ബിഹാര്‍: കൊവിഡ് കാലത്ത് അരങ്ങുകള്‍ ഇല്ലാത്തതിനാല്‍ നാടക കലാകാരനായ ഹര്‍ഷ് രാജ്‌പൂത്ത് ഒരു യൂട്യൂബ് ചാനല്‍ തുടങ്ങി. അമ്പത് ലക്ഷത്തോളം രൂപയുടെ ഓഡി എ4 കാര്‍ വാങ്ങാനുള്ള വരുമാനം ലഭിക്കുന്ന തരത്തില്‍ ആ യൂട്യൂബ് ചാനല്‍ വളര്‍ന്നു. സ്വന്തം വീട്ടിലെ പശു തൊഴുത്തിനടുത്ത് നിര്‍ത്തിയിട്ടിരിക്കുന്ന ആഢംബര കാറിന്‍റെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ ഇട്ടപ്പോള്‍ അതും വൈറല്‍ ആയി.
ആ കഥ ഇങ്ങനെയാണ്: ഹര്‍ഷ് രാജ്‌പൂത്തിന്‍റെ വിജയത്തെ പലരും സാമൂഹിക മാധ്യമങ്ങളില്‍ അഭിനന്ദിക്കുകയാണ്. ധക്കട് ന്യൂസ് എന്നാണ് യൂട്യൂബ് ചാനലിന്‍റെ പേര്. ഒരു ന്യൂസ് റിപ്പോര്‍ട്ടറുടെ റോളില്‍ സമകാലിക സംഭവങ്ങളെ ഹാസ്യത്തിലൂടെ വിമര്‍ശന വിധേയമാക്കുകയാണ് ഹര്‍ഷ് രാജ്‌പൂത്ത് ചെയ്യുന്നത്.
കൊവിഡ് സമയത്ത് മാസ്‌ക് ധരിക്കാത്തവരെ വിമര്‍ശിച്ചുകൊണ്ടും, ബിഹാറിലെ മദ്യ ലോബിയെ തുറന്ന് കാട്ടിയുമൊക്കെയുള്ള ഹര്‍ഷ് രാജ്‌പൂത്തിന്‍റെ അവതരണങ്ങള്‍ വളരെയധികം ആളുകള്‍ കണ്ടുകഴിഞ്ഞു. 'ധക്കട് ന്യൂസിന്' 33.8 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സാണ് ഇപ്പോഴുള്ളത്. ഇന്‍സ്‌റ്റഗ്രാമില്‍ ഹര്‍ഷിന് 1.45 ലക്ഷം ഫോളോവേഴ്‌സും ഉണ്ട്.
ഹര്‍ഷ് രാജ്‌പൂത്തിന്‍റെ ഷോര്‍ട്ട് വീഡിയോസിനും വളരെയധികം കാഴ്‌ചക്കാരാണ് ഉള്ളത്. രണ്ട് കോടി ആളുകള്‍ വരെ കണ്ട വീഡിയോകള്‍ ഹര്‍ഷ് രാജ്‌പൂത്ത് ചെയ്‌തിട്ടുണ്ട്. ബിഹാറിലെ ഔറംഗബാദ് ജില്ലയിലെ ജസോയ ഗ്രാമത്തിലാണ് ഹര്‍ഷ് രാജ്‌പൂത്തിന്‍റെ വീട്. യൂട്യൂബ് ചാനലില്‍ നിന്ന് ഒരുമാസം എട്ട് ലക്ഷം രൂപ വരെ വരുമാനം ലഭിച്ചിട്ടുണ്ടെന്ന് ഹര്‍ഷ് രാജ്‌പൂത്ത് പറയുന്നു.
ബ്രാന്‍ഡ് പ്രമോഷനിലൂടെയുള്ള വരുമാനം വേറേയും ലഭിക്കുന്നുണ്ട്. 2022 ജൂണ്‍ മുതല്‍ 2022 ഒക്‌ടോബര്‍ വരെ ഒരുമാസം ശരാശരി 4 ലക്ഷം രൂപ യൂട്യൂബില്‍ നിന്ന് വരുമാനം ലഭിച്ചിട്ടുണ്ടെന്ന് ഹര്‍ഷ് പറഞ്ഞു. ഡല്‍ഹിയിലായിരുന്നു നാടക അഭിനയം നടത്തിയിരുന്നത്. കൊവിഡ് വന്നപ്പോള്‍ തിരിച്ച് ബിഹാറിലെ തന്‍റെ ഗ്രാമത്തില്‍ വരികയായിരുന്നു. ബിഹാര്‍ പൊലീസിലെ ഹോം ഗാര്‍ഡായിരുന്നു ഹര്‍ഷിന്‍റെ പിതാവ്.