സിവാൻ : ബിഹാറിൽ വിഷമദ്യം കുടിച്ച് മരിച്ചവരുടെ എണ്ണം ഏഴ് ആയി. ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ നില അതീവ ഗുരുതരമാണ്. ആറ് പേരുടെ കാഴ്‌ച നഷ്‌ടപ്പെടുകയും ചെയ്‌തു. ബിഹാറിലെ സിവാൻ ജില്ലയിലെ ബാല ഗ്രാമത്തിലാണ് സംഭവം.
നരേഷ് ബീൻ, ജനക് പ്രസാദ്, രമേഷ് റൗട്ട്, സുരേന്ദ്ര മാഞ്ചി, ലക്ഷൻദേവ് റാം, ജിതേന്ദ്ര മാഞ്ചി, രാജു മാഞ്ചി എന്നിവരാണ് മരിച്ചത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 14 പേരുടെ നില അതീവഗുരുതരമാണ്. മൂന്ന് പേരെ ഗൊരഖ്‌പുരിലേക്കും 11 പേരെ പട്‌ന മെഡിക്കൽ കോളജിലേക്കും വിദഗ്‌ധ ചികിത്സയ്ക്കായി മാറ്റി.
സംഭത്തിൽ 16 പേരെ അറസ്‌റ്റ് ചെയ്‌തുവെന്ന് ജില്ല മജിസ്ട്രേറ്റ് അറിയിച്ചു. പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകുവെന്ന് അധികൃതർ വ്യക്തമാക്കി. അടുത്തിടെയായി ബിഹാറിൽ നിരവധി വിഷമദ്യ ദുരന്തങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്.
2022 ഡിസംബറിൽ ബിഹാറിലെ ഛപ്ര ജില്ലയിൽ അനധികൃത മദ്യം കഴിച്ച് 70 പേർ മരിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ഒരു മദ്യക്കടത്തുകാരനെ അറസ്‌റ്റ് ചെയ്‌തിരുന്നു. ഇയാളുടെ പക്കൽ നിന്ന് 2.17 ലക്ഷം രൂപ കണ്ടെടുക്കുകയും ചെയ്‌തു.