മധുര: ഉത്തരേന്ത്യൻ കുടിയേറ്റ തൊഴിലാളികൾ തമിഴ്‌നാട്ടിൽ കൊല്ലപ്പെട്ടുവെന്ന അഭ്യൂഹങ്ങൾ പ്രചരിപ്പിച്ച് തമിഴ്‌നാടിനെതിരെ വിദ്വേഷ പ്രചാരണം നടത്തിയ ബിഹാർ യൂട്യൂബർ മനീഷ് കശ്യപിനെ ദേശീയ സുരക്ഷ നിയമപ്രകാരം (എൻഎസ്‌എ) കസ്‌റ്റഡിയിലെടുത്തു. മധുര ജില്ല പൊലീസാണ് ഡിറ്റൻഷൻ ഉത്തരവ് പുറപ്പെടുവിച്ചത്. മധുര ജില്ല ക്രൈംബ്രാഞ്ച് പൊലീസാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്.
തമിഴ്‌നാട്ടിൽ കുടിയേറ്റ തൊഴിലാളികളെ ആക്രമിച്ചതിന്‍റെ വ്യാജ വീഡിയോ പ്രചരിച്ചത് വലിയ വിവാദങ്ങൾക്ക് വഴി വച്ചിരുന്നു. മനീഷിന്‍റെ അറസ്‌റ്റ് കഴിഞ്ഞ മാസം തന്നെ ബിഹാർ പൊലീസ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ തമിഴ്‌നാട്ടിൽ നിലനിൽക്കുന്ന കേസിലെ ബാക്കി നടപടികൾക്കായാണ് പ്രത്യേക അന്വേഷണ സംഘം ബിഹാറിൽ നിന്ന് മനീഷിനെ അറസ്‌റ്റ് ചെയ്‌തത്. നിലവിൽ തമിഴ്‌നാട് ജയിലിലാണ് മനീഷ് ഉള്ളത്.
യൂട്യൂബർ പ്രചരിപ്പിച്ച വ്യാജ വീഡിയോകൾ ജനങ്ങൾക്കിടയിലുള്ള സമാധാനവും സാഹോദര്യവും തകർക്കുന്നു എന്ന് തമിഴ്‌നാട് പൊലീസ് സർക്കാരിനെ അറിയിച്ചു. തമിഴ്‌നാട് ട്രാൻസിറ്റ് റിമാൻഡ് വഴിയാണ് മനീഷിനെ ജുഡീഷ്യൽ കസ്‌റ്റഡിയിലെടുത്തത്. ഇപ്പോൾ ജുഡീഷ്യൽ കസ്‌റ്റഡിയിലുള്ള പ്രതിയെ ഏപ്രിൽ 19 വരെ തടങ്കലിൽ വയ്ക്കാൻ ഉത്തരവിട്ടിരിക്കുകയാണെന്ന് ഉദ്യോഗസ്ഥർ ഇടിവി ഭാരതിനോട് പറഞ്ഞു.
തടങ്കലിനെതിരെ മദ്രാസ് ഹൈക്കോടതിയുടെ പ്രിവന്‍റീവ് ഡിറ്റൻഷൻ അഡ്വൈസറി ബോർഡിൽ അപ്പീൽ നൽകേണ്ടിവരും. എൻഎസ്‌എ പ്രകാരം തടങ്കലിന്‍റെ പരമാവധി കാലയളവ് 12 മാസം ആയിരിക്കും. കൂടാതെ സർക്കാരിന് ശക്തമായ തെളിവുകൾ സമർപ്പിക്കാൻ കഴിഞ്ഞാൽ ഒരു വര്‍ഷത്തേക്ക് കൂടി തടങ്കൽ നീട്ടാവുന്നതാണ്.
സംഭവം ഇങ്ങനെ: തമിഴ്‌നാട്ടിൽ താമസിക്കുന്ന ബിഹാർ സ്വദേശികൾ കൂട്ടത്തോടെ ആക്രമിക്കപ്പെടുന്നു എന്നും കോയമ്പത്തൂരിൽ ഉൾപ്പെടെ ഇതര സംസ്ഥാന തൊഴിലാളികൾ കൊല്ലപ്പെട്ടു എന്നുമുള്ള വീഡിയോ മനീഷ് കശ്യപ് പ്രചരിച്ചിരുന്നു. ഡിഎംകെ ഭരിക്കുന്ന തമിഴ്‌നാട്ടിൽ ഹിന്ദി വിരുദ്ധ പ്രചരണങ്ങൾ നടക്കുന്നതിനാലാണ് ഇത്തരം പ്രശ്‌നങ്ങൾ ഉണ്ടാകുന്നത് എന്ന് പ്രതികരിച്ച് ബിജെപി വക്താവ് പ്രശാന്ത് ഉമ്രാവു രംഗത്ത് വരികയും ചെയ്‌തതോടെ പ്രശ്‌നങ്ങൾ കാട്ടുതീ പോലെ പടര്‍ന്നു. മനീഷ് കശ്യപ് പ്രചരിപ്പിച്ച വീഡിയോ മുന്‍നിര്‍ത്തി ബിജെപി ബിഹാർ നിയമസഭയിൽ വലിയ പ്രതിഷേധങ്ങൾ ഉയർത്തിയിരുന്നു.
എന്നാൽ മനീഷ് ബിഹാർ തൊഴിലാളികൾ ചോരയൊലിപ്പിച്ചു നിൽക്കുന്ന വീഡിയോ ചിത്രീകരിച്ചത് പട്‌നയിലെ ജക്കൻപൂരിലുള്ള ബംഗാളി കോളനിയിൽ വച്ചായിരുന്നു. മാർച്ച് ആറിന് ചിത്രീകരിച്ച വീഡിയോ എട്ടാം തീയതി പോസ്‌റ്റ് ചെയ്‌തു. വീഡിയോ വ്യാപക പ്രതിഷേധങ്ങൾ ഉയർത്തിയതോടെ ബിഹാർ സർക്കാർ തമിഴ്‌നാട്ടിലേക്ക് പ്രത്യേക അന്വേഷണ സംഘത്തെ അയക്കുകയും ചെയ്‌തിരുന്നു.
പൊലീസ് നടത്തിയ അന്വേഷണത്തിൽ വീഡിയോ വ്യാജമാണെന്ന് മനസിലാകുകയും കശ്യപിന്‍റെ സ്വത്ത് കണ്ടുകെട്ടാൻ ഉത്തരവിടുകയും ചെയ്‌തു. ഒടുക്കം മനീഷ് വെസ്‌റ്റ് ചമ്പാരൻ ജില്ലയിലെ പൊലീസ് സ്‌റ്റേഷനിൽ സ്വമേധയാ കീഴടങ്ങുകയുമായിരുന്നു.
Also Read: വിവാഹേതര ബന്ധം ആരോപിച്ച് ക്രൂരത ; സഹോദരഭാര്യയേയും കുട്ടികളേയും കൊലപ്പെടുത്തി 30കാരന്‍