ജമുയി(ബിഹാര്‍) : ശ്രീരാമനെ ദൈവമായി താന്‍ പരിഗണിക്കുന്നില്ലെന്ന് ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ച നേതാവുമായ ജിതന്‍ റാം മാഞ്ചി. 'ഞാന്‍ ശ്രീരാമനില്‍ വിശ്വസിക്കുന്നില്ല. ശ്രീരാമന്‍ ദൈവമല്ല. ഞാന്‍ വാല്‍മീകിയിലും തുളസീദാസിലുമാണ് വിശ്വസിക്കുന്നത് ', ജിതന്‍ റാം മാഞ്ചി പറഞ്ഞു. ഭരണഘടനാ ശില്‍പ്പി ബി.ആര്‍ അംബേദ്‌കറുടെ 131ാം ജന്‍മ വാര്‍ഷികത്തില്‍ ബിഹാറിലെ ജമുയി ജില്ലയില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്രാഹ്‌മണ പുരോഹിതന്‍മാര്‍ക്കെതിരെയും ജിതന്‍ റാം പരാമര്‍ശം നടത്തി. ഇറച്ചി കഴിക്കുന്നവരും മദ്യപിക്കുന്നവരും കള്ളം പറയുന്നവരുമായ ബ്രാഹ്‌മണന്‍മാരെ കൊണ്ട് പൂജ ചെയ്യിപ്പിക്കുന്നത് പാപമാണെന്നാണ് അദ്ദേഹം പറഞ്ഞത്. ദളിതരും ആദിവാസികളുമാണ് രാജ്യത്തിന്‍റെ യഥാര്‍ഥ അവകാശികള്‍.
ഉന്നത ജാതിയെന്ന് വിളിക്കപ്പെടുന്നവരുടെ പൂര്‍വികര്‍ പുറത്തുനിന്ന് വന്നവരാണ്. ജുഡീഷ്യറിയില്‍ സംവരണം ഏര്‍പ്പെടുത്തണം. പാവപ്പെട്ട രക്ഷിതാക്കളുടെ കുട്ടികള്‍ പഠിക്കുന്ന സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ സ്ഥിതി പരിതാപകരമാണ്. രാജ്യത്തെ വിവിധ വിദ്യാഭ്യാസ സമ്പ്രദായങ്ങള്‍ ഏകീകരിക്കണം. അംബേദ്‌കറെ കുറിച്ച് നമ്മള്‍ സംസാരിക്കുന്നു. എന്നാല്‍ അംബേദ്‌കറുടെ ആശയങ്ങള്‍ നമ്മള്‍ പ്രാവര്‍ത്തികമാക്കുന്നില്ലെന്നും ജിതന്‍ റാം മാഞ്ചി പറഞ്ഞു.