പട്‌ന (ബിഹാര്‍) : ബിഹാറില്‍ (Bihar) വിഷവാതക ചോര്‍ച്ചയില്‍ ഒരു മരണം. വൈശാലി (Vaishali) ജില്ലയിലെ ഹാജിപൂരില്‍ പ്രവര്‍ത്തിക്കുന്ന ഡയറി ഫാക്‌ടറിയില്‍ (Diary Factory) നിന്ന് ഇന്നലെ (ജൂണ്‍ 24) രാത്രിയിലാണ് അമോണിയം (Ammonia) ചോര്‍ന്നത്. സംഭവത്തില്‍ നൂറിലധികം പേര്‍ ചികിത്സയിലാണെന്നാണ് വിവരം. ഫാക്‌ടറിയുടെ നാല് കിലോമീറ്റര്‍ ചുറ്റളവില്‍ അമോണിയം വിഷ വാതകം വ്യാപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. വിഷവാതകം ശ്വസിച്ച് മരണപ്പെട്ട വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല.
ഹാജിപൂരില്‍ പ്രവര്‍ത്തിക്കുന്ന രാജ് ഫ്രഷ് ഡയറിയില്‍ (Raj Fresh Diary) ഉണ്ടായ അമോണിയം ചോര്‍ച്ചയെ തുടര്‍ന്നാണ് അപകടം ഉണ്ടായത്. സിലിണ്ടറില്‍ ചോര്‍ച്ച ഉണ്ടായത് എങ്ങനെ എന്ന് കണ്ടെത്തിയിട്ടില്ല. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സംഭവത്തില്‍ മരിച്ച വ്യക്തി ഇവിടെ ജോലി ചെയ്‌തിരുന്നയാളെന്നാണ് പുറത്തുവരുന്ന വിവരം. പ്രാദേശിക ഭരണകൂടത്തിന്‍റെയും പൊലീസിന്‍റെയും നേതൃത്വത്തില്‍ ആണ് ഇവിടെ രക്ഷാപ്രവര്‍ത്തനം നടന്നത്. വിഷവാതക ചോര്‍ച്ച സംഭവിച്ചതിന് പിന്നാലെ 15-20 മിനിട്ടുകള്‍ക്കകം തന്നെ സ്ഥലത്തെ സ്ഥിതി നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞുവെന്നാണ് പ്രദേശിക ഭരണകൂടം നല്‍കുന്ന വിവരം.
വിഷവാതക ചോര്‍ച്ചയുടെ ആഘാതം കുറയ്‌ക്കുന്നതിനായി അഗ്നിശമന സേനയുടെ മൂന്ന് യൂണിറ്റുകള്‍ രാത്രി മുഴുവന്‍ സ്ഥലത്ത് വെള്ളം തളിച്ചു. സംഭവത്തെക്കുറിച്ചുള്ള വിവരം ലഭിച്ചയുടൻ വൈശാലി ഡിഎം ജസ്‌പാൽ മീണ, വൈശാലി എസ്‌പി രവി രഞ്ജൻ കുമാർ എന്നിവരും ജില്ലയിലെ എല്ല മുതിർന്ന ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് എത്തിയിരുന്നു.
ഇരകളുടെ വാക്കുകള്‍..: ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടതിനെ തുടര്‍ന്ന് മുപ്പതില്‍ അധികം പേരെ മേഖലയിലെ പ്രധാന ആശുപത്രികളിലൊന്നായ സര്‍ദാര്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. കൂടാതെ മറ്റ് നിരവധി പേര്‍ സ്വകാര്യ നഴ്‌സിങ് ഹോമുകളിലും ചികിത്സ തേടിയിരുന്നതായാണ് വിവരം. രാത്രിയില്‍ ചിലര്‍ ഭക്ഷണം കഴിക്കുന്നതിനിടെയും ചിലര്‍ ഭക്ഷണം പാകം ചെയ്യുന്നതിനടെയുമാണ് വാതകചോര്‍ച്ച മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
'ആ സമയത്ത് ഞങ്ങള്‍ക്ക് ശ്വസമെടുക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. കയ്യും കാലുകളും നന്നായി വിറയ്‌ക്കുന്നുണ്ടായിരുന്നു. ഞങ്ങള്‍ വരാന്തയില്‍ ഇരുന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആദ്യം മണം ഒന്നും അനുഭവപ്പെട്ടില്ല. മണം കൂടിവന്നപ്പോഴാണ് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടാന്‍ തുടങ്ങിയത്. ഇതിന് പിന്നാലെയാണ് ഞങ്ങള്‍ ആശുപത്രിയിലേക്ക് മാറിയത്' -വിഷവാതകം ശ്വസിച്ച് ചികിത്സ തേടിയ സാക്ഷി കുമാരി എന്ന പെണ്‍കുട്ടി പറഞ്ഞു.
'ഫാക്‌ടറിയുടെ സമീപത്തായിരുന്നു ഞങ്ങള്‍. ഗ്യാസ് പൊട്ടിയ സമയത്ത് അവിടെ നിന്നും വെളുത്ത പുക പുറത്തേക്ക് വരുന്നത് കണ്ടിരുന്നു. അവിടെ പാചകം ചെയ്‌തുകൊണ്ട് നിന്ന ഞങ്ങളുടെ ആരോഗ്യനില വഷളാകാന്‍ തുടങ്ങിയതോടെ അവിടെ നിന്നും ഓടിരക്ഷപ്പെടേണ്ട അവസ്ഥയുണ്ടായി. കഠിനമായ രീതിയില്‍ ശ്വാസം മുട്ടും അനുഭവപ്പെട്ടിരുന്നു' -രഞ്ജിത് ഷാ എന്ന വ്യക്തി പറഞ്ഞു.
സര്‍ദാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആളുകളില്‍ ഭൂരിഭാഗം പേരും സുഖം പ്രാപിച്ചുവരികയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.