ദാരുണാന്ത്യം; അച്ഛനും മകൾക്കും പരിക്ക്