പട്‌ന: ട്രാൻസ്‌ജെൻഡർ യുവതിയെ വിവാഹം കഴിച്ചതിന്‍റെ പേരില്‍ മാതാപിതാക്കളും ജ്യേഷ്‌ഠനും മർദിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള പരാതിയുമായി യുവാവ്. ബിഹാറിലെ പട്‌നയ്‌ക്കടുത്തുള്ള ദനാപൂർ സ്വദേശിയായ രവി കുമാര്‍ സിങ്ങാണ് പരാതിക്കാരന്‍. മര്‍ദനവുമായി ബന്ധപ്പെട്ട് യുവാവ് മാതാപിതാക്കൾക്കും മൂത്ത സഹോദരനുമെതിരെ പൊലീസ് സ്റ്റേഷനിൽ രേഖാമൂലം പരാതി നൽകുകയായിരുന്നു.
രണ്ട് വർഷം മുന്‍പ് ഇൻസ്റ്റഗ്രാമിലൂടെ പ്രണയത്തിലായ ട്രാൻസ്‌ജെൻഡർ യുവതിയെ വിവാഹം കഴിച്ചതോടെയാണ്, കുടുംബാംഗങ്ങള്‍ തന്നെ മർദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തതെന്ന് യുവാവ് പരാതിയിൽ പറയുന്നു. ദർഭംഗ സ്വദേശിനിയായ ട്രാൻസ്‌ജെൻഡർ യുവതി അധിക ചൗധരി സിങിനെയാണ് ഇയാള്‍ വിവാഹം കഴിച്ചത്. യുവാവിന്‍റെ ബന്ധത്തെക്കുറിച്ച് മാതാപിതാക്കൾ അറിഞ്ഞപ്പോൾ എതിർപ്പ് അറിയിച്ചിരുന്നു. എന്നാല്‍, രവി കുമാര്‍ ഇത് വകവയ്‌ക്കാതെ പ്രണയം തുടരുകയായിരുന്നു.
'വിവാഹ ശേഷം, എന്‍റെ പങ്കാളിയുമായി സ്വന്തം വീട്ടില്‍ താമസിക്കാന്‍ വിചാരിച്ചിരുന്നു. പക്ഷേ, എന്‍റെ മാതാപിതാക്കൾ അതിന് സമ്മതിച്ചില്ല. ഒരു തവണ എങ്കിലും എന്‍റെ പങ്കാളിയുമായി സംസാരിക്കണമെന്ന് ഞാന്‍ മാതാപിതാക്കളോട് പറഞ്ഞിരുന്നു. പക്ഷേ, അവർ അത് കേട്ട ഭാവം നടിച്ചില്ല. മാതാപിതാക്കൾ എന്നെ നന്നായി തല്ലുകയും സഹോദരൻ എന്നെ ഭീഷണിപ്പെടുത്തുകയുമുണ്ടായി.' - രവികുമാർ മാധ്യമങ്ങളോട് പറഞ്ഞു.
'ബൈക്കിലെത്തിയ അക്രമികൾ കൊല്ലാൻ ശ്രമിച്ചു': ഇക്കഴിഞ്ഞ ജൂൺ 25ന് ഒരു പ്രാദേശിക ക്ഷേത്രത്തിൽ വച്ചാണ് താൻ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയെ വിവാഹം കഴിച്ചതെന്ന് രവി കുമാര്‍ പറഞ്ഞു. വിവാഹത്തിന് ശേഷം വീട്ടിലേക്ക് പോയ സമയത്താണ് തന്‍റെ അച്ഛൻ സത്യേന്ദ്ര സിങും അമ്മയും ജ്യേഷ്‌ഠന്‍ ധനഞ്ജയ് സിങും മർദിച്ചതും വീട്ടിൽ നിന്നും പുറത്താക്കുകയും ചെയ്‌തത്. ജൂലൈ 13ന് ജെഎൻ ലാൽ കോളജിനും ഖഗൗളിലെ മോത്തി ചൗക്കിനും ഇടയിൽവച്ച് ബൈക്കിലെത്തിയ അജ്ഞാത സംഘം തന്നെ കൊല്ലാൻ ശ്രമിച്ചു. ഒരു വിധത്തിലാണ് താന്‍ ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടതെന്നും യുവാവ് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, തന്‍റെ പങ്കാളിയുടെ കുടുംബം 60 ലക്ഷം രൂപ സ്‌ത്രീധനം ആവശ്യപ്പെടുന്നതായി ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി പറഞ്ഞു. ആരോപണങ്ങളെക്കുറിച്ച് അന്വേഷണം നടത്തി വരികയാണെന്നും സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും ദനാപൂർ പൊലീസ് സ്റ്റേഷൻ ഇൻചാർജ് സാമ്രാട്ട് ദീപക് പറഞ്ഞു.
ട്രാന്‍സ്‌ജെന്‍ഡറെ ലിംഗമാറ്റത്തിന് വിധേയമാക്കി, പണവുമായി മുങ്ങി യുവാവ്: വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് ട്രാന്‍സ്‌ജെന്‍ഡറെ ലിംഗമാറ്റ ശസ്‌ത്രക്രിയയ്‌ക്ക് വിധേയമാക്കിയ ശേഷം യുവാവ് പണവും സ്വര്‍ണവുമായി കടന്നുകളഞ്ഞ റിപ്പോര്‍ട്ട് ഇക്കഴിഞ്ഞ ഏപ്രിലിലാണ് പുറത്തുവന്നത്. ഹരിയാനയിലെ പാനിപ്പത്തിലാണ് കേസിനാസ്‌പദമായ സംഭവം. ഉത്തര്‍പ്രദേശ് സ്വദേശിയായ അഖിലേഷ് എന്നയാളാണ് ട്രാന്‍സ്‌ജെന്‍ഡറുമായി പ്രണയം നടിച്ച് വിവാഹ വാഗ്‌ദാനം നല്‍കി കബളിപ്പിച്ചത്.
പാനിപത്ത് നിവാസിയായ ട്രാന്‍സ്‌ജെന്‍ഡറുമായി അഖിലേഷ് പ്രണയത്തിലാവുന്നത് ഏഴുവര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. തുടര്‍ന്ന്, വിവാഹം കഴിക്കാമെന്നറിയിച്ചതോടെ ഇവര്‍ ലിംഗമാറ്റ ശസ്‌ത്രക്രിയയ്‌ക്ക് വിധേയയായി. ഇരുവരും തമ്മിലുള്ള ബന്ധം ഇഷ്‌ടപ്പെട്ട ട്രാന്‍സ്‌ജെന്‍ഡറുടെ ബന്ധുക്കള്‍ വിവാഹസമ്മാനമായി പണവും ആഭരണങ്ങളും സമ്മാനിച്ചിരുന്നു. എന്നാല്‍, വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കിപ്പുറം പണവും സ്വര്‍ണവുമായി അഖിലേഷ് കടന്നുകളയുകയായിരുന്നു.