ലഖ്‌നൗ : വിമാനത്തിലെ ശുചിമുറിയില്‍ പുകവലിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ബിഹാറിലെ ഗോപാല്‍ഗഞ്ച് സ്വദേശി കുഷ്‌ണ കുമാര്‍ മിശ്രയാണ് അറസ്റ്റിലായത്. വ്യാഴാഴ്‌ചയാണ് സംഭവം.
മുംബൈയില്‍ ഇന്‍ഡിഗോ വിമാനത്തില്‍ ഗൊരഖ്‌പൂരിലേക്ക് പോകവേയാണ് ഇയാള്‍ ശുചിമുറിയില്‍ കയറി പുകവലിച്ചത്. ശുചിമുറിയില്‍ പുക നിറഞ്ഞതോടെ തീപിടിത്തം ഉണ്ടായതായി സൂചിപ്പിച്ച് വിമാനത്തിലെ ഫയര്‍ അലാറം മുഴങ്ങി. ഇതോടെ യാത്രക്കാര്‍ പരിഭ്രാന്തരായി.
സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ സിഗരറ്റ് ഉപേക്ഷിക്കാന്‍ ജീവനക്കാര്‍ കൃഷ്‌ണ കുമാറിനോട് ആവശ്യപ്പെടുകയും ഫയര്‍ അലാറം പ്രവര്‍ത്തന രഹിതമാക്കുകയും ചെയ്‌തു. എയര്‍ലൈനിന്‍റെ പരാതിയെ തുടര്‍ന്ന് ഗൊരഖ്‌പൂരിലെത്തിയശേഷം ഇയാള്‍ക്കെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
മുംബൈയില്‍ നിന്ന് ഗൊരഖ്‌പൂരിലേക്ക് ദിവസവും സര്‍വീസ് നടത്തുന്ന വിമാനമാണിത്. വൈകുന്നേരം ആറ് മണിക്കാണ് വിമാനം ഗൊരഖ്‌പൂരില്‍ ലാന്‍ഡ് ചെയ്യുക.
യാത്രയ്‌ക്ക് മുമ്പ് തന്നെ പരിശോധിച്ചിട്ടില്ലെന്ന് കൃഷ്‌ണ കുമാര്‍ മിശ്ര : വിമാനത്തില്‍ കയറാനെത്തിയപ്പോള്‍ തന്നെ പരിശോധിച്ചിട്ടില്ലെന്ന് ഇയാള്‍ പൊലീസിന്‍റെ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി. പരിശോധന നടത്താത്തത് കൊണ്ട് സിഗരറ്റും ലൈറ്ററും കൈവശം വയ്‌ക്കാന്‍ തനിക്ക് സാധിച്ചു. യാത്രയ്‌ക്കിടെ പുകവലിക്കണമെന്ന് തോന്നിയ ഉടന്‍ ശുചിമുറിയില്‍ കയറി കാര്യം നിര്‍വഹിക്കുകയായിരുന്നുവെന്നും പ്രതി പൊലീസിനോട് പറഞ്ഞു.
ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണെന്ന് പൊലീസ്: കേസില്‍ അറസ്റ്റിലായ പ്രതിയെ ചോദ്യം ചെയ്‌ത് വരികയാണെന്ന് ഗൊരഖ്‌പൂർ സിറ്റി പൊലീസ് സൂപ്രണ്ട് കൃഷ്‌ണ കുമാർ വിഷ്‌ണോയ് പറഞ്ഞു. അന്വേഷണത്തില്‍ മുഴുവന്‍ കാര്യങ്ങളും വ്യക്തമായതിന് ശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കുകയും നടപടിയെടുക്കുകയും ചെയ്യുമെന്നും പൊലീസ് സൂപ്രണ്ട് പറഞ്ഞു.
വിമാനത്തിലെ പുകവലിയും അറസ്റ്റും ഇതാദ്യമല്ല: ഇക്കഴിഞ്ഞ മാര്‍ച്ച് 9ന് ബെംഗളൂരുവിലും സമാന സംഭവം ഉണ്ടായിട്ടുണ്ട്. വിമാനത്തിന്‍റെ ശുചിമുറിയില്‍ കയറി പുകവലിച്ചതിന് 24കാരിയെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് ഗൊരഖ്‌പൂരില്‍ നിന്നുള്ള ഈ വാര്‍ത്ത പുറത്തുവന്നത്.
പശ്ചിമ ബംഗാള്‍ സ്വദേശി പ്രിയങ്ക ചക്രവര്‍ത്തിയാണ് അറസ്റ്റിലായത്. അതും ഇന്‍ഡിഗോ വിമാനത്തില്‍ തന്നെയായിരുന്നു. കൊല്‍ക്കത്തയില്‍ നിന്ന് ബെംഗളൂരുവിലേക്ക് പറന്നുയര്‍ന്ന വിമാനത്തിലായിരുന്നു സംഭവം. ബെംഗളൂരുവിലെത്താന്‍ 30 മിനിറ്റ് മാത്രം ബാക്കി നില്‍ക്കെയായിരുന്നു യുവതിയുടെ പുകവലി.
ശുചിമുറിയില്‍ നിന്ന് പുകയുയരുന്നത് ശ്രദ്ധയില്‍പ്പെട്ട ജീവനക്കാര്‍ പരിശോധന നടത്തിയപ്പോഴാണ് യുവതി പുകവലിക്കുകയാണെന്ന് തിരിച്ചറിഞ്ഞത്. ഉടന്‍ തന്നെ ജീവനക്കാര്‍ ബലമായി വാതില്‍ തള്ളി തുറന്നു. അപ്പോഴേക്കും യുവതി സിഗരറ്റ് ഡസ്റ്റ്ബിന്നില്‍ നിക്ഷേപിച്ചിരുന്നു. ബെംഗളൂരുവിലെത്തിയ ശേഷം യുവതിക്കെതിരെ പൊലീസ് കേസെടുത്തു.
പുകവലിക്ക് പുറമെ മൂത്രമൊഴിക്കലും, അതും സഹയാത്രികന് മേല്‍ : ഇക്കഴിഞ്ഞ മാര്‍ച്ച് അഞ്ചിനാണ് വിമാന യാത്രികനായ ഒരാള്‍ സഹയാത്രികന് മേല്‍ മൂത്രമൊഴിച്ചുവെന്ന വാര്‍ത്ത പുറത്ത് വന്നത്. ന്യൂയോര്‍ക്ക് -ഡല്‍ഹി വിമാനത്തിലായിരുന്നു സംഭവം. വിമാന യാത്രയ്ക്കിടെ മദ്യപിച്ച് ലക്കുകെട്ടാണ് ഇയാള്‍ സഹയാത്രികന് മേല്‍ മൂത്രമൊഴിച്ചത്.
യുഎസ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥിയാണ് വിമാനത്തില്‍ പ്രയാസം സൃഷ്‌ടിച്ചത്. മദ്യപിച്ചിരുന്ന താന്‍ ഉറക്കത്തില്‍ അറിയാതെ മൂത്രമൊഴിക്കുകയും സഹയാത്രികനുമേല്‍ മൂത്രം വീഴുകയുമായിരുന്നെന്ന് യുവാവ് പറഞ്ഞു. സംഭവത്തില്‍ വിദ്യാര്‍ഥി സഹയാത്രികനോട് മാപ്പ് പറഞ്ഞതോടെ യാത്രക്കാരന്‍ പരാതി നല്‍കിയില്ല.