പട്‌ന : പ്രതിപക്ഷ ഐക്യം ഭരണകക്ഷിയായ ബിജെപിയെ ഭീതിയിലാക്കിയിട്ടുണ്ടെന്നും അതുതന്നെയാണ് തങ്ങള്‍ക്ക് ഊര്‍ജം നല്‍കുന്നതെന്നും വ്യക്തമാക്കി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ഹിന്ദുസ്ഥാനി അവാം മോർച്ച സ്ഥാപകനും മുന്‍ മുഖ്യമന്ത്രിയുമായ ജിതൻ റാം മാഞ്ചി ബിജെപി കൂടാരത്തിലിരുന്ന് പ്രതിപക്ഷ പാർട്ടികള്‍ക്കെതിരെ ചാരവൃത്തി നടത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യത്തിനായി നേതൃത്വം നല്‍കുന്നതില്‍ നിലവില്‍ മുന്‍നിരയിലാണ് നിതീഷ് കുമാര്‍.
'ഐക്യത്തില്‍' പ്രതീക്ഷ വച്ച് : മുന്‍ തെരഞ്ഞെടുപ്പുകള്‍ പരിഗണിച്ചാല്‍ നിലവില്‍ ശക്തമായ സാധ്യത നിലനില്‍ക്കുന്നുണ്ട്. കേന്ദ്രത്തില്‍ അധികാരത്തിലുള്ളവര്‍ക്ക് പ്രതിപക്ഷ പാളയത്തില്‍ എന്തെല്ലാമോ നടക്കുന്നുണ്ടെന്ന് മനസിലായിട്ടുമുണ്ട്. ബിജെപിയെ എതിർക്കുന്ന ഒട്ടുമിക്ക പാർട്ടികളുടെയും നേതാക്കൾ ജൂൺ 23-ന് ഇവിടെ ഒത്തുചേരുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിയമസഭാംഗമായ രത്‌നേഷ് സദയെ മന്ത്രിസഭയിലേക്ക് എത്തിച്ചുകൊണ്ടുള്ള സത്യപ്രതിജ്ഞ ചടങ്ങിന് പിന്നാലെ രാജ്‌ഭവനില്‍ മാധ്യമങ്ങളെ കാണവെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. നിതീഷ് മന്ത്രിസഭയില്‍ പട്ടിക ജാതി പട്ടിക വര്‍ഗ വകുപ്പുകള്‍ വഹിച്ചിരുന്ന മന്ത്രിയും മുന്‍ മുഖ്യമന്ത്രി ജിതൻ റാം മാഞ്ചിയുടെ മകനുമായ സന്തോഷ് സുമന്‍റെ രാജിയെ തുടര്‍ന്നാണ് സത്യപതിജ്ഞ ചടങ്ങ് നടന്നത്.
ആരോപണവും മറുപടിയും : ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ജെഡിയു നേരിട്ട പരാജയത്തിന്‍റെ നാണക്കേട് മറയ്‌ക്കാനായി നിതീഷ് കുമാര്‍, 2014ല്‍ മുഖ്യമന്ത്രിയാവാന്‍ തന്നെ സഹായിച്ചുവെന്ന് ജിതൻ റാം മാഞ്ചി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ തന്നോട് രാജിവയ്‌ക്കാന്‍ ആരും ആവശ്യപ്പെട്ടതല്ലെന്നും മനസാക്ഷി മാത്രം പരിഗണിച്ചാണ് തീരുമാനമെടുത്തതെന്നും നിതീഷ് കുമാര്‍ തിരിച്ചടിച്ചു.
തന്‍റെ അഭാവത്തില്‍ പിന്‍ഗാമിയായി ആര് എത്തണമെന്നതില്‍ പാര്‍ട്ടിയില്‍ അഭിപ്രായ ഐക്യമുണ്ടായിരുന്നില്ല. ഈ സമയത്ത് ഒരു പട്ടികജാതിക്കാരൻ ആ കസേരയിൽ വരട്ടെ എന്ന് താന്‍ കരുതിയെന്നും അങ്ങനെയാണ് മാഞ്ചിയെ തെരഞ്ഞെടുത്തതെന്നും നിതീഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതിപക്ഷ യോഗത്തിന് ആരെല്ലാം : ജൂണ്‍ 23 ന് നടക്കാനിരിക്കുന്ന മെഗാ പ്രതിപക്ഷ യോഗത്തില്‍ നേതാക്കള്‍ തന്നെ എത്തണമെന്നും പ്രതിനിധികളെ അയയ്ക്കരുതെന്നും ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് മുമ്പ് അഭ്യര്‍ഥിച്ചിരുന്നു. അങ്ങനെയെങ്കില്‍ മാത്രമേ തീരുമാനങ്ങളെടുക്കാന്‍ കഴിയുകയുള്ളൂവെന്നും തേജസ്വി വ്യക്തമാക്കിയിരുന്നു. പട്‌നയിൽ നടക്കുന്ന നിർണായക യോഗത്തില്‍ 15 പ്രതിപക്ഷ പാര്‍ട്ടികള്‍ പങ്കെടുക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്നും തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു ഒഴികെയുള്ള നേതാക്കളെല്ലാം എത്തുമെന്നും തേജസ്വി അന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
കെസിആറിന്‍റെ കാര്യത്തില്‍ ഒന്നും പറയാനാവില്ല. എന്നാല്‍ മറ്റ് എല്ലാ നേതാക്കളും വരുന്നുണ്ട്. ഏതാണ്ട് 15 പാര്‍ട്ടികള്‍ യോഗത്തില്‍ പങ്കെടുക്കും. പാര്‍ട്ടി നേതാക്കളായിരിക്കും അല്ലാതെ പ്രതിനിധികളായിരിക്കില്ല പങ്കെടുക്കുകയെന്നും തേജസ്വി അഭിപ്രായപ്പെട്ടു.
രാഹുല്‍ ഗാന്ധി, മമത ബാനര്‍ജി, അഖിലേഷ് യാദവ്, ഹേമന്ദ് സോറന്‍, ഉദ്ധവ് താക്കറെ, ശരദ് പവാര്‍, എം.കെ സ്‌റ്റാലിന്‍, അരവിന്ദ് കെജ്‌രിവാള്‍, ഡി.രാജ, സീതാറാം യെച്ചൂരി, ദീപാങ്കര്‍ ഭട്ടാചാര്യ എന്നീ നേതാക്കള്‍ യോഗത്തില്‍ നിര്‍ബന്ധമായും പങ്കെടുക്കുമെന്നും തേജസ്വി യാദവും ജെഡിയു ദേശീയ അധ്യക്ഷന്‍ രാജീവ് രഞ്‌ജന്‍ സിങ്ങും (ലാലന്‍) മാധ്യമങ്ങളെ അറിയിച്ചിരുന്നു.